‘നദിയില്‍ ഇടിമിന്നല്‍ പതിക്കുന്ന ദൃശ്യങ്ങള്‍’ കണ്ടിരുന്നോ? വസ്തുതയറിയാം
നദിയില്‍ ഇടിമിന്നല്‍ പതിച്ചതിനെ തുടര്‍ന്ന് വെള്ളെ തിളച്ചുയരുന്ന ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് മുപ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 2 Aug 2023 4:03 PM GMTശാസ്ത്രത്തിന്റെയും പ്രകൃതിയുടെയും അത്ഭുതപ്രതിഭാസങ്ങള്‍ ചിലപ്പോള്‍ മനോഹരവും ചിലപ്പോള്‍ ഭീതിജനകവുമാണ്. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ പലതും വ്യാജമാകാറുണ്ട്. മറ്റു ചിലപ്പോള്‍ ദൃശ്യങ്ങള്‍ക്കൊപ്പം തെറ്റായ വിവരണങ്ങള്‍ പ്രചരിക്കാറുമുണ്ട്.
നദിയില്‍ ഇടിമിന്നല്‍ പതിക്കുന്ന ദൃശ്യങ്ങള്‍ എന്ന വിവരണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുപ്പത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വെള്ളം ഉയര്‍ന്നു പൊങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.
Magesh Nedumudy എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച വീഡിയോയ്ക്കൊപ്പം നല്കിയ കുറിപ്പില്‍ ഇടിമിന്നല്‍ പതിച്ചതിനെ തുടര്‍ന്ന് വെള്ളം തിളച്ചുപൊങ്ങിയെന്നും ചേര്‍ത്തതായി കാണാം.
Fact-check:
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചു. വീഡിയോയുടെ പത്താമത്തെ സെക്കന്റില്‍ കരയില്‍നിന്ന് തീ പോലെ തോന്നിക്കുന്ന ഒരു വസ്തു നദിയിലേക്ക് നീങ്ങുന്നതായി കാണാം.
ഇതോടെ സംഭവം ഇടിമിന്നലാകാന്‍ സാധ്യതയില്ലെന്ന അനുമാനത്തിലെത്തി.
തുടര്‍ന്ന് റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് ചിത്രത്തിലെ ചില കീ ഫ്രെയിമുകള്‍ പരിശോധിച്ചു. ഇതോടെ പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള വീഡിയോ യൂട്യൂബില്‍ കണ്ടെത്തി.
2012 ഡിസംബര്‍ 21ന് Rannikon Merityo എന്ന യൂട്യൂബ് ചാനലില്‍നിന്ന് പങ്കുവെച്ചിരിക്കുന്നത് ഇതേ ദൃശ്യങ്ങളാണെന്ന് സ്ഥിരീകരിച്ചു. ഈ വീഡിയോയ്ക്ക് 56 സെക്കന്റ് ദൈര്‍ഘ്യമുണ്ട്.
വീഡിയോയ്ക്കൊപ്പം നല്കിയിരിക്കുന്ന വിവരണത്തില്‍ പറയുന്നത് “ഈ വീഡിയോയില്‍ ഞങ്ങള്‍ ജലപാത ആഴംകൂട്ടുന്നു” എന്നാണ്. ഇതോടെ കൃത്രിമമായി നിര്‍മിച്ച സ്ഫോടനത്തിന്റെ ദൃശ്യങ്ങളാകാം ഇതെന്ന സൂചന ലഭിച്ചു.
തുടര്‍ന്ന് കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഈ യൂട്യൂബ് പേജിന്റെ വിവരങ്ങള്‍ പരിശോധിച്ചു.
ചാനലിന്റെ About പേജില്‍ നല്കിയിരിക്കുന്ന വിവരങ്ങള്‍ ഗൂഗ്ള്‍ ട്രാന്‍സലേറ്റ് ഉപയോഗിച്ച് പരിഭാഷപ്പെടുത്തി. ഇതോടെ ഇത് ഫിന്നിഷ് ഭാഷയാണെന്ന് വ്യക്തമായി. ജലപാതയും ജലാശയങ്ങളുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഫിന്‍ലാന്‍റിലെ കമ്പനിയാണിതെന്ന് ഈ വിവരണത്തില്‍നിന്ന് വ്യക്തമായി.
തുടര്‍ന്ന് കൂടുതല്‍ വ്യക്തതയ്ക്കായി കമ്പനിയുടെ വെബ്സൈറ്റ് പരിശോധിച്ചു. ഡ്രില്ലിങ്, ഡ്രഡ്ജിങ്, നദിയുടെ ആഴം കൂട്ടല്‍ ഉള്‍പ്പെടെ പ്രവൃത്തികള്‍ ചെയ്യുന്ന കമ്പനിയാണിതെന്ന് ഇതോടെ സ്ഥിരീകരിക്കാനായി.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ നദി ആഴം കൂട്ടുന്നതിന്റെ ഭാഗമായി നദിയില്‍ കൃത്രിമമായി ചെയ്ത സ്ഫോടനത്തിന്റേതാണെന്നും ഇതിന് പത്തുവര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും സ്ഥിരീകരിക്കാനായി.
Conclusion:
നദിയില്‍ ഇടിമിന്നല്‍ പതിക്കുന്നതിന്‍റെയും തുടര്‍ന്ന് വെള്ളം തിളച്ചുമറിയുന്നതിന്‍റെയും ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഇത് ഒരു സ്വാഭാവിക പ്രകൃതി പ്രതിഭാസമല്ലെന്നും 2012 ല്‍ ഫിന്‍ലാന്‍റിലെ ഒരു കമ്പനി നദി ആഴം കൂട്ടുന്നതിന്റെ ഭാഗമായി കൃത്രിമമായി ഉണ്ടാക്കിയ സ്ഫോടനത്തിന്റെ ദൃശ്യങ്ങളാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി