കടലാമയെ രക്ഷിക്കാനായി ബോട്ടിലെത്തിക്കുന്ന സ്രാവ്: വീഡിയോയുടെ വസ്തുതയറിയാം

കഴുത്തില്‍ കയര്‍ കുരുങ്ങിയ കടലാമയെ രക്ഷപ്പെടുത്താന്‍ അതിനെ ബോട്ടിലേക്കെത്തിക്കുന്ന സ്രാവിന്‍റേതെന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  2 July 2023 7:24 PM GMT
കടലാമയെ രക്ഷിക്കാനായി ബോട്ടിലെത്തിക്കുന്ന സ്രാവ്: വീഡിയോയുടെ വസ്തുതയറിയാം

കടലാമയെ രക്ഷപ്പെടുത്തുന്ന സ്രാവിന്‍റേതെന്ന അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കഴുത്തില്‍ കയര്‍ കുരുങ്ങി അപകടാവസ്ഥയിലായ കടലാമയെ രക്ഷിക്കാന്‍ മനുഷ്യര്‍ക്ക് മാത്രമേ സാധിക്കൂ എന്ന് തിരിച്ചറിഞ്ഞ് അതിനെ ബോട്ടിലേക്കെത്തിക്കുകയാണ് സ്രാവ് എന്നതാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന വിവരണം.




Mujeeb Kuttichira എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് 2023 ജൂലൈ 1ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ മൃഗങ്ങള്‍ക്കിടയിലെ സഹജീവി സ്നേഹത്തെ വാഴ്ത്തുന്നു.


Fact-check:

വീഡിയോയില്‍ നല്കിയിരിക്കുന്ന സബ്ടൈറ്റിലുകളില്‍ പ്രഥമദൃഷ്ട്യാ ചില സംശയങ്ങള്‍ തോന്നി. കൂടാതെ വീഡിയോയുടെ ആദ്യഭാഗം വൈഡ് ആംഗിള്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചതാണെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. എന്നാല്‍ അവസാനഭാഗത്തെ ദൃശ്യങ്ങള്‍ വൈഡ് ആംഗിള്‍ ക്യാമറയല്ലെന്നും കാണാം.



തുടര്‍ന്ന് വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചതോടെ വീഡിയോയുടെ ആദ്യഭാഗവും അവസാനഭാഗവും തമ്മില്‍ ചില വ്യത്യാസങ്ങള്‍ കണ്ടെത്താനായി. ആദ്യഭാഗത്ത് വെള്ള നിറത്തിലുള്ള ബോട്ടും അവസാനഭാഗത്ത് നീലനിറത്തിലുള്ള ബോട്ടുമാണ് കാണാനാവുന്നത്. ഇതോടെ ഇത് രണ്ട് വ്യത്യസ്ത ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തതാകാമെന്ന സൂചന ലഭിച്ചു.



തുടര്‍ന്ന് ദൃശ്യങ്ങളുടെ യഥാര്‍ത്ഥ സ്രോതസ്സ് കണ്ടെത്താനായി റിവേഴ്സ് ഇമേജ് സെര്‍ച്ച് സംവിധാനത്തിലൂടെ ശ്രമിച്ചെങ്കിലും വീ‍ഡിയോയ്ക്ക് വ്യക്തത കുറവായതിനാല്‍ ഫലം ലഭിച്ചില്ല. തുടര്‍ന്ന് Shark, Turtle, Sea എന്നീ കീവേഡുകള്‍ ഉപയോഗിച്ച് യൂട്യൂബില്‍ നടത്തിയ തെരച്ചിലില്‍ പ്രചരിക്കുന്ന വീഡിയോയുടെ ആദ്യഭാഗത്തിന്‍റെ ദൈര്‍ഘ്യമേറിയ പതിപ്പ് ലഭിച്ചു.




Kai Owen Fishing എന്ന യൂട്യൂബ് ചാനലില്‍ 2020 നവംബര്‍ 29ന് പങ്കുവെച്ച വീഡിയോയില്‍ സ്രാവ് ആക്രമിച്ച കടലാമയെ രക്ഷപ്പെടുത്തിയ സംഭവമാണ് ദൃശ്യങ്ങള്‍ സഹിതം വിവരിക്കുന്നത്. ദൃശ്യങ്ങള്‍ അബക്കോയിലെ ബഹാമസില്‍നിന്നുള്ളതാണെന്നാണ് സൂചന. ഈ വീഡിയോയുടെ ഫ്ലിപ്പ് ചെയ്ത പതിപ്പാണ് പ്രചരിക്കുന്ന വീഡിയോയില്‍ ആദ്യഭാഗമായി ചേര്‍ത്തതെന്ന് സ്ഥിരീകരിക്കാനായി.




എന്നാല്‍ കടലാമയുടെ കഴുത്തില്‍ കുരുങ്ങിയ കയര്‍ മുറിയ്ക്കുന്ന ഭാഗം ഈ വീഡിയോയില്‍ കാണാനായില്ല. ഇതോടെ പ്രചരിക്കുന്ന വീഡിയോ രണ്ട് വ്യത്യസ്ത സംഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് ഉറപ്പിക്കാനായി.

‌തുടര്‍ന്ന് പ്രചരിക്കുന്ന വീഡിയോയുടെ രണ്ടാംഭാഗം കീഫ്രെയിമുകള്‍ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും വ്യക്തത കുറവായതിനാല്‍ കണ്ടെത്താനായില്ല. Save, Turtle എന്നീ കീവേഡുകള്‍ ഉപയോഗിച്ച് യൂട്യൂബില്‍ പരിശോധിച്ചതോടെ Sea Turtle Biologist എന്ന യൂട്യൂബ് ചാനലില്‍ 2016 ഓഗസ്റ്റ് 12ന് പങ്കുവെച്ച വീഡിയോ കണ്ടെത്തി.


വലയില്‍ കുടുങ്ങിയ കടലാമയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയില്‍ പ്രചരിക്കുന്ന വീ‍ഡിയോയിലെ അവസാനഭാഗത്തെ ദൃശ്യങ്ങളുടെ വ്യക്തതയുള്ള ദൈര്‍ഘ്യമേറിയ പതിപ്പ് കാണാം. ദൃശ്യങ്ങള്‍ കോസ്റ്ററിക്കയില്‍നിന്നുള്ളതാണെന്ന് വീഡിയോയെക്കുറിച്ച് നല്‍കിയ വിവരണത്തില്‍ കാണാം. ഇതില്‍ സ്രാവിനെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ലെന്നും കണ്ടെത്തി.



ഇതോടെ പ്രചരിക്കുന്ന വീഡിയോ രണ്ട് വ്യത്യസ്ത സമയങ്ങളിലെ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് എഡിറ്റ് ചെയ്ത് വ്യാജ സബ്ടൈറ്റില്‍ സഹിതം പ്രചരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.


Conclusion:

കടലാമയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന സ്രാവിന്റേതെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. 2016 ലെയും 2020 ലെയും രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലെ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് എഡിറ്റ് ചെയ്ത് തെറ്റായ സബ്ടൈറ്റില്‍ സഹിതം പ്രചരിപ്പിക്കുകയാണ്. ആദ്യഭാഗം സ്രാവ് ആക്രമിക്കുന്ന കടലാമയെ രക്ഷപ്പെടുത്തുന്ന വീഡിയോയില്‍നിന്നുള്ളതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:Video of a shark saving sea turtle
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:Misleading
Next Story