പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലാണ് എത്തിനില്‍ക്കെ വോട്ടര്‍പട്ടികയില്‍ വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്ന ആരോപണം ഉയര്‍ന്നുവന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാഭരണകൂടം ഉത്തരവിട്ടതിന് പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി വ്യാജവോട്ട് ചേര്‍ത്തതായി പ്രതിപക്ഷനേതാവ് തന്നെ സമ്മതിച്ചുവെന്ന അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വി ഡി സതീശന്റെ പത്രസമ്മേളനത്തിന്റെയും ചില മാധ്യമവാര്‍ത്തകളുടെയും വീഡിയോകളാണ് പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രതിപക്ഷനേതാവിന്റെ വാര്‍ത്താസമ്മേളനത്തിലെ ചിലഭാഗങ്ങള്‍ മാത്രം എഡിറ്റ് ചെയ്താണ് പ്രചാരണമെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോ വിശദമായി പരിശോധിച്ചതോടെ ചില കാര്യങ്ങള്‍ വ്യക്തമായി. പാലക്കാട് നിയോജക മണ്ഡലത്തില്‍ അനധികൃതമായി വോട്ടു ചേര്‍ത്തുവെന്ന റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്തയ്ക്കൊപ്പം പ്രതിപക്ഷനേതാവിന്റെ ഒരു വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോയാണ് ആദ്യഭാഗത്ത്. പിന്നീട് വിവിധ വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്ത വ്യാജ ഐഡി കാര്‍ഡുമായി ബന്ധപ്പെട്ട വാര്‍ത്തകളും കാണാം. ഇത രണ്ടും രണ്ട് സംഭവങ്ങളാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായി.
പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടികയില്‍ യുഡിഎഫ് വ്യാജവോട്ട് ചേര്‍ത്തതായി പ്രതിപക്ഷനേതാവ് സമ്മതിക്കുന്നുവെന്ന അവകാശവാദമാണ് തുടര്‍ന്ന് പരിശോധിച്ചത്. ഇതിനായി വി ഡി സതീശന്റെ പത്രസമ്മേളനത്തിന്റെ പൂര്‍ണരൂപം ശേഖരിച്ചു. 2024 നവംബര്‍ 15ന് പാലക്കാട്ട് നടത്തിയ പത്രസമ്മേളനം തത്സമയം അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു.
വയനാട് മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ യുഡിഎഫ് നിലപാട് വ്യക്തമാക്കാനാണ് പത്രസമ്മേളനം വിളിച്ചത്. ഇക്കാര്യമാണ് ആദ്യഭാഗത്ത് അദ്ദേഹം സംസാരിക്കുന്നത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ വ്യാജവോട്ടുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. സരിന്റെ വോട്ടുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിക്കുന്നുണ്ട്. തുടര്‍ന്ന് എല്‍ഡിഎഫും ബിജെപിയും വോട്ടര്‍പട്ടികയില്‍ വ്യാജവോട്ടുകള്‍ ചേര്‍ത്തതായും പ്രതിപക്ഷനേതാവ് ആരോപിക്കുന്നു. പിന്നീട് അദ്ദേഹം പറയുന്നത് യുഡിഎഫിന്റെ ചിട്ടയായ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്. ബൂത്ത് തലത്തില്‍ അയ്യായിരത്തിലധികം പുതിയ വോട്ടുകള്‍ ചേര്‍ത്തതായി അദ്ദേഹം വ്യക്തമാക്കുന്നു:
“ഞങ്ങളാരും വ്യാജവോട്ടുകള്‍ ചേര്‍ത്തിട്ടില്ല. ഞങ്ങളാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ഇവിടെ ചേര്‍ത്തത്. ഞങ്ങള്‍ ഓരോ ബൂത്തിലെയും (വോട്ടര്‍പട്ടികയില്‍) ഇല്ലാത്ത വോട്ടര്‍മാരുടെ എണ്ണമെടുത്ത് ഞങ്ങള്‍ ചെയ്തിട്ടുണ്ട്. നന്നായി വോട്ട് ചേര്‍ത്തിട്ടുണ്ട്. അയ്യായിരത്തി അഞ്ഞൂറിലധികം വോട്ട് ഞങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. എല്‍ഡിഎഫും ബിജെപിയും കൂടി ചേര്‍ത്തതിന്റെ ഇരട്ടിയിലധികം വോട്ട് ഞങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഞങ്ങള്‍ ഞങ്ങളുടെ ബൂത്ത് കമ്മിറ്റികളാണ്.. അതാത് ബൂത്തുകളിലെ ലിസ്റ്റ് ഞങ്ങള്‍ എടുപ്പിച്ച് അവര്‍ക്ക് പ്രത്യേകമായ പരിശീലനം കൊടുത്താണ് ഞങ്ങള്‍ ചെയ്തേക്കുന്നത്. ”
ഇതോടെ പ്രചരിക്കുന്ന വീഡിയോയിലെ വി ഡി സതീശന്റെ പത്രസമ്മേളനത്തിലെ ഭാഗങ്ങള്‍ അപൂര്‍ണമാണെന്ന് വ്യക്തമായി തുടര്‍ന്ന് വീഡിയോയില്‍ കാണുന്ന വ്യാജ ഐഡിയുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ പഴയതാണെന്നും കണ്ടെത്തി.
യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ച സംഭവവുമായി ബന്ധപ്പെട്ടതാണ് വാര്‍ത്തകള്‍. ഈ സംഭവം 2023 നവംബറിലായിരുന്നുവെന്ന് മാധ്യമവാര്‍ത്തകള്‍ വ്യക്തമാക്കുന്നു.
ഒരുവര്‍ഷം മുന്‍പ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവമാണ് ഇപ്പോള്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയില്‍ പ്രതിപാദിക്കുന്നതെന്ന് ഇതോടെ വ്യക്തമായി.
Conclusion:
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ യുഡിഎഫ് വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്ന് പ്രതിപക്ഷനേതാവ് സമ്മതിച്ചുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത് യുഡിഎഫിന്റെ ചിട്ടയോടുകൂടിയ ബൂത്ത് തല പ്രവര്‍ത്തനത്തെക്കുറിച്ചും അയ്യായിരത്തിലധികം വോട്ടുകള്‍ ചേര്‍ത്തതിനെക്കുറിച്ചുമാണ്. എല്‍ഡിഎഫും ബിജെപിയും വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. പത്രസമ്മേളനത്തിന്റെ അപൂര്‍ണമായ വീഡിയോയ്ക്കൊപ്പം ഒരു വര്‍ഷം മുന്‍പത്തെ യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ച കേസിന്റെ വാര്‍ത്തകള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്താണ് പ്രചാരണം.