Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ തന്നെ ദൃശ്യങ്ങള്‍ യഥാര്‍ഥമല്ല എന്നതിന്‍റെ നിരവധി സൂചനകള്‍ ലഭിച്ചു. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മറ്റ് വിമാനങ്ങളുടെ ദൃശ്യങ്ങളും കാണാം. ഇതില്‍ ഒന്നിലധികം വിമാനങ്ങള്‍ ഒരുമിച്ച് പറത്തുന്ന ഭാഗങ്ങള്‍ വീഡിയോ ഏതെങ്കിലും ആനിമേറ്റഡ് ഗെയിമിന്‍റെ ഭാഗമാകാമെന്നതിന്‍റെ പ്രധാന സൂചനയായി. വീഡിയോയുടെ 25.12 മിനിറ്റിലെ അത്തരത്തിലുള്ള ദൃശ്യങ്ങള്‍:
വീഡിയോയിലെ വാട്ടര്‍മാര്‍ക്കായി നല്‍കിയിരിക്കുന്ന ViralA19 എന്ന എഴുത്താണ് ആദ്യം പരിശോധിച്ചത്. ഇത് കീവേഡ് സെര്‍ച്ചില്‍ ഒരു ഫെയ്സ്ബുക്ക് പേജിന്‍റെ പേരാണെന്ന് കണ്ടെത്തി. പേജിനെക്കുറിച്ചുള്ള വിവരണത്തില്‍ വീഡിയോ ഗെയിമുകളുടെ ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്ന പേജാണെന്നും നല്‍കിയിരിക്കുന്നു.
പേജിലെ പോസ്റ്റുകള്‍ പരിശോധിച്ചപ