കാപ്പിപ്പൊടി വെരിക്കോസ് വെയിനിന് പരിഹാരമെന്ന് പ്രചരണം; ശുദ്ധ അസംബന്ധമെന്ന് ആരോഗ്യ വിദഗ്ധര്‍

കാപ്പിപ്പൊടിയും വെളിച്ചെണ്ണയും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് ഒരാഴ്ചയ്ക്കകം വെരിക്കോസ് വെയിന്‍ മാറ്റിയെടുക്കാമെന്ന് അവകാശപ്പെടുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ വെരിക്കോസ് വെയിനിന് ബാഹ്യമരുന്നുകള്‍ ഫലപ്രദമല്ലെന്നും ശസ്ത്രക്രിയയാണ് ചികിത്സാരീതിയെന്നും ആരോഗ്യവിദഗ്ധര്‍ ന്യൂസ്മീറ്ററിനോട് വ്യക്തമാക്കി.

By HABEEB RAHMAN YP  Published on  6 Sept 2022 9:01 AM IST
കാപ്പിപ്പൊടി വെരിക്കോസ് വെയിനിന് പരിഹാരമെന്ന്  പ്രചരണം; ശുദ്ധ അസംബന്ധമെന്ന് ആരോഗ്യ വിദഗ്ധര്‍

ഒരു സ്പൂണ്‍ കാപ്പിപ്പൊടികൊണ്ട് വെരിക്കോസ് വെയിനിന് ശാശ്വത പരിഹാരമെന്ന് അവകാശവാദവുമായി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. Tovi Media എന്ന ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച ലിങ്ക് ഇതിനകം എഴുന്നൂറോളം പേരാണ് പങ്കുവെച്ചത്.


നമ്പര്‍വണ്‍ മീഡിയ എന്ന വെബ് പോര്‍‌ട്ടലിലെ ഒരു ലേഖനത്തിന്‍റെ ലിങ്കാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ആരോഗ്യസംബന്ധമായ മറ്റ് ലേഖനങ്ങളും ഈ വെബ് പോര്‍ട്ടലില്‍ കാണാനായി.


വെരിക്കോസ് വെയിന്‍ എന്ന അസുഖത്തെക്കുറിച്ച് വിവരിക്കുന്ന ലേഖനത്തിന്‍റ അവസാനഭാഗത്ത് ഇതിനുള്ള ശാശ്വതപരിഹാരമെന്ന അവകാശവാദത്തോടെയാണ് യൂട്യൂബ് വീഡിയോ ചേര്‍ത്തിരിക്കുന്നത്. നാല് ലക്ഷത്തോളം പേര്‍ പിന്തുടരുന്ന വീട്ടുവൈദ്യം എന്ന യൂട്യൂബ് ചാനലിലെ ഈ വീഡിയോ ഇതിനകം 3,600 ലധികം പേര്‍ കണ്ടിട്ടുണ്ട്.


കാപ്പിപ്പൊടിക്ക് പകരം തക്കാളിയും വെരിക്കോസ് വെയിനിന് പരിഹാരമായി ഉപയോഗിക്കാമെന്ന് വീഡിയോയുടെ അവസാനഭാഗത്ത് പറയുന്നുണ്ട്.

Fact Check:

അവതരണ രീതിയിലും മറ്റും ഒട്ടും ആധികാരികത പ്രകടമാക്കാത്ത വീഡിയോയിലെ അവകാശവാദം വ്യാജമാണെന്ന അനുമാനത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ലേഖനങ്ങള്‍ പരിശോധിച്ചു. എന്നാല്‍ വെരിക്കോസ് വെയിനും കാപ്പിപ്പൊടിയും ഒരുമിച്ച് പ്രതിപാദിക്കുന്ന, ശാസ്ത്രീയ വിശ്വാസ്യതയുള്ള ഒരു ലേഖനംപോലും കണ്ടെത്താനായില്ല. മാത്രവുമല്ല, ആധികാരികാരികമായി ആരോഗ്യവിദഗ്ധരുടേതെന്ന് സ്ഥിരീകരിക്കാത്ത ഒരു വെബ്സൈറ്റില്‍ വെരിക്കോസ് വെയിന്‍ ബാധിതര്‍ ഒഴിവാക്കേണ്ടതെന്ന തരത്തില്‍ നല്‍കിയ ആഹാരപദാര്‍ഥങ്ങളുടെ പട്ടികയില്‍ കാപ്പിപ്പൊടി ഉള്‍പ്പെടുത്തിയതായും കണ്ടു.


വെരിക്കോസ് വെയിനിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട ഏതാനും ഗവേഷണ പ്രബന്ധങ്ങളിലും ശസ്ത്രക്രിയാധിഷ്ഠിതമായ ചികിത്സകളെക്കുറിച്ച് മാത്രമാണ് പ്രതിപാദിക്കുന്നത്. ഭക്ഷണക്രമീകരണത്തെക്കുറിച്ചോ, ബാഹ്യമരുന്നുകളെക്കുറിച്ചോ സൂചനകള്‍ ലഭിച്ചില്ല.


കാപ്പിപ്പൊടി പ്രസ്തുത അസുഖത്തിന് പരിഹാരമാണെന്ന് എവിടെയും കണ്ടെത്താനായില്ലെങ്കിലും വിദഗ്ധാഭിപ്രായത്തിനും സ്ഥിരീകരണത്തിനുമായി അലോപ്പതി, ആയുര്‍വേദ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെ ന്യൂസ്മീറ്റര്‍ നേരിട്ട് ബന്ധപ്പെട്ടു.

