ജപ്പാനില്‍ സ്കൂള്‍ വിദ്യാര്‍ഥികളില്‍ രക്ഷാകര്‍തൃസ്നേഹം വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കളുടെ ജോലിസ്ഥലത്തെ ദൃശ്യങ്ങള്‍ കാണിക്കുന്നതായി അവകാശപ്പെട്ടാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നത്. ക്ലാസ്മുറിയിലെ ബെഞ്ചുകളിലിരിക്കുന്ന വിദ്യാര്‍ഥികളെയും അവര്‍ക്കുമുന്നില്‍ സ്ക്രീനിലെന്നോണം ദൃശ്യങ്ങളും കാണാം. ഇത് കാണുന്നതോടെ വിദ്യാര്‍ഥികളില്‍ പലരും വിതുമ്പുന്നതും വീഡിയോയില്‍ കാണാം. രക്ഷിതാക്കളുടെ ജോലിസ്ഥലത്തെ പ്രയാസം നേരില്‍ കാണിക്കുന്നതിലൂടെ കുട്ടികളിലെ ധൂര്‍ത്ത് ഇല്ലാതാക്കാനും അവരില്‍ രക്ഷാകര്‍തൃസ്നേഹം വളര്‍ത്താനുമാണ് ജപ്പാനില്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് വീഡിയോയ്ക്കൊപ്പം നല്കിയിരിക്കുന്ന ഉള്ളടക്കം.
വിവിധ ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോ വാട്സാപ്പിലും പ്രചരിക്കുന്നുണ്ട്.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോ വിശദമായി പരിശോധിച്ചു. 42 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയിലെ ദൃശ്യങ്ങള്‍ ഒരേ പശ്ചാത്തലത്തിലുള്ളതല്ലെന്ന് കാണാം.
വിഡിയോ എഡിറ്റിങ് സോഫ്റ്റ്വെയറിന്‍റെ സഹായത്തോടെ കീഫ്രെയിമുകള്‍ ശേഖരിച്ച് പരിശോധിച്ചതോടെ വീഡിയോയിലെ ക്ലാസ്മുറിയിലെ പല ആംഗിളുകളിലെ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലും മറ്റും പ്രകടമായ മാറ്റങ്ങള്‍ കാണാനായി.
നാല് കീഫ്രെയിമുകളിലെയും പശ്ചാത്തലവും യൂനിഫോമിലെ നിറവും ഉള്‍പ്പെടെ പ്രകടമായ വ്യത്യാസങ്ങള്‍ കാണാം. ഇതില്‍നിന്നും 42 സെക്കന്‍റ് വീഡിയോയിലെ ദൃശ്യങ്ങള്‍ പൂര്‍ണമായും ഒരേ മുറിയിലേതല്ലെന്ന സൂചനകള്‍ ലഭിച്ചു.
തുടര്‍ന്ന് സ്ക്രീനില്‍ കാണുന്ന ദൃശ്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. സ്ക്രീനും ദൃശ്യങ്ങളുടെ സ്ഥാനവും തമ്മിലെ പ്രകടമായ മാറ്റം വ്യക്തമാണ്.
ഇതോടെ ദൃശ്യങ്ങള്‍ യഥാര്‍ഥത്തില്‍ ക്ലാസ്മുറിയിലെ സ്ക്രീനില്‍ കാണുന്നതല്ലെന്നും ക്ലാസ്റൂമിന്‍റെ വീഡിയോയ്ക്ക് മേലെ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്നും വ്യക്തമായി.
തുടര്‍ന്ന് ക്ലാസ്മുറികളുടെ വിവിധ ആംഗിളില്‍നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇവയുടെ യഥാര്‍ത്ഥ പശ്ചാത്തലം കണ്ടെത്താന്‍ ശ്രമിച്ചു. കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സംവിധാനത്തിലൂടെ തിരഞ്ഞതോടെ ഇവയില്‍ പല ദൃശ്യങ്ങളും വ്യത്യസ്ത സാഹചര്യങ്ങളിലേതാണെന്ന് വ്യക്തമായി.
കീഫ്രെയിമിലെ ആദ്യ ദൃശ്യം ഫ്ലിപ്പ് ചെയ്തതാണെന്നും യഥാര്‍ത്ഥ ദൃശ്യം ചൈനയില്‍നിന്നുള്ളതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കൊവിഡ് കാലത്ത് സ്കൂളുകള്‍ അടച്ചെങ്കിലും 2020 ഏപ്രിലില്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിച്ച് തുറന്നു പ്രവര്‍ത്തിച്ച സ്കൂളിന്‍റെ വാര്‍ത്ത പ്രസിദ്ധീകരിച്ച ചൈനീസ് വാര്‍ത്താ പോര്‍ട്ടലിലാണ് ഇതിന്‍റെ യഥാര്‍ത്ഥ ചിത്രമുള്ളത്.
അധ്യാപികയുടെ മരണത്തെത്തുടര്‍ന്ന് വിതുമ്പിക്കരയുന്ന കുട്ടികളുടെ ദൃശ്യമാണ് മൂന്നാമത്തെ കീഫ്രെയിമിലെ ദൃശ്യം. ഇതും ചൈനയില്‍നിന്നുള്ളതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വിവിധ വ്യത്യസ്ത പശ്ചാത്തലങ്ങളിലെ ദൃശ്യങ്ങള്‍ സംയോജിപ്പിച്ച് ഉണ്ടാക്കിയതാണെന്നും ഇവ ജപ്പാനില്‍നിന്നുള്ളതല്ലെന്നും വ്യക്തമായി. സ്ക്രീനില്‍ വീഡിയോ പ്രദര്‍ശിപ്പിച്ചത് കണ്ട് കുട്ടികള്‍ വിതുമ്പുന്നു എന്ന പ്രചരണവും അടിസ്ഥാനരഹിതമെന്ന് വ്യക്തം.
Conclusion:
കുട്ടികളില്‍ രക്ഷിതാക്കോളോട് സ്നേഹവും കരുതലും ഉണ്ടാക്കിയെടുക്കാനും ധൂര്‍ത്ത് ഇല്ലാതാക്കാനുമായി ജപ്പാനില്‍ രക്ഷിതാക്കളുടെ ജോലിസ്ഥലത്തെ വീഡിയോ ക്ലാസ്മുറികളില്‍ കാണിക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോ വ്യാജമാണ്. വ്യത്യസ്ത സാഹ്ചര്യങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത ദൃശ്യങ്ങള്‍ സംയോജിപ്പിച്ച് എഡിറ്റ് ചെയ്ത വീഡിയോ ആണ് അടിസ്ഥാനരഹിതമായ അടിക്കുറിപ്പോടെ പ്രചരിക്കുന്നതെന്നും ഈ ദൃശ്യങ്ങളില്‍ മിക്കതും ചൈനയില്‍നിന്നുള്ളതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.