കേദാര്‍നാഥിലേക്കുള്ള നിരവധി തീര്‍ത്ഥാടകര്‍ വഴിയില്‍ കുടുങ്ങാനിടയായ മേഘവിസ്ഫോടനത്തിന്റെ ദൃശ്യങ്ങളെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
മെറ്റയുടെ ഏറ്റവും പുതിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ത്രെഡ്സില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ കെട്ടിടങ്ങളും വൈദ്യുതിപോസ്റ്റുകളുമെല്ലാം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ കാണാം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഈ വിഡിയോ ഇന്ത്യയില്‍നിന്നുള്ളതല്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ഭാഗമായി വീഡിയോയിലെ ചുവന്ന നിറത്തിലുള്ള കെട്ടിടം ഉള്‍പ്പെടുന്ന കീഫ്രെയിം റിവേഴ്സ് ഇമേജ് സെര്‍ച്ച് വഴി പരിശോധിച്ചു. ഇതോടെ ഈ വീഡിയോയിലെ ദൃശ്യങ്ങള്‍ ചില മാധ്യമറിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തി.
അല്‍ജസീറ 2021 ജൂലൈ 3ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇതേ കെട്ടിടം കാണാം. ജപ്പാനിലെ അട്ടാമിയിലുണ്ടായ ഉരുള്‍പൊട്ടലിനെക്കുറിച്ചാണ് റിപ്പോര്‍ട്ട്. ഷിസൂക്കയ്ക്കടുത്ത് അട്ടാമിയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് മരണം സ്ഥിരീകരിച്ചതായും നിരവധി പേരെ കാണാതായതുമായി ജപ്പാനിലെ ദേശീയ മാധ്യമത്തെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ജപ്പാന്‍ മാധ്യമമയാ ക്യോട്ടോ ന്യൂസും ഇതേദിവസം ഈ വാര്‍ത്ത നല്‍കിയതായി കാണാം.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്ത്യന്‍ മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. പ്രചരിക്കുന്ന അതേ സ്ഥലത്തെ ദൃശ്യങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസ് യൂട്യൂബ് ചാനലില്‍ നല്‍കിയിട്ടുണ്ട്.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2021 ജൂലൈ രണ്ടിന് ജപ്പാനിലെ അട്ടാമിയിലുണ്ടായ ഉരുള്‍പൊട്ടലിന്റേതാണെന്ന് സ്ഥിരീകരിച്ചു.
പിന്നീട് പ്രചരിക്കുന്ന വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന അവകാശവാദത്തിലെ കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ കുടുങ്ങിയതുമായി ബന്ധപ്പെട്ട ഭാഗം പരിശോധിച്ചു. ഉത്തരാഖണ്ഡില്‍ 2024 ജൂലൈ 31 ന് രാത്രി മേഘവിസ്ഫോടനവും അതിതീവ്രമഴയുമുണ്ടായിരുന്നു. ഇത് പ്രദേശത്ത് കനത്ത നാശനഷ്ടം വിതച്ചു. നിരവധി റോഡുകള്‍ തകര്‍ന്നതോടെ ഗതാഗതവും തടസ്സപ്പെട്ടു.
കേദാര്‍നാഥ് തീര്‍ത്ഥാടകരും പലയിടങ്ങളിലായി കുടുങ്ങിയതായി മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ ദുരന്തനിവാരണ സേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.കേദാര്‍നാഥിലേക്കുള്ള വഴിയില്‍ കുടുങ്ങിയ എഴുനൂറോളം പേരെ രക്ഷപ്പെടുത്തിയതായി 2024 ആഗസ്റ്റ് രണ്ടിന് NDTV റിപ്പോര്‍ട്ട് ചെയ്യുന്നു.
India Today 2024 ആഗസ്റ്റ് 4-ന് രാവിലെ 11 മണിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഈ വസ്തുത പരിശോധന പ്രസിദ്ധീകരിക്കുന്നതിന് തൊട്ടു മുന്‍പുവരെയുള്ള കണക്കനുസരിച്ച് 9000-ത്തോളം കേദാര്‍നാഥ് തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
Conclusion:
ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തെത്തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ കുടുങ്ങിയെന്നത് വസ്തുതയാണ്. എന്നാല്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഈ മേഘവിസ്ഫോടനവുമായി ബന്ധമില്ല. അത് 2021 ജൂലൈയില്‍ ജപ്പാനിലെ അട്ടാമിയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ദൃശ്യങ്ങളാണ്.