Fact Check: മണിക് സര്‍ക്കാരിന്റെ ‘മക്കള്‍’ BJP യില്‍ ചേര്‍ന്നോ? പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യമറിയാം
ത്രിപുര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ മണിക് സര്‍ക്കാറിന്റെ മകനും മകളും BJP യില്‍ ചേര്‍ന്നുവെന്നാണ് ഒരു ചിത്രസഹിതം സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
By - HABEEB RAHMAN YP | Published on 11 March 2024 1:10 PM GMTതന്റെ ലളിത ജീവിതത്തിന് പേരുകേട്ട വ്യക്തിയാണ് മണിക് സര്‍ക്കാര്‍. ത്രിപുര മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന് സിപിഐഎം നേതാവുമായ അദ്ദേഹത്തിന്റെ മക്കള്‍ BJPയില്‍ ചേര്‍ന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഒരു ചിത്രമടക്കം തയ്യാറാക്കിയ കാര്‍ഡില്‍ ‘ചുവപ്പ് നരച്ചാൽ കാവി, ത്രിപുര സിപിഎം മുൻ മുഖ്യമന്ത്രി മണിക്ക് സർക്കാരിന്റെ മകളും മകനും ബിജെപി യിൽ ചേർന്നു’ എന്നെഴുതിയതായി കാണാം.
സമാന അവകാശവാദവുമായി നിരവധി പേരാണ് ഈ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. (1, 2, 3, 4, 5)
Fact-check:
പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
അറിയപ്പെടുന്ന ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ മക്കള്‍ BJPയില്‍ ചേര്‍ന്നാല്‍ അത് വലിയ വാര്‍ത്തയാകണമെന്നിരിക്കെ ദേശീയ മാധ്യമങ്ങളിലോ പ്രാദേശിക മാധ്യമങ്ങളിലോ ഇത്തരമൊരു വാര്‍ത്ത കണ്ടെത്താനായില്ല. തുടര്‍ന്ന് മണിക് സര്‍ക്കാറിനെക്കുറിച്ചുള്ള വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. അദ്ദേഹത്തിന്റെ ലളിത ജീവിതത്തെക്കുറിച്ചും കുടുംബപശ്ചാത്തലത്തെക്കുറിച്ചും കുറഞ്ഞ സാമ്പത്തികശേഷിയെക്കുറിച്ചും പറയുന്ന വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ അദ്ദേഹത്തിന് മക്കളില്ലെന്ന പരാമര്‍ശം കണ്ടെത്താനായി.
2018 ല്‍ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന് മക്കളില്ലെന്ന് പരാമര്‍ശിക്കുന്നുണ്ട്. മുഖ്യമന്ത്രിപദമൊഴിഞ്ഞ അദ്ദേഹം പാര്‍ട്ടി ഓഫീസിലേക്ക് മാറിയത് സംബന്ധിച്ച് NDTV പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും അദ്ദേഹത്തിന് മക്കളില്ലെന്ന വിവരം കാണാം.
അദ്ദേഹം തെരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ഏറ്റവും ‘പാവപ്പെട്ട’ മുഖ്യമന്ത്രിയെന്ന വിശേഷണത്തോടെ ദി സ്റ്റേറ്റ്സ്മാന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം കാണാം.
ത്രിപുര നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റിലും തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും മക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നും കാണാം.
തുടര്‍ന്ന് ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിനായി അദ്ദേഹത്തിനൊപ്പം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ മുതിര്‍ന്ന സിപിഐഎം നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. വിവാഹിതനാണെങ്കിലും അദ്ദേഹത്തിന് മക്കളില്ലെന്ന് അവര്‍ അറിയിച്ചു.
വസ്തുത പരിശോധനയുടെ രണ്ടാം ഘട്ടത്തില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലം പരിശോധിച്ചു. റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഇത് പശ്ചിമബംഗാളിലെ പ്രതിപക്ഷനേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ദക്ഷിണ ബാരാസത്തില്‍ നടത്തിയ റാലിയില്‍നിന്നുള്ള ചിത്രമാണെന്ന സൂചന ലഭിച്ചു. (Archive)
ഈ സൂചനയും തീയതിയും ഉപയോഗിച്ച് സുവേന്ദു അധികാരിയുടെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചതോടെ 2024 ജനുവരി 20 ന് പരിപാടിയുടെ തത്സമയ ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നതായി കണ്ടെത്തി. ദക്ഷിണബരാസയിലെ ബൂത്ത് പ്രവര്‍ത്തകരുടെ സമ്മേളനം എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ദൃശ്യങ്ങളില്‍ ഫോട്ടോയിലെ അതേ രംഗവും കാണാം.
Conclusion:
ത്രിപുര മുന്‍ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ മണിക് സര്‍ക്കാറിന്റെ മക്കള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. മണിക് സര്‍ക്കാറിന് മക്കളില്ലെന്നും പ്രചരിക്കുന്ന ചിത്രം പശ്ചിമബംഗാളിലെ ബിജെപിയുടെ പ്രാദേശിക പരിപാടിയുടേതാണെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.