RSS സംഘടിപ്പിച്ച ഗണേശോത്സവത്തില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ADGP എം ആര്‍ അജിത് കുമാര്‍ RSS നേതാവുമായി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷനേതാവിനെതിരെ പ്രചാരണം. എറണാംകുളത്ത് RSS നടത്തിയ ഗണേശോത്സവത്തിന്റേതെന്ന വിവരണത്തോടെ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ വി ഡി സതീശന്‍ പ്രസംഗിക്കുന്നതും കാണാം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രതിപക്ഷനേതാവ് പങ്കെടുത്തത് RSS സംഘടിപ്പിച്ച പരിപാടിയിലല്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
ചിത്രത്തില്‍ വേദിയിലെ ബാനറില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍നിന്ന് ഇത് 2024 സെപ്തംബര്‍ 6, 7, 8 തിയതികളില്‍ എറണാകുളത്ത് നടന്ന പരിപാടിയാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. മാതൃഭൂമി ഓണ്‍ലൈനില്‍ സെപ്തംബര്‍ 7ന് നല്കിയ വാര്‍ത്തയില്‍ ഗണേശോത്സവം സംഘടിപ്പിക്കുന്നത് എറണാകുളം ഗണേശോത്സവ ട്രസ്റ്റിന്റെയും എറണാകുളം ശിവക്ഷേത്ര ക്ഷേമസമിതിയുടെയും നേതൃത്വത്തിലാണെന്ന് വ്യക്തമാക്കുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കേരള കൗമുദി ഓണ്‍ലൈനിലും ചിത്രസഹിതം ഈ വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. ഇതോടെ ഗണേശോത്സവം സംഘടിപ്പിച്ചത് എറണാകുളം ഗണേശോത്സവ ട്രസ്റ്റിന്റെയും എറണാകുളം ശിവക്ഷേത്ര ക്ഷേമ സമിതിയുടെയും നേതൃത്വത്തിലാണെന്ന് വ്യക്തമായി.
തുടര്‍ന്ന് എറണാകുളം ഗണേശോത്സവ ട്രസ്റ്റിന്റെ ഭാരവാഹികളുമായി ഫോണില്‍ ബന്ധപ്പെട്ടു. ഗണേശോത്സവ ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ പി രാജേന്ദ്രപ്രസാദിന്റെ പ്രതികരണം:
“ഇപ്പോള്‍ നടക്കുന്ന പ്രചാരണം തീര്‍ത്തും അടി്സ്ഥാനരഹിതവും വ്യാജവുമാണ്. പ്രതിപക്ഷ നേതാവ് പങ്കെടുത്തത് RSS പരിപാടിയിലല്ല. എറണാകുളത്ത് ഗണേശോത്സവം നടത്തുന്നത് RSS അല്ല. ഇതൊരു ജനകീയ പരിപാടിയാണ്. ഇതിന്റെ സ്വാഗതസംഘത്തിലും അതിഥികളിലും എല്ലാവിഭാഗങ്ങളിലുമുള്ള ആളുകളുണ്ട്. കഴിഞ്ഞ 26 വര്‍ഷങ്ങളായി ഇങ്ങനെതന്നെയാണ് ഇത് നടന്നുവരുന്നത്. ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന സാംസ്കാരികോത്സവത്തിലാണ് വി ഡി സതീശന്‍ പങ്കെടുത്തത്. ജനപ്രതിനിധികളെ വര്‍ഷങ്ങളായി ഇതിലേക്ക് ക്ഷണിക്കാറുണ്ട്, അവര്‍ പങ്കെടുക്കാറുമുണ്ട്. ഇതിന് പിന്നില്‍ രാഷ്ട്രീയമില്ല. ആഘോഷകമ്മിറ്റിയുടെ ചെയര്‍മാനായ ഞാനൊരു കോണ്‍ഗ്രസ് അനുഭാവിയാണ്. എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ ഇക്കൂട്ടത്തിലുണ്ട്. ”
പരിപാടിയുടെ വിശദമായ നോട്ടീസും അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചു. വി ഡി സതീശനും ഹൈബി ഈഡനുമടക്കം നിരവധി ജനപ്രതിനിധികള്‍ ഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക പരിപാടിയില്‍ പങ്കെടുത്തതായി കാണാം.
തുടര്‍ന്ന് എറണാകുളം ഗണേശോത്സവ ട്രസ്റ്റിന്റെ പ്രസിഡന്റ് സജി തുരുത്തിക്കുന്നേലുമാായി സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:
“രാഷ്ട്രീയപ്രേരിതമായ പ്രചാരണമാണ് നടക്കുന്നത്. 25 വര്‍ഷത്തിലധികമായി നടക്കുന്നതാണ് ഇവിടെ ഗണേശോത്സവം. ഇതിന്റെ ഭാഗമായി നടത്തുന്ന സാംസ്കാരിക സമ്മേളനത്തില്‍ പല വര്‍ഷങ്ങളില്‍ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കളെ ക്ഷണിക്കുകയും അവര്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഗണേശോത്സവ ട്രസ്റ്റിന്റെ ഈ പരിപാടിയുടെ സംഘാടനത്തില്‍ RSS നോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ യാതൊരു പങ്കുമില്ല. ഇതൊരു ജനകീയ പരിപാടിയാണ്. എല്ലാ രാഷ്ട്രീയപശ്ചാത്തലത്തിലുള്ള ആളുകളും ഇതില്‍ പങ്കെടുക്കാറുമുണ്ട്. പ്രതിപക്ഷനേതാവിനെ ആക്ഷേപിക്കാനായി രാഷ്ട്രീയപരമായി ഇതിനെ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാവാം ഇത്തരമൊരു പ്രചാരണം. ”
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ RSS സംഘടിപ്പിച്ച ഗണേശോത്സവത്തില്‍ പങ്കെടുത്തുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. അദ്ദേഹം പങ്കെടുത്തത് എറണാകുളം ഗണേശോത്സവ ട്രസ്റ്റിന്റെയും എറണാകുളം ശിവക്ഷേത്ര ക്ഷേമ സമിതിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിലാണെന്നും പരിപാടിയ്ക്ക് RSS-ഉമായി യാതൊരു ബന്ധവുമില്ലെന്നും വസ്തുത പരിശോധനയില്‍ സ്ഥിരീകരിച്ചു.