കോഴിക്കോട് താമരശ്ശേരിയില്‍ രണ്ട് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എളേറ്റില്‍ എം.ജെ.എച്ച്. എസ്.എസിലെ വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷഹബാസ് ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്. ഇതിനെത്തുടര്‍ന്ന് സംഘര്‍ഷത്തിലുള്‍പ്പെട്ട താമരശ്ശേരി ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടിയിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങളെന്ന തരത്തിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും നിരവധി പേര്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചതായി കാണാം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ താമരശേരിയിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റേതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയിലെ ചില സ്ക്രീന്‍ഷോട്ടുകളുപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ മറ്റുചില ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍നിന്ന് ഇതേ ദൃശ്യങ്ങള്‍ പങ്കുവെച്ചതായി കണ്ടെത്തി. ഇതിലൊരു പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിവരണം വ്യത്യസ്തമാണ്. വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജിലെ റാഗിങ് എന്ന തരത്തിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഈ സൂചന ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട നിരവധി മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. മനോരമ ഓണ്‍ലൈനില്‍ 2025 മാര്‍ച്ച് 2 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയ്ക്കടുത്ത് വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളും ജൂനയര്‍ വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണിത്. പ്രചരിക്കുന്ന വീഡിയോയിലെ സ്ക്രീന്‍ഷോട്ടുകളും വാര്‍ത്തയില്‍ കാണാം.
24 ന്യൂസ്, കേരളവിഷന്‍ ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ ഈ സംഭവം ദൃശ്യങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തതായും കണ്ടെത്തി.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് താമരശ്ശേരിയിലെ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.
Conclusion:
താമരശ്ശേരിയില്‍ രണ്ട് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തിന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തിരുവനന്തപുരത്തെ വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജ് വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷത്തിന്റേതാണെന്നും ഈ ദൃശ്യങ്ങള്‍ക്ക് താമരശ്ശേരിയിലെ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.