ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലില്‍ പലയിടത്തും സുരക്ഷയുടെ ഭാഗമായി ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുന്നുണ്ട്. എന്നാല്‍ ബങ്കറില്‍വെച്ച് ഇസ്രയേലി ജനങ്ങള്‍ നൃത്തംചെയ്യുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact-check:
പ്രചരിക്കുന്ന വീഡിയോ നിലവിലെ സംഘര്‍ഷ സാഹചര്യത്തിലേതല്ലെന്നും പഴയ ദൃശ്യങ്ങളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ബങ്കറിനകത്തേതല്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. എന്നാല്‍ നിലവിലെ യുദ്ധസാഹചര്യവുമായി വീഡിയോയ്ക്ക് ബന്ധമുണ്ടോ എന്നാണ് പരിശോധിച്ചത്. റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ ഈ വീഡിയോയിലേതിന് സമാനമായ പല ചിത്രങ്ങളും 2024 മുതല്‍ ലഭ്യമാണെന്ന് കണ്ടെത്തി. 2024 ഓഗസ്റ്റ് മൂന്നിന് പങ്കിട്ട ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഇതേ പശ്ചാത്തലത്തില്‍ ഇസ്രയേലി പതാകകളുമായി നില്‍ക്കുന്നവരെ കാണാം.
ഇതോടെ ചിത്രം 2024 ലോ അതിന് മുന്‍പോ ഉള്ളതാണെന്ന് വ്യക്തമായി. തുടര്‍ന്ന് ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന ടുമേറോലാന്‍ഡ് എന്ന പരിപാടിയെക്കുറിച്ച് അന്വേഷിച്ചു. വര്‍ഷംതോറും ബെല്‍ജിയത്തില്‍ സംഘടിപ്പിക്കുന്ന ആഗോള ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് പരിപാടിയാണിത്. 2024 ല്‍ ലൈഫ് എന്ന പ്രമേയത്തില്‍ ആവിഷ്കരിച്ച പതിപ്പിന്റെ പശ്ചാത്തല ദൃശ്യമാണ് പ്രചരിക്കുന്ന ചിത്രത്തിലുള്ളത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍നിന്ന് ലഭിച്ചു.
ഇതോടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് നിലവിലെ യുദ്ധസാഹചര്യവുമായി ബന്ധമില്ലെന്നും ഇത് 2024 ല്‍ ബെല്‍ജിയത്തില്‍ നടന്ന നൃത്ത-സംഗീത പരിപാടിയിലെ ദൃശ്യമാണെന്നും വ്യക്തമായി.
തുടര്‍ന്ന് പ്രചരിക്കുന്ന പോസ്റ്റില്‍ അവകാശപ്പെടുന്നപോലെ ബങ്കറില്‍ നൃത്തംചെയ്ത എന്തെങ്കിലും സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നും പരിശോധിച്ചു. 2026 മാര്‍ച്ച് 10 ന് പ്രസിദ്ധീകരിച്ച ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ഇതുമായി ബന്ധപ്പെട്ട് ലഭ്യമായി.
Conclusion:
ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷ സാഹചര്യത്തില്‍ ബങ്കറിനകത്ത് നൃത്തം ചെയ്യുന്ന ഇസ്രയേലികളുടെ ദൃശ്യങ്ങളെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ 2024-ലെ ടുമോറോലാന്‍ഡ് സംഗീതപരിപാടിയിലേതാണ്. എന്നാല്‍ യുദ്ധസാഹചര്യത്തില്‍ ബങ്കറില്‍ നൃത്തംചെയ്തതുമായി ബന്ധപ്പെട്ട ചില മാധ്യമറിപ്പോര്‍ട്ടുകള്‍ അന്വേഷണത്തില്‍ കണ്ടെത്തി.