ബീഹാറിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ബീഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പരിപാടിയില്‍ ജനങ്ങളുടെ മഹാപ്രളയമെന്ന അടിക്കുറിപ്പോടെ ആയിരക്കണക്കിന് പേര്‍ ഒരു വീഥിയില്‍ അണിനിരന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആകാശദൃശ്യത്തിനൊപ്പം ബീഹാറില്‍ ജനങ്ങളുടെ പ്രളയമായി രാഹുല്‍ഗാന്ധി കുതിച്ചുവരുന്നുവെന്ന കുറിപ്പും കാണാം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഈ ദൃശ്യങ്ങള്‍ക്ക് വോട്ടര്‍ അധികാര്‍ യാത്രയുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
വീഡിയോയുടെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതേ വീഡിയോ 2025 ജൂണില്‍ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നതായി കണ്ടെത്തി.
ജൂണ്‍ 9 ന് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നല്‍കിയ വീഡിയോയില്‍ ഈ ദൃശ്യങ്ങളും കാണാം. ജൂണ്‍ അവസാനവാരം ആരംഭിക്കാനിരിക്കുന്ന രഥയാത്രയുമായി ബന്ധപ്പെട്ടതാണ് വീഡിയോ. ഇതോടെ ഒഡീഷയിലെ പുരിയില്‍ വര്‍ഷംതോറും നടക്കുന്ന ജഗന്നാഥ രഥയാത്രയില്‍നിന്നുള്ള ദൃശ്യങ്ങളാണിതെന്ന സൂചന ലഭിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മറ്റൊരു ഫെയ്സ്ബുക്ക് അക്കൗണ്ടിലും ഇതേ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി. ജഗന്നാഥ രഥയാത്രയ്ക്ക് ഇനി രണ്ടുനാള്‍ എന്ന അടക്കുറിപ്പോടെയാണ് വീഡിയോ നല്‍കിയിരിക്കുന്നത്.
ഇതോടെ വീഡിയോ പുരി രഥയാത്രയുമായി ബന്ധപ്പെട്ടതാണെന്നും 2025 ജൂണ്‍ മുതല്‍ സമൂഹമാധ്യമങ്ങളിലുണ്ടെന്നും വ്യക്തമായി. ഈ വര്‍ഷത്തെ രഥയാത്രയ്ക്ക് മുന്‍പ് പുറത്തുവന്ന വീഡിയോ ആയതിനാല്‍ മുന്‍വര്‍ഷങ്ങളിലെ ദൃശ്യമാകാമെന്ന സൂചന ലഭിച്ചു. ഇതോടെ 2025 ആഗസ്റ്റില്‍ ആരംഭിച്ച രാഹുല്‍ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയുമായി ദൃശ്യങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഏറെക്കുറെ ഉറപ്പിക്കാനായി.
ആരംഭ് ടിവി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ യൂട്യൂബ് പേജിലും പ്രചരിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ കാണാം. പുരി രഥയാത്രയ്ക്ക് തുടക്കം എന്ന വിവരണത്തോടെ ജൂണ്‍ 26നാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. അതേസമയം രാഹുല്‍ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തതായി തത്സമയ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.
Conclusion:
രാഹുല്‍ ഗാന്ധിയുടെ ബീഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയുടെ ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്ന ആകാശദൃശ്യങ്ങള്‍ പുരിയിലെ ജഗന്നാഥ യാത്രയുടേതാണ്. ഇതിന് വോട്ടര്‍ അധികാര്‍ യാത്രയുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.