പ്രചരണം ശുദ്ധ അസംബന്ധമാണെന്നും ശരീരത്തില്‍ ബാഹ്യമായി ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് വെരിക്കോസ് വെയിന്‍ മാറ്റാനാവില്ലെന്നും പ്രശസ്ത ആരോഗ്യപ്രവര്‍ത്തകയും ലോകാരോഗ്യ സംഘടനാ ദ്രുത പ്രതികരണ സംഘം മുന്‍ കണ്‍സള്‍‌ട്ടന്‍റുമായ ഡോ. ഷിംന അസീസ് ന്യൂസ്മീറ്ററിനോട് പ്രതികരിച്ചു:

"കാപ്പിപ്പൊടിയും വെളിച്ചെണ്ണയും ചേര്‍ത്ത മിശ്രിതം പുരട്ടുന്നതിലൂടെ രണ്ടാഴ്ചക്കകം വെരിക്കോസ് വെയിന്‍ പൂര്‍‌ണമായും ഭേദമാക്കാമെന്ന പ്രചരണം ശുദ്ധ അസംബന്ധമാണ്. ശരീരത്തിന് പുറമെ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കോ മിശ്രിതങ്ങള്‍ക്കോ വെരിക്കോസ് വെയിന്‍ ഭേദമാക്കാനാവില്ല. ശാസ്ത്രീയ അടിത്തറയുള്ള ചികിത്സാരീതി മിക്കതും ശസ്ത്രക്രിയ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്."

ആയുര്‍വേദ ചികിത്സാരീതികളില്‍ പലപ്പോഴും പ്രകൃതി വിഭവങ്ങള്‍ പല അസുഖങ്ങള്‍ക്കും ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. വസ്തുതാ പരിശോധനയുടെ അവസാനഘട്ടത്തില്‍ ഈ സാധ്യതയില്‍കൂടി വ്യക്തത വരുത്താനായി കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കോഴിക്കോട് ശാഖയിലെ ഡോ. പി. വി. രവീന്ദ്രനെ ന്യൂസ്മീറ്റര്‍ ബന്ധപ്പെട്ടു. അദ്ദേഹവും പ്രസ്തുത അവകാശവാദം പൂര്‍ണമായും നിഷേധിച്ചു:

"കാപ്പിപ്പൊടിയുപയോഗിച്ച് വെരിക്കോസ് വെയിന്‍ മാറ്റാമെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമായ പ്രചരണമാണ്. വെരിക്കോസ് വെയിനിന് ഭക്ഷണക്രമവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്നില്ല. ഇന്ന് ലഭ്യമായ ശസ്ത്രക്രിയയും ലേസര്‍ ചികിത്സയും ഉള്‍പ്പെടെ ചികിത്സാരീതികളാണ് പ്രസ്തുത അസുഖത്തിന് ഫലപ്രദം. കൊഴുപ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുന്നത് വേണമെങ്കില്‍ ഒരു മുന്‍കരുതലായി പറയാമെന്നല്ലാതെ കാപ്പിപ്പൊടിയോ തക്കാളിയോ ഉപയോഗിച്ച് വെരിക്കോസ് വെയിന്‍ ഭേദപ്പെടുത്താനാവില്ല. അസുഖബാധിതരോട് കാലുകള്‍ക്ക് അധികസമ്മര്‍ദം കൊടുക്കുന്നത് ഒഴിവാക്കാനും ഭാരം കുറയ്ക്കാനുമൊക്കെയാണ് പൊതുവില്‍ നിര്‍ദേശിക്കാറുള്ളത്."

അലോപ്പതി. ആയുര്‍വേദ രംഗത്തെ ഡോക്ടര്‍മാരുടെ ഔദ്യോഗിക സ്ഥിരീകരണത്തോടെ വീഡിയോയില്‍ പറയുന്ന അവകാശവാദം പൂര്‍ണമായും തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും വ്യക്തമായി.

Conclusion:

ഒരു സ്പൂണ്‍ കാപ്പിപ്പൊടി ഉപയോഗിച്ച് വെരിക്കോസ് വെയിന്‍ രണ്ടാഴ്ചകൊണ്ട് ഭേദമാക്കാമെന്ന പ്രചരണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇതുസംബന്ധിച്ച് നിലവില്‍ ശാസ്ത്രീയ അടിത്തറയുള്ള ലേഖനങ്ങളോ പഠനങ്ങളോ ലഭ്യമായില്ല. അലോപ്പതി, ആയുര്‍വേദ ഡോക്ടര്‍മാര്‍ പ്രസ്തുത അവകാശവാദം പൂര്‍ണമായും തെറ്റാണെന്നും കാപ്പിപ്പൊടി ഉപയോഗിച്ച് വെരിക്കോസ് വെയിന്‍ ഭേദപ്പെടുത്താനാവില്ലെന്നും സ്ഥിരീകരിച്ചു. പ്രചരിക്കുന്ന വാദം തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും വ്യക്തമായി.


Claim Review:Varicose Vein can be cured with a spoon of coffee powder in a week.
Claimed By:Social Media Users
Claim Reviewed By:Newsmeter
Claim Source:Social Media
Claim Fact Check:False
Next Story