കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉയര്‍ത്തിയ ‘വോട്ട് ചോരി’ ആരോപണങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാറും പ്രതിരോധത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപണങ്ങള്‍ക്കെതിരെ ന്യായവാദങ്ങള്‍ നിരത്തിയെങ്കിലും കേന്ദ്രസര്‍ക്കാറോ ബിജെപിയോ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഇതിനിടെയാണ് വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിയോട് അങ്കണവാടി കുട്ടികള്‍ സംസാരിക്കുന്നതെന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അങ്കണവാടികളിലെ കുട്ടികളോട് കുശലാന്വേഷണം നടത്തുന്ന പ്രധാനമന്ത്രിയോട് കുട്ടികളില്‍ ചിലര്‍ താങ്കളെ ടെലിവിഷനില്‍ കണ്ടിട്ടുണ്ടെന്ന് പറയുന്നു. തുടര്‍ന്ന് ടിവിയില്‍ താന്‍ എന്തുചെയ്യുകയായിരുന്നു എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് കുട്ടികളിലൊരാള്‍ വോട്ട് ചോരി എന്ന് മറുപടി നല്‍കുന്നതായി കേള്‍ക്കാം.
Fact-check:
പ്രചാരണം വാസ്തവവിരുദ്ധമാണെന്നും പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയുടെ പശ്ചാത്തലമാണ് ആദ്യം പരിശോധിച്ചത്. മിറര്‍ ചെയ്ത വീഡിയോയില്‍ ബാലവാടിക എന്ന് കാണാം. ഈ സൂചന ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ അഖില ഭാരതീയ ശിക്ഷാ സമാഗം പരിപാടിയുടെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയത്തിലെ ബാലവാടിക ആശയത്തിലൂന്നി 2023 ജൂണില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിന്റെ ഭാഗമായി മോദി കുട്ടികളുമായി സംവദിച്ചതിന്റെ ദൃശ്യങ്ങളാണിതെന്ന് കണ്ടെത്തി. ഇന്ത്യന്‍ എക്സ്പ്രസ് 2023 ജൂണ്‍ 30ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇതേ പശ്ചാത്തലത്തിലെ ചിത്രം കാണാം. ഇതോടെ ദൃശ്യത്തിന് 2025ലെ വോട്ട് ചോരി വിവാദവുമായി ബന്ധമില്ലെന്ന് വ്യക്തമായി.
തുടര്‍ന്ന് ഈ സൂചന ഉപയോഗിച്ച് ഈ തിയതിയില്‍ പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോകള്‍ പരിശോധിച്ചതോടെ പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ പതിപ്പ് കണ്ടെത്തി. 2023 ജൂണ്‍ 29നാണ് വീഡിയോ പങ്കുവെച്ചത്.
2023 ല്‍ പങ്കുവെച്ച വീഡിയോയില്‍ കുട്ടികള്‍ സംസാരിക്കുന്നത് പൂര്‍ണമായി പരിശോധിച്ചതോടെ പ്രചരിക്കുന്ന വീഡിയോയിലെ ഓഡിയോ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി. മോദിയെ ടെലിവിഷനില്‍ കണ്ടിട്ടുണ്ടെന്ന് പറയുന്ന കുട്ടികളോട് ടെലിവിഷനില്‍ താന്‍ എന്തുചെയ്യുകയായിരുന്നു എന്ന് മോദി തിരിച്ച് ചോദിക്കുന്നു. ഇതിന് മറുപടിയായി കുട്ടികളിലൊരാള്‍ മോദിയെ കെട്ടിപ്പിടിക്കുകയാണ് ദൃശ്യങ്ങളില്‍. ഇവിടെയാണ് കുട്ടിയുടെ ശബ്ദത്തില്‍ വോട്ട് ചോരി എന്ന വാക്ക് എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്.
Conclusion:
മോദിയോട് സംസാരിക്കുന്ന അങ്കണവാടി കുട്ടികള്‍ വോട്ട് ചോരി വിവാദത്തില്‍ അദ്ദേഹത്തെ ടിവിയില്‍ കണ്ടതായി പറയുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് വസ്തുത പരിശോധനയില്‍ വ്യക്തമായി. 2023 ലെ വീഡിയോയില്‍ വോട്ട് ചോരി എന്ന ശബ്ദം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് പ്രചാരണം.