പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ കനത്ത തിരിച്ചടി നല്‍കിയതിന് പിന്നാലെ ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങളെന്ന വിവരണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മിസൈല്‍ പതിക്കുന്ന സമയത്ത് ഭയന്നോടുന്ന നിരവധി പേരെ ദൃശ്യങ്ങളില്‍ കാണാം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന വീഡിയോയ്ക്ക് ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ദൃശ്യങ്ങളിലെ ചില ഭാഗങ്ങള്‍ 2023-ലെ ചില മാധ്യമറിപ്പോര്‍ട്ടുകളില്‍ ഉപയോഗിച്ചതായി കണ്ടെത്തി. 2023 നവംബര്‍ 10ന് അറബ് ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചിത്രം കാണാം. ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയ്ക്ക് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ഇതോടെ ദൃശ്യങ്ങള്‍ പഴയതാണെന്നും ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധമില്ലെന്നും സൂചന ലഭിച്ചു. സ്ഥിരീകരണത്തിനായി കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് സമാനമായ ദൃശ്യങ്ങള്‍ വിവിധ വാര്‍ത്താ ഏജന്‍സികള്‍ പങ്കുവെച്ചതായി കണ്ടെത്തി. AFP ന്യൂസ് ഏജന്‍സിയുടെ യൂട്യൂബ് ചാനലില്‍ 2023 നവംബര്‍ 9 നാണ് ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. ഗാസ മുനമ്പില്‍ ബീത്ത്ലാഹിയയ്ക്കടുത്ത ആശുപത്രിയ്ക്ക് സമീപത്തുനിന്നുള്ള ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ നല്‍കിയിരിക്കുന്നത്.
തുടര്‍ന്ന് നടത്തിയ കീവേഡ് പരിശോധനയില്‍ അല്‍ജസീറ ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. അല്‍ജസീറയുടെ റിപ്പോര്‍ട്ടിലും പ്രചരിക്കുന്നതിന് സമാനമായ ദൃശ്യങ്ങള്‍ കാണാം.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ദൃശ്യങ്ങള്‍ക്ക് ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധമില്ലെന്നും വ്യക്തമായി.
Conclusion:
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ മിസൈലാക്രമണത്തിന്റെ ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2023-ല്‍ ഇസ്രയേല്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയില്‍ നടത്തിയ മിസൈലാക്രമണത്തിന്റേതാണ്. ഇതിന് ഇന്ത്യയുമായോ 2025 മെയ് 7ന് ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണവുമായോ ബന്ധമില്ലെന്ന് വ്യക്തമായി.