മ്യാന്‍മറിലും തായ്ലാന്‍ഡിലും 2025 മാര്‍ച്ച് 28നുണ്ടായ ശക്തമായ ഭൂചലനത്തില്‍ മൂവായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഭൂകമ്പത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ ഒരു ഹ്രസ്വവീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ ഒരു ബഹുനിലക്കെട്ടിടം തകര്‍ന്നുവീഴുന്നതിന്റെയും ഭൂചലനത്തിനിടെ റോഡിന്റെ മറ്റ് രണ്ട് ദൃശ്യങ്ങളും കാണാം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ദൃശ്യങ്ങള്‍ മ്യാന്‍മര്‍ - തായ്ലാന്‍ഡ് ഭൂകമ്പത്തിന്റേതല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
മൂന്ന് വ്യത്യസ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ആദ്യത്തേത് ഒരു ബഹുനിലക്കെട്ടിടം തകര്‍ന്നുവീഴുന്ന ദൃശ്യമാണ്. രണ്ടാമത്തേത് ഒരു കാറിനകത്തുനിന്ന് റെക്കോഡ് ചെയ്ത വീഡിയോയാണ്. ഇതില്‍ ഭൂചലനത്തില്‍ റോഡ് ചലിച്ചുതുടങ്ങിയതിന് പിന്നാലെ വാഹനം നിര്‍ത്തുന്നതും വാഹനവും കെട്ടിടങ്ങളും ഭൂചലനത്തില്‍ ഇളകുന്നതും കാണാം. മൂന്നാമത്തേതും ഇതിന് സമാനമായ ദൃശ്യമാണ്. പുറത്തുനിന്നെടുത്ത വീഡിയോയില്‍ റോഡില്‍ നിര്‍ത്തിയ ഒരു വാഹനം ശക്തിയായി ചലിക്കുന്നത് കാണാം.
മൂന്ന് ദൃശ്യങ്ങളുടെയും കീഫ്രെയിമുകള്‍ വ്യത്യസ്തമായി എടുത്ത് പരിശോധിച്ചതോടെ എല്ലാം വെവ്വേറെ സംഭവങ്ങളുടേതാണെന്ന് വ്യക്തമായി. ആദ്യത്തെ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ 2023 മാര്‍ച്ചില്‍ തുര്‍ക്കിഷ് ഭാഷയില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ലഭിച്ചു.
ഉള്ളടക്കം ഗൂഗ്ള്‍ ട്രാന്‍സലേറ്റിന്റെ സഹായത്തോടെ പരിഭാഷപ്പെടുത്തി. തുര്‍ക്കിയയിലെ അദാനയില്‍ 1998ലുണ്ടായ ഭൂചലനത്തില്‍ കേടുപാടുകള്‍ സംഭവിച്ച കെട്ടിടമാണിത്. പിന്നീട് 2023 ഫെബ്രുവരിയില്‍ ഈ മേഖലയില്‍ വീണ്ടും ഭൂചലനമുണ്ടായതിനെത്തുടര്‍ന്ന് കെട്ടിടം കൂടുതല്‍ അപകടാവസ്ഥയിലായി. ഇതിനെത്തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി നിയന്ത്രിതരീതിയില്‍ കെട്ടിടം പൊളിച്ചുനീക്കുന്നതിനെക്കുറിച്ചാണ് വാര്‍ത്ത. ഇതോടെ ഈ ദൃശ്യങ്ങള്‍ക്ക് 2025 ലെ മ്യാന്‍മര്‍ - തായ്ലാന്‍ഡ് ഭൂചലനവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയിലെ രണ്ടാമത്തെ ദൃശ്യമാണ് തുടര്‍ന്ന് പരിശോധിച്ചത്. കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തിയതോടെ ഇത് 2024 ജനുവരിയില്‍ ജപ്പാനിലുണ്ടായ സംഭവമാണെന്ന സൂചന ലഭിച്ചു. ജപ്പാനിലെ ഇഷിവാക്ക പ്രവിശ്യയിലെ നോട്ടോ പെനിസുലയിലുണ്ടായ ഭൂചലനത്തിന്റെ ഈ ദൃശ്യങ്ങള്‍ MBS News എന്ന വെരിഫൈഡ് യൂട്യൂബ് ചാനലില്‍ കാണാം.
അവസാനത്തെ ദൃശ്യവും സമാനമായ രീതിയില്‍ പരിശോധിച്ചു. ഇത് തുര്‍ക്കിയയില്‍ 2024 ജനുവരിയിലുണ്ടായ ഭൂചലനത്തിന്റേതാണെന്ന് കണ്ടെത്തി. കിര്‍ഗിസ്ഥാന്‍ പ്രദേശത്ത് റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ദൃശ്യങ്ങളെന്ന വിവരണത്തോടെ തുര്‍ക്കിഷ് ഭാഷയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താ റിപ്പോര്‍ട്ട് കണ്ടെത്തി.
ഇതോടെ പ്രചരിക്കുന്ന വീഡിയോയിലെ മൂന്ന് ദൃശ്യങ്ങള്‍ക്കും 2025 മാര്‍ച്ച് 28നുണ്ടായ മ്യാന്‍മര്‍ - തായ്ലാന്‍ഡ് ഭൂചലനവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ചു.
Conclusion:
മ്യാന്‍മര്‍ - തായ്ലാന്‍ഡ് ഭൂചലനത്തിന്റെ ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്ന ഹ്രസ്വ വീഡിയോ വ്യത്യസ്ത സംഭവങ്ങളുടെ മൂന്ന് ദൃശ്യങ്ങള്‍ ചേര്‍ത്തുണ്ടാക്കിയതാണെന്ന് വസ്തുത പരിശോധനയില്‍ വ്യക്തമായി. ജപ്പാനിലെയും തുര്‍ക്കിയയിലെയും 2023-24 വര്‍ഷങ്ങളിലുണ്ടായ മൂന്ന് വ്യത്യസ്ത ഭൂചലനങ്ങളുടെ ദൃശ്യങ്ങളാണ് ഒരുമിച്ചുചേര്‍ത്ത് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നതെന്ന് സ്ഥിരീകരിച്ചു.