അയോധ്യാ രാമക്ഷേത്രം തകര്‍ത്ത് തല്‍സ്ഥാനത്ത് ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വയനാട് നിയോജകമണ്ഡലത്തിന് വേണ്ടി കോണ്‍ഗ്രസ് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം എന്ന രീതിയിലാണ് ഇത് വൈറലായിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടെ നല്‍കിക്കൊണ്ടാണ് ഈ ഗ്രാഫിക്‌സ് വീഡിയോ നിര്‍മിച്ചിട്ടുള്ളത്.
Fact Check
പ്രചാരണം വ്യാജമാണെന്നും കോണ്‍ഗ്രസ് ഇത്തരമൊരു വീഡിയോ പുറത്തിറക്കിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വൈറല്‍ വീഡിയോയുടെ കീ ഫ്രെയ്മുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ ഇത് വ്യാജമാണെന്ന് വ്യക്തമാക്കി 2024 ഏപ്രില്‍ 26ന് കോണ്‍ഗ്രസ് കേരളത്തിന്റെ ഔദ്യോഗിക എക്‌സ് പേജില്‍ പങ്കുവച്ച പോസ്റ്റ് ലഭ്യമായി. വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പിനൊപ്പം പങ്കുവച്ചിട്ടുള്ള പോസ്റ്റ് ചുവടെ കാണാം.
വിശദമായ കീവേര്‍ഡ് പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകളും ലഭിച്ചു.
അയോധ്യാ രാമക്ഷേത്രം, ബാബറി മസ്ജിദ് എന്നിവയുമായി ബന്ധപ്പെടുത്തി രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ നിര്‍മിച്ചതിന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ടര്‍ ടിവിയുടെ വെബ്‌സൈറ്റില്‍. നല്‍കിയ വാര്‍ത്തയില്‍ പറയുന്നു. ഈ വീഡിയോ ആദ്യം വാട്സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച മൂവാറ്റുപുഴ തൃക്കളത്തൂര്‍ സ്വദേശി രാജേഷ് ജി നായര്‍ക്കെതിരെ എറണാകുളം സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റിപ്പോര്‍ട്ടര്‍ നല്‍കിയ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ചുവടെ കാണാം.
വൈറല്‍ വീഡിയോയ്ക്ക് സമാനമായ രീതിയില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോകള്‍ ഒന്നും തന്നെ കോണ്‍ഗ്രസ് പുറത്തിറക്കിയിട്ടില്ലെന്ന് വയനാട് ഡിസിസി നേതൃത്വവും സ്ഥിരീകരിച്ചു.
Conclusion:
അയോധ്യാ രാമക്ഷേത്രം തകര്‍ത്ത് ബാബറി മസ്ജിദ് നിര്‍മിക്കുന്നതായുള്ള ഗ്രാഫിക്‌സ് വീഡിയോ കോണ്‍ഗ്രസ് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനമല്ലെന്ന് വ്യക്തമായി. 2024 മുതല്‍ പ്രചാരത്തിലുള്ള ഈ വീഡിയോ നിര്‍മിച്ചയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
( Written by Sreejisha Laila)