ഹിസ്ബുല്ലയ്ക്ക് മുന്നില്‍ കീഴടങ്ങുന്ന ഇസ്രയേല്‍ പട്ടാളം: വീഡിയോയുടെ സത്യമറിയാം

ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേല്‍ പട്ടാളക്കാര്‍ ഹിസ്ബുല്ലയ്ക്ക് മുന്നില്‍ കീഴടങ്ങുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ വീഡിയോ പ്രചരിക്കുന്നത്.

By HABEEB RAHMAN YP  Published on  1 Nov 2023 8:08 AM GMT
ഹിസ്ബുല്ലയ്ക്ക് മുന്നില്‍ കീഴടങ്ങുന്ന ഇസ്രയേല്‍ പട്ടാളം: വീഡിയോയുടെ സത്യമറിയാം

ഹിസ്ബുല്ലയ്ക്ക് മുന്നില്‍ കീഴടങ്ങുന്ന ഇസ്രയേല്‍ പട്ടാളമെന്ന വിവരണത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 57 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വെളുത്തനിറമുള്ള പതാക ഘടിപ്പിച്ച യുദ്ധടാങ്കറില്‍നിന്ന് പുറത്തിറങ്ങുന്ന ഏതാനും പട്ടാളക്കാരെ സമീപത്ത് നിലയുറപ്പിച്ച മറ്റൊരു പട്ടാളസംഘം കീഴ്പെടുത്തുന്ന ദൃശ്യങ്ങള്‍ കാണാം.Noushad Kasara എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് പോസ്റ്റ് ചെയ്ത വീഡിയോ ആയിരത്തിലധികം പേരാണ് പങ്കുവെച്ചിരിക്കുന്നത്.


Fact-check:

വസ്തുതാപരിശോധനയുടെ ആദ്യഘട്ടത്തില്‍ പങ്കുവെച്ച വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു.


വീഡിയോയില്‍ മേലെ വലതുവശത്ത് ഉക്രെയിന്‍ എന്ന് അറബിയില്‍ എഴുതിയതായി കാണാം. വീഡിയോ ഉക്രെയിന്‍ - റഷ്യ യുദ്ധവുമായി ബന്ധപ്പെട്ടതാകാമെന്ന സൂചന ഇതില്‍നിന്ന് ലഭിച്ചു. വീഡിയോയുടെ മേലെ ഇടതുവശത്തായി ഒരു ലോഗോയുണ്ട്. അല്‍-അറബിയ എന്ന് അറബിയില്‍ എഴുതിയ ലോഗോയില്‍നിന്ന് ഇത് അല്‍-അറബിയ ചാനല്‍ നല്‍കിയ വീഡിയോ ആകാമെന്ന അനുമാനത്തിലെത്തി.തുടര്‍ന്ന് ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അല്‍-അറബിയ യൂട്യൂബ് ചാനലില്‍ ഷോര്‍ട്ട് വീഡിയോ ആയി പങ്കുവെച്ച ഇതിന്റെ യഥാര്‍ത്ഥ വീഡിയോ കണ്ടെത്തി. 2022 ഒക്ടോബര്‍ 7നാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയ്ക്കൊപ്പം അറബിയില്‍ നല്കിയിരിക്കുന്ന വിവരണം ഗൂഗ്ള്‍ ട്രാന്‍സലേറ്റ് ഉപയോഗിച്ച് പരിഭാഷപ്പെടുത്തിയതോടെ സംഭവം ഉക്രെയ്ന്‍ - റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിലേതാണെന്ന് വ്യക്തമായി.
കീവേഡുകള്‍ ഉപയോഗിച്ച് തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 2022 ഒക്ടോബര്‍ ആറിന് ദി ടെലഗ്രാഫ് യൂട്യൂബ് ചാനലില്‍ ഇതേ വീഡിയോ പങ്കുവെച്ചതായി കാണാം.
റഷ്യ - ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഖേര്‍സണ്‍ മേഖലയില്‍ ആക്രമണം തുടരുന്നതിനിടെ ഉക്രെയ്ന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങുന്ന റഷ്യന്‍ പട്ടാളക്കാര്‍ എന്ന വിവരണത്തോടെയാണ് ടെലഗ്രാഫ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഐറിഷ് ടൈംസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലും ഇതേ വിവരങ്ങളോടെ വാര്‍ത്ത നല്കിയതായി കാണാം.
ഇതോടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഇസ്രയേല്‍ - ഹമാസ് യുദ്ധവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.

Conclusion:

ഹിസ്ബുല്ലയ്ക്ക് മുന്നില്‍ കീഴടങ്ങുന്ന ഇസ്രയേല്‍ സൈന്യം എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ 2022 ലേതാണെന്നും ഇതിന് ഇസ്രയേല്‍ - ഹമാസ് യുദ്ധവുമായി യാതൊരു ബന്ധവുമില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. വീഡിയോ 2022 ഒക്ടോബറില്‍ റഷ്യ - ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഏതാനും റഷ്യന്‍ പട്ടാളക്കാര്‍ ഉക്രെയ്ന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങുന്നതിന്റേതാണെന്ന് വ്യക്തമായി.

Claim Review:Video of Israeli soldiers surrender in front of Hizbullah
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story