അപകടത്തില്‍പെട്ട ആംബുലന്‍സില്‍ വെന്റിലേറ്ററിലുണ്ടായിരുന്ന രോഗി നീന്തി രക്ഷപ്പെട്ടെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പത്തനംതിട്ടയില്‍ തോട്ടിലേക്ക് മറിഞ്ഞ ആംബുലന്‍സില്‍നിന്ന് രോഗി അത്ഭുതകരമായി രക്ഷപ്പെട്ടെന്നും അനാവശ്യമായി രോഗികളെ വെന്റിലേറ്ററിലിടുന്ന സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്ക്ക് തെളിവാണിതെന്നും അവകാശപ്പെട്ടാണ് ആംബുലന്‍സിന്റെ ചിത്രസഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. കേള്‍ക്കുമ്പോള്‍ സിനിമാക്കഥപോലെ തോന്നുന്ന സംഭവമെന്ന ആമുഖത്തോടെ നിരവധി പേരാണ് ഈ സന്ദേശം പങ്കിടുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അപകടസമയത്ത് ആംബുലന്‍സില്‍ രോഗി ഇല്ലായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ കാണാം. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഇന്‍സ്റ്റഗ്രാം പേജില്‍ 2026 ജനുവരി 22 ന് ഇതിന്റെ യഥാര്‍ത്ഥ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി.
പത്തനംതിട്ട മെഴുവേലിയില്‍ ആംബുലന്‍സ് കനാലിലേക്ക് മറിഞ്ഞു, ആളപായമില്ല എന്ന വിവരണത്തോടെയാണ് വീഡിയോ നല്‍കിയിരിക്കുന്നത്. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മാതൃഭൂമി ഓണ്‍ലൈന്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ട് ലഭിച്ചു.
പത്തിശ്ശേരി ഹരിജൻ ഉന്നതി നിവാസിയായ വയോധികന് രോഗം മൂർച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നതിനായി വീട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടമെന്ന് മാതൃഭൂമി ന്യൂസില്‍ പറയുന്നു. നായ കുറുകെ ചാടിയതാണ് അപകടകാരണമെന്നും ഡ്രൈവര്‍ക്ക് നിസാര പരിക്കുണ്ടെന്നും റിപ്പോര്‍ട്ടിസലുണ്ട്.
കേരള കൗമുദി പ്രസിദ്ധീകരിച്ച വാര്‍ത്തയിലും അപകടസമയത്ത് ആംബുലന്‍സില്‍ രോഗി ഇല്ലായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
തുടര്‍ന്ന് ആധികാരിക സ്ഥിരീകരണത്തിനായി പത്തനംതിട്ടയിലെ ആകാശവാണി-ദൂരദര്‍ശന്‍ ലേഖിക ശ്രീജി എസ് ശ്രീധറുമായി സംസാരിച്ചു. രോഗിയെ കയറ്റാന്‍ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടമെന്ന് അവര്‍ സ്ഥിരീകരിച്ചു. നായ കുറുകെ ചാടിയതാണ് അപകടകാരണം. ഡ്രൈവര്‍ക്ക് കഴുത്തിന് നിസാര പരിക്കുണ്ടെന്നും കനാലില്‍വീണ വാഹനം വൈകാതെ തന്നെ പുറത്തെടുത്തിരുന്നുവെന്നും ഇത് ചെറിയൊരു അപകടം മാത്രമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
പത്തനംതിട്ടയില്‍ വെന്റിലേറ്റര്‍ രോഗിയുമായി പോയ ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞതിന് പിന്നാലെ രോഗി നീന്തിരക്ഷപ്പെട്ടുവെന്ന തരത്തില്‍ നടക്കുന്ന സമൂഹമാധ്യമപ്രചാരണം അടിസ്ഥാനരഹിതമാണ്. സംഭവസമയത്ത് ആംബുലന്‍സില്‍ രോഗി ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.