ചൊവ്വയിലിറങ്ങുന്ന ബഹിരാകാശ പേടകം: ദൃശ്യങ്ങളുടെ വസ്തുതയറിയാം
ബഹിരാകാശപേടകം ചൊവ്വയിലിറങ്ങുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ പേടകം കുതിച്ചുയരുന്നതുമുതല്‍ ഇറങ്ങുന്നതുവരെയുള്ള ദൃശ്യങ്ങള്‍ കാണാം.
By - HABEEB RAHMAN YP | Published on 25 Aug 2023 11:23 PM ISTചൊവ്വയിലിറങ്ങുന്ന ബഹിരാകാശ പേടകത്തിന്‍റേതെന്ന അവകാശവാദത്തോടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കൂടുതല്‍ വിവരങ്ങളൊന്നും ഉള്‍പ്പെടുത്താതെ പങ്കുവെച്ച വീഡിയോയില്‍ ഒരു പേടകം കുതിച്ചുയരുന്നതിന്റെയും അന്യഗ്രഹത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഉപരിതലത്തില്‍ ഇറങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ കാണാം. അഞ്ചുമിനുറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയിലുടനീളം പശ്ചാത്തല സംഗീതവും നല്കിയിട്ടുണ്ട്.
Faizal Kannur എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് പങ്കുവെച്ച വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
Fact-check:
പ്രചരിക്കുന്ന വീഡിയോയിലെ AIMALPAGE എന്ന വാട്ടര്‍മാര്‍ക്കില്‍നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ Aimal എന്ന പേരില്‍ ഫെയ്സ്ബുക്ക് പേജ് കണ്ടെത്തി. ഈ പേജില്‍നിന്ന് 2017 ഒക്ടോബര്‍ 14 ന് പ്രചരിക്കുന്ന വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി.
ഈ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന നിരവധി വീഡിയോകളില്‍നിന്ന് ഇതൊരു ആനിമേറ്റഡ് വീഡിയോ ആയിരിക്കാമെന്ന സൂചന ലഭിച്ചു. ശാസ്ത്രസാങ്കേതികരംഗങ്ങളുമായി ബന്ധപ്പെട്ട കണ്ടെത്തലുകളുടെയും പരീക്ഷണങ്ങളുടെയും നൂതന ചികിത്സാരീതികളുടെയുമെല്ലാം ആനിമേറ്റഡ് വീഡിയോകളാണ് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയ്ക്കൊപ്പം നല്കിയിരിക്കുന്ന വിവരണത്തില്‍നിന്നും ഇത് 2004 ലെ ചൊവ്വ പര്യവേക്ഷണവുമായി ബന്ധപ്പെട്ടതാണെന്ന സൂചന ലഭിച്ചു. Spirit MER-A Robotic Rover to Mars എന്ന് സ്ക്രീനില്‍ നല്കിയതായി കാണാം. ഈ കീവേഡുകള്‍ ഉപയോഗിച്ച് ഗൂഗ്ളില്‍ നടത്തിയ പരിശോധനയില്‍ 2004 ലെ NASA യുടെ ചൊവ്വ പര്യവേക്ഷണ ദൗത്യവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.
2003 ജൂണ്‍ 10ന് വിക്ഷേപിച്ച സ്പിരിറ്റ് എന്ന പേടകം നാസയുടെ ചൊവ്വാ പര്യവേക്ഷണ റോവര്‍ ദൗത്യത്തിന്‍റെ (MER) ഭാഗമായിരുന്നു. 2004 ജനുവരി 4ന് ചൊവ്വയിലിറങ്ങിയ പേടകം ഏഴ് വര്‍ഷത്തോളം നീണ്ട പഠനങ്ങള്‍ക്ക് സഹായിച്ചു. 2011 മെയ് 25 ന് ദൗത്യം പൂര്‍ത്തീകരിച്ചതായും നാസയുടെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു. ദൗത്യവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ദൗത്യം ഏകോപിപ്പിച്ച കാലിഫോര്‍ണിയയിലെ Jet Propulsion Laboratory യുടെ വെബ്സൈറ്റിലും ലഭ്യമാണ്.
ഇതോടെ ഈ ദൗത്യവുമായി ബന്ധപ്പെട്ട വീഡിയോയാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി. വീഡിയോയുടെ ഉറവിടം സ്ഥിരീകരിക്കുന്നതിനായി വീഡിയോ വീണ്ടും സൂക്ഷ്മമായി നിരീക്ഷിച്ചു. ഇതോടെ വീഡിയോയുടെ അവസാനഭാഗത്ത് Credits: Roving Mars 2006 Documentary എന്ന് നല്കിയതായി ശ്രദ്ധയില്‍പെട്ടു.
ഈ ഡോക്യുമെന്ററിയെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത് നാസയുടെ 2004-2011 MER ചൊവ്വാ പര്യവേക്ഷണ ദൗത്യവുമായി ബന്ധപ്പെട്ട് നിര്‍മിച്ച റോവി്ങ് മാര്‍സ് എന്ന ഡോക്യുമെന്ററിയാണെന്ന് വ്യക്തമായി. യൂട്യൂബില്‍ ലഭ്യമായ ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പരിശോധിച്ചതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഈ ഡോക്യുമെന്ററിയിലേതാകാമെന്ന സൂചന ലഭിച്ചു.
2006 ല്‍ പുറത്തിറങ്ങിയ ‘റോവിങ് മാര്‍സ്’ എന്ന ഈ ഡോക്യമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ജോര്‍ജ് ബട്ലര്‍ ആണ്. നാസയുടെ ചൊവ്വാ പര്യവേക്ഷണവുമായി ബന്ധപ്പെട്ടാണ് ഡോക്യുമെന്ററി. ഡിസ്നി-ഹോട്സ്റ്റാറില്‍ ലഭ്യമായ ഡോക്യുമെന്ററി പൂര്‍ണമോയി പരിശോധിച്ചതോടെ പ്രചരിക്കുന്ന ദൃശ്യങ്ങളെല്ലാം ഈ ഡോക്യുമെന്ററിയിലേതാണെന്ന് വ്യക്തമായി.
നാസയുടെ ചൊവ്വാ പര്യവേക്ഷണത്തിനിടെ ലഭിച്ച ചിത്രങ്ങളും മറ്റ് പേടകങ്ങള്‍വഴി ലഭിച്ച ചിത്രങ്ങളും അടിസ്ഥാനമാക്കി ആനിമേഷന്‍ വഴിയാണ് ദൃശ്യങ്ങള്‍ നിര്‍മിച്ചതെന്ന് ഡോക്യുമെന്ററിയുടെ അവസാനഭാഗത്ത് വ്യക്തമാക്കുന്നുണ്ട്.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥ ദൃശ്യങ്ങളല്ലെന്നും 2006ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയതാണെന്നും വ്യക്തമായി.
Conclusion:
ചൊവ്വയിലിറങ്ങുന്ന ബഹിരാകാശ പേടകത്തിന്റെ ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. 2004 ലെ നാസയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യത്തെ അടിസ്ഥാനമാക്കി 2006 ല്‍ ജോര്‍ജ് ബട്ലര്‍ സംവിധാനം ചെയ്ത റോവിങ് മാര്‍സ് എന്ന ഡോക്യുമെന്ററിയിലെ ആനിമേഷനിലൂടെ നിര്‍മിച്ച ദൃശ്യങ്ങളാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിക്കുന്നതെന്ന് സ്ഥിരീകരിച്ചു.