Fact Check: എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ തകര്‍ന്ന ഹോസ്റ്റല്‍ കെട്ടിടം? വീഡിയോയുടെ സത്യമറിയാം

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ കെട്ടിടത്തിന്റെ ദൃശ്യമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ തീ ആളിപ്പടരുന്ന ഒരു ബഹുനിലക്കെട്ടിടം കാണാം.

By -  HABEEB RAHMAN YP
Published on : 16 Jun 2025 11:45 PM IST

Fact Check:  എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ തകര്‍ന്ന ഹോസ്റ്റല്‍ കെട്ടിടം? വീഡിയോയുടെ സത്യമറിയാം
Claim:അഹമ്മദാബാദിലെ വിമാനാപകടത്തില്‍ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റല്‍ കെട്ടിടത്തില്‍ തീപടരുന്ന വീഡിയോ
Fact:പ്രചാരണം അടിസ്ഥാനരഹിതം; പ്രചരിക്കുന്ന വീഡിയോയിലേത് അഹമ്മദാബാദ് അപകടത്തിന് രണ്ടുനാള്‍ മുന്‍പ് ഡല്‍ഹി ദ്വാരകയില്‍ ബഹുനിലക്കെട്ടിടത്തിന് തീപ്പിടിച്ച ദൃശ്യം.

അഹമ്മദാബാദ് വിമാനാപകടത്തില്‍ എയര്‍ഇന്ത്യ വിമാനം തകര്‍ന്നുവീണ കെട്ടിടത്തിന്റേതെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വിമാനം പതിച്ച മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ വീഡിയോ എന്ന തരത്തില്‍ അടിക്കുറിപ്പോടെ പങ്കുവെയ്ക്കുന്ന വീഡിയോയില്‍ ഒരു ബഹുനിലക്കെട്ടിടം കത്തുന്നതും ചിലര്‍ താഴേയ്ക്ക് വീഴുന്നതും കാണാം. ജീവന്‍ രക്ഷിക്കാനായി താഴേക്ക് ചാടുന്നവരുടെ ദൃശ്യങ്ങളെന്ന അവകാശവാദവും ചില പോസ്റ്റുകളില്‍ കാണാം. ‌




Fact-check:

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ അഹമ്മദാബാദ് വിമാനാപകടത്തിന്റേതല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വീഡിയോ നേരത്തെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നതായി കണ്ടെത്തി. ഭാരത് പോസ്റ്റ് എന്ന വെരിഫൈഡ് എക്സ് അക്കൗണ്ടില്‍ 2025 ജൂണ്‍ 10 നാണ് (അഹമ്മദാബാദ് വിമാനാപകടത്തിന് രണ്ടുദിവസങ്ങള്‍ക്ക് മുന്‍പ്) വീഡിയോ പങ്കുവെച്ചിരിക്കുന്നത്.




‍ഡല്‍ഹിയിലെ ദ്വാരകയില്‍ കെട്ടിടത്തിന് തീപ്പിടിച്ചതിന്റെ ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ എന്‍‍‍ഡിടിവിയുടെ ലോഗോയും കാണാം. ഈ സൂചന ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ എന്‍ഡിടിവി യൂട്യൂബ് ചാനലില്‍ ഇതേ വീഡിയോ സഹിതം നല്‍കിയ വാര്‍ത്താറിപ്പോര്‍ട്ട് ലഭിച്ചു.




2025 ജൂണ്‍ 10നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ദ്വാരകയില്‍ ബഹുനിലക്കെട്ടിടത്തിന്റെ എട്ടും ഒന്‍പതും നിലകളിലുണ്ടായ തീപ്പിടിത്തത്തില്‍ രക്ഷപ്പെടാന്‍ താഴേക്ക് ചാടിയ 35കാരനും രണ്ട് മക്കളും മരണപ്പെട്ടതായാണ് വാര്‍ത്ത.

IANS വാര്‍ത്താ ഏജന്‍സിയുടെ വെബ്സൈറ്റിലും വിശദമായ റിപ്പോര്‍ട്ട് ഇതേദിവസം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.




കീവേ‍‍‍‍ഡുകള്‍ ഉപയോഗിച്ച് തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ എക്കണോമിക്സ് ടൈംസ് ഉള്‍പ്പെടെ വിവിധ ദേശീയ മാധ്യമങ്ങള്‍ ചിത്രങ്ങളും ദൃശ്യങ്ങളുമടക്കം പ്രസ്തുത വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.




ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. ദൃശ്യങ്ങള്‍ക്ക് അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധമില്ലെങ്കിലും അപകടത്തില്‍ വിമാനം പതിച്ചത് ഒരു ബഹുനിലക്കെട്ടിടത്തിലേക്കാണ്. ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. തുടര്‍ന്ന് വിമാനം കത്തിയമരുകയും ഹോസ്റ്റല്‍ കെട്ടിടത്തില്‍ തീ പടരുകയും ചെയ്തിരുന്നു.


Conclusion:

അഹമ്മദാബാദ് വിമാനാപകടത്തെത്തുടര്‍ന്ന് തീ പടരുന്ന ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ആളുകള്‍ രക്ഷപ്പെടാനായി താഴേക്ക് ചാടുന്ന ദൃശ്യങ്ങളെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അഹമ്മദാബാദ് വിമാനദുരന്തത്തിന് രണ്ടുദിവസം മുന്‍പ് ജൂണ്‍ 10ന് ഡല്‍ഹിയിലെ ദ്വാരകയില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപ്പിടിത്ത ദൃശ്യമാണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത്.

Claim Review:അഹമ്മദാബാദിലെ വിമാനാപകടത്തില്‍ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റല്‍ കെട്ടിടത്തില്‍ തീപടരുന്ന വീഡിയോ
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം; പ്രചരിക്കുന്ന വീഡിയോയിലേത് അഹമ്മദാബാദ് അപകടത്തിന് രണ്ടുനാള്‍ മുന്‍പ് ഡല്‍ഹി ദ്വാരകയില്‍ ബഹുനിലക്കെട്ടിടത്തിന് തീപ്പിടിച്ച ദൃശ്യം.
Next Story