'ഇണയുടെ മൃതശരീരം മറവുചെയ്യുന്ന കടന്നല്‍' - വീഡിയോയുടെ വസ്തുതയറിയാം
കടന്നല്‍ ഉള്‍പ്പെടെ ചെറിയ ജീവികളെപ്പോലും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പഠിപ്പിച്ച പ്രകൃതിയെയും ദൈവത്തെയും സ്തുതിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 31 Dec 2022 8:49 AM GMTജീവനില്ലാത്ത ഇണയെ ഒരു കടന്നല്‍ സ്വന്തമായി കുഴിയെടുത്ത് അതിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പെൺ കടന്നൽ അതിൻറെ പങ്കാളിയുടെ മൃതശരീരം മറവ് ചെയ്യുന്ന അത്ഭുതകരമായ കാഴ്ച എന്ന അടിക്കുറിപ്പോടെ പങ്കുവെയ്ക്കുന്ന വീഡിയോയില്‍ ചെറിയ ജീവികളെപ്പോലും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പഠിപ്പിച്ച പ്രകൃതിയെയും ദൈവത്തെയും സ്തുതിക്കുന്നതായും കാണാം.
മഴ എന്ന ഫെയ്സ്ബുക്ക് പേജില്‍ Linet James എന്ന അക്കൗണ്ടില്‍നിന്നും പോസ്റ്റ് ചെയ്ത വീഡിയോ നിരവധിപേര്‍ പങ്കുവെച്ചിട്ടുണ്ട്.
വാട്സാപ്പ് ഉള്‍പ്പെടെ മറ്റ് സമൂഹമാധ്യമങ്ങളിലും ഈ വീഡിയോ പങ്കുവെയ്ക്കുന്നുണ്ട്. വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണം ശരിയാണെന്ന തരത്തിലാണ് കമന്‍റ് ബോക്സില്‍ നിരവധിപേര്‍ പ്രതികരിക്കുന്നത്.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു.
ഒരു മിനുറ്റ് പന്ത്രണ്ട് സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കടന്നല്‍ കുഴിയെടുക്കുന്നതും തുടര്‍ന്ന് മറ്റൊരു പ്രാണിയെ കുഴിയിലേക്ക് മാറ്റി കുഴി മൂടുന്നതും കാണാം. ഇതില്‍ രണ്ടാമത്തേത് കടന്നല്‍ അല്ലെന്ന് വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ വ്യക്തമാകും. പുല്‍ച്ചാടിയോട് സാദൃശ്യമുള്ള പച്ച കലര്‍ന്ന നിറത്തില്‍ ഒരു പ്രാണിയെയാണ് കുഴിയിലേക്ക് മാറ്റുന്നത്.
കൂടുതല്‍ വ്യക്തതയ്ക്കായി കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ. സി ഡി സെബാസ്റ്റ്യനെ ഫോണില്‍ ബന്ധപ്പെട്ടു. വീഡിയോയും വിവരണവും അയച്ചുകൊടുത്തശേഷം അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമാണ്:
"വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണം പൂര്‍ണമായും തെറ്റാണ്. ദൃശ്യങ്ങളില്‍ കാണുന്നത് ഡിഗ്ഗര്‍ വാസ്പ് എന്നറിയപ്പെടുന്ന കടന്നലാണ്. പ്രജനനസമയത്ത് മുട്ടവിരിഞ്ഞ് പുറത്തുവരുന്ന ലാര്‍വയ്ക്ക് കഴിക്കാനാവശ്യമായ ആഹാരം ശേഖരിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. പുല്‍ച്ചാടി ഉള്‍പ്പെടെ പ്രാണികളുടെ വിഭാഗമായ Orthoptera യാണ് ഇവയുടെ ഇര. ഇത്തരത്തിലൊരു പ്രാണിയെയാണ് കടന്നല്‍ പാരലൈസ് ചെയ്ത് കുഴിയിലേക്ക് മാറ്റി മണ്ണിട്ട് മൂടുന്നത്. മുട്ടയിടുന്ന കുഴിയില്‍ ഇത്തരത്തില്‍ ഇരയെ ശേഖരിച്ചു വെയ്ക്കുന്നത് മുട്ടവിരിഞ്ഞ് പുറത്തുവരുന്ന ലാര്‍വയ്ക്ക് ആഹാരത്തിനായാണ്."
ഇതോടെ ഇണയെ കുഴിച്ചുമൂടുന്ന കടന്നലിന്‍റെ ദൃശ്യങ്ങളെന്ന അവകാശവാദം തെറ്റാണെന്ന് ബോധ്യമായി.
ഡിഗ്ഗിങ് വാസ്പ് അല്ലെങ്കില്‍ സാന്‍ഡ് വാസ്പ് എന്നറിയപ്പെടുന്ന ഇത്തരം കടന്നലുകളുടെ ശാസ്ത്രീയനാമം Sphecidae എന്നാണ്. ഇവയുടെ ജീവിതക്രമവുമായി ബന്ധപ്പെട്ട ഏതാനും ലേഖനങ്ങളും പരിശോധിച്ചു. ഇവയിലും ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.
Wuerzburg University പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഈ വിഭാഗത്തിലെ കടന്നലുകളുടെ പ്രജനനസമയത്തെ ഇരതേടലിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.
കൂടാതെ മറ്റ് ചില ലേഖനങ്ങളിലും ഇതേ കാര്യം വിശദീകരിച്ചതായി കാണാം.
ഇതോടെ പ്രചരിക്കുന്ന വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് പൂര്‍ണമായും തെറ്റാണെന്ന് വ്യക്തമായി.
Conclusion:
ഇണയെ മറവുചെയ്യുന്ന കടന്നലിന്‍റേതെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. പ്രജനനസമയത്ത് മുട്ടവിരിഞ്ഞ് പുറത്തുവരുന്ന ലാര്‍വയ്ക്ക് ആഹാരം ശേഖരിക്കുന്ന കടന്നലിന്‍റെ ദൃശ്യങ്ങളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്.