പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ വോട്ടെണ്ണലിനായി കാത്തിരിക്കുകയാണ് കേരളം. അവസാനഘട്ടത്തിലെ മുന്നണി മാറ്റങ്ങള്‍ സൃഷ്ടിച്ച രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കിടയിലും എഴുപത് ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തിയത് മുന്നണികള്‍ക്കെല്ലാം പ്രതീക്ഷ പകരുന്നതാണ്. വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിലാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്റേതെന്ന തരത്തില്‍ ഒരു പ്രതികരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങിയത്. അന്തിമഘട്ടത്തില്‍ വിശകലനം ചെയ്ത ശേഷം പാലക്കാട് മത്സരം സിപിഎമ്മും ബിജെപിയും തമ്മിലാണെന്ന് വി ഡി സതീശന്‍ പറയുന്നതാണ് വീഡിയോയില്‍.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണന്നും പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനത്തില്‍നിന്നുള്ള അപൂര്‍ണമായ ഭാഗമാണ് തെറ്റിദ്ധരപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോ സൂക്ഷമമായി പരിശോധിച്ചു.
പത്ത് സെക്കന്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സംസാരിക്കുന്ന ഭാഗം അപൂര്‍ണമാണെന്ന് വ്യക്തമാണ്. വാര്‍ത്താ സമ്മേളനത്തിന്റെ പശ്ചാത്തലം ദൃശ്യങ്ങളില്‍ വ്യക്തമാണെന്നതിനാല്‍ വി ഡി സതീശന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച വാര്‍ത്താ സമ്മേളനങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ചു. ചാനല്‍ മൈക്രോഫോണുകളുടെ സ്ഥാനമുള്‍പ്പെടെ പരിശോധിച്ച ശേഷം നവംബര്‍ 13 ന് പാലക്കാട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങളിലെ ഭാഗമാണ് പ്രചരിക്കുന്നതെന്ന് കണ്ടെത്തി. ഇതിന്റെ പൂര്‍ണരൂപം തത്സമയം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
25 മിനുറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്താ സമ്മേളനത്തില്‍ 13 മിനുറ്റ് 15 സെക്കന്റ് സമയത്തിലാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഈ ചോദ്യം ഉന്നയിക്കുന്നത്. ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ എല്‍ഡിഎഫുംബിജെപിയും തമ്മിലാണ് മത്സരമെന്ന തരത്തില്‍ പ്രസ്താവന നടത്തിയിരുന്നില്ലേ എന്ന ചോദ്യത്തിന് പ്രതിപക്ഷനേതാവിന്റെ മറുപടി ഇപ്രകാരമാണ്:
“ഞാനന്ന് നോക്കട്ടെയെന്നാണ് പറഞ്ഞിരുന്നത്..തുടക്കത്തില്… അല്ല, ഞാനത് തുടക്കത്തില്‍ നോക്കട്ടെയെന്നാണ് പറഞ്ഞത്.. ഇതൊക്കെ നമ്മള്‍ ചര്‍ച്ചചെയ്ത കാര്യമാണ്. രണ്ടാംസ്ഥാനത്തിനുവേണ്ടി നല്ല മത്സരം നടക്കുന്നുവെന്ന് ഞാന്‍ പറഞ്ഞിരുന്നു.. ഞാന്‍ അന്തിമഘട്ടത്തില്‍ അത് വിശകലനം നടത്തി ഞാന്‍ പറഞ്ഞു, ഇവിടെ പാലക്കാട്ട് മത്സരം നടക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലാണ്. കാരണമെന്തെന്നുവെച്ചാല്‍ രണ്ടാം സ്ഥാനത്തുവരാനുള്ള സിപിഎമ്മിന്റെ ഒരു സാധ്യതയെ, ഈ ബിജെപിയിലേക്ക് സീറ്റ് ചോദിച്ചുപോയ ഒരാള്‍ക്ക് സീറ്റ് കൊടുത്ത് അത് തല്ലിക്കെടുത്തിയത് സിപിഎമ്മാണ്. സിപിഎം നന്നാായി പ്രവര്‍ത്തിച്ച് അവരുടേതായ ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നന്നായി നിര്‍ത്തി മത്സരിച്ചിരുന്നുവെങ്കില്‍ സിപിഎമ്മിന് കേറിവരാമായിരുന്ന ഒരു സാധ്യത… രണ്ടാംസ്ഥാനത്തേക്ക് കേറിവരാമായിരുന്ന ഒരു സാധ്യത സിപിഎം തന്നെ നശിപ്പിച്ചുകളഞ്ഞു.”
ഇതോടെ പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത് രണ്ടാംസ്ഥാനത്തെക്കുറിച്ച് മാത്രമാണെന്നും സിപിഐഎം സരിനെ സ്ഥാനാര്‍ഥിയാക്കിയത് വിമര്‍ശിച്ചുകൊണ്ടാണ് പ്രതികരണമെന്നും വ്യക്തമായി.
Conclusion:
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരം സിപിഎമ്മും ബിജെപിയും തമ്മിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസ്താവന നടത്തിയിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍നനിന്ന് അടര്‍ത്തിമാറ്റിയ ഭാഗമാണ് തെറ്റായ അവകാശവാദത്തോടെ പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.