വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തില്‍ മനുഷ്യര്‍ മാത്രമല്ല, നിരവധി വളര്‍ത്തുജീവികളും മറ്റ് ജീവജാലങ്ങളും മണ്ണിനടിയിലായി. ദുരന്തമുഖത്തുനിന്ന് മനുഷ്യരുടെ ദൃശ്യങ്ങള്‍ക്കൊപ്പം നിരവധി വളര്‍ത്തുമൃഗങ്ങളുടെ ദൈന്യതയാര്‍ന്ന ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. ഇത്തരത്തില്‍ ചെളിയില്‍ ഒറ്റപ്പെട്ട രണ്ട് കുട്ടിക്കുരങ്ങളുകളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രണ്ട് കുട്ടിക്കുരങ്ങുകള്‍ പരസ്പരെ കെട്ടിപ്പിടിച്ച് ദൈന്യതയാര്‍ന്ന മുഖഭാവത്തോടെ രക്ഷപ്പെടാന്‍ ശ്രമങ്ങള്‍ നടത്തുന്നതാണ് വീഡിയോയില്‍.
Fact-check:
വീഡിയോ വയനാട് മുണ്ടക്കൈയില്‍നിന്നുള്ളതല്ലെന്ന് വസ്തുത പരിശാധനയില്‍ വ്യക്തമായി.
ഒരു മിനുറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പശ്ചാത്തല വിവരങ്ങളോ ശബ്ദത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാവുന്ന വിവരങ്ങളോ ലഭ്യമല്ല. വാട്ടര്‍മാര്‍ക്ക് പോലും ഇല്ലാത്ത വീഡിയോ ആയതിനാല്‍ റിവേഴ്സ് ഇമേജ് പരിശോധനയാണ് തിരഞ്ഞെടുത്തത്. തിരച്ചിലില്‍ നിരവധി അക്കൗണ്ടുകളില്‍നിന്ന് ഈ വീഡിയോ കഴിഞ്ഞ ഒരാഴ്ചയ്ക്കകം പങ്കുവെച്ചതായി കണ്ടെത്തി. എന്നാല്‍ ഏതെങ്കിലും വാര്‍ത്താമാധ്യമങ്ങളുടെ പേജുകളിലോ മറ്റോ വയനാടുമായി ബന്ധപ്പെട്ട കീവേഡുകളിില്‍ ഈ വീഡിയോ കണ്ടെത്താനായില്ല. ഇത് വീഡിയോ മറ്റേതെങ്കിലും സാഹചര്യത്തിലേതാകാമെന്നതിന്റെ ആദ്യസൂചനയായി.
വയനാട് മുണ്ടക്കൈ ദുരന്തം നടന്നത് 2024 ജൂലൈ 30 ചൊവ്വാഴ്ച പുലര്‍ച്ചെയാണ്. ഇതിന് മുന്‍പ് പങ്കുവെച്ച വീഡിയോ ഉണ്ടോ എന്നാണ് തുടര്‍ന്ന് പരിശോധിച്ചത്. ഇതോടെ 2024 ജൂലൈ 28ന് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ ലഭിച്ചു.
പ്രചരിക്കുന്ന വീഡിയോയ്ക്ക് സമാനമായി യഥാര്‍ത്ഥ പശ്ചാത്തലശബ്ദമോ മറ്റ് വാട്ടര്‍മാര്‍ക്കുകളോ ഇല്ലാത്ത വീഡിയോയാണ് ഇതും. എന്നാല്‍ പങ്കുവെച്ചത് ജൂലൈ 28ന് ആയതിനാല്‍ ദൃശ്യങ്ങള്‍ക്ക് വയനാട്ടിലെ ദുരന്തവുമായി യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പിക്കാനായി.
തുടര്‍ന്ന് പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് കൂടുതല്‍ പരിശോധിച്ചു. ജൂലൈ 29ന് മറ്റൊരു യൂട്യൂബ് ചാനലില്‍നിന്നും ഇതേ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി. ഇതില്‍ @binduchaudhary എന്ന ടിക്ടോക് ഐഡി കാണാം.
ടിക്ടോക് ഇന്ത്യയില്‍ നിരോധിച്ചതിനാല്‍ നിരോധനമില്ലാത്ത ചില രാജ്യങ്ങളിലെ സുഹൃത്തുക്കള്‍ വഴി ഈ അക്കൗണ്ട് പരിശോധിച്ചു. ഇതില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് ജൂലൈ 20-നാണ്. എന്നാല്‍ വീഡിയോയുടെ പശ്ചാത്തലമോ മറ്റ് വിവരങ്ങളോ പോസ്റ്റിനൊപ്പം നല്‍കിയിട്ടില്ല.
ഇതോടെ പ്രചരിക്കുന്ന വീഡിയോ പഴയതാണെന്ന് വ്യക്തമായി. ടിക്ടോക്കിലെ മറ്റ് പല അക്കൗണ്ടുകളിലും ഇതേ വീഡിയോ കണ്ടെത്താനായെങ്കിലും വ്യക്തമായ വിവരങ്ങള്‍ ആരും നല്‍കിയിട്ടില്ലെന്നതിനാല്‍ വീഡിയോയുടെ യഥാര്‍ത്ഥ പശ്ചാത്തലം സംബന്ധിച്ച് വ്യക്തത ലഭിച്ചില്ല.
Conclusion:
കുട്ടിക്കുരങ്ങന്‍മാര്‍ ചെളിയില്‍ ദൈന്യതയോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ദൃശ്യം വയനാട് മുണ്ടക്കൈ ദുരന്ത മേഖലയില്‍നിന്നുള്ളതല്ല. മുണ്ടക്കൈ ദുരന്തം നടന്ന 2024 ജൂലൈ 30 ന് മുന്‍പുതന്നെ ദൃശ്യങ്ങള്‍ വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായിരുന്നുവെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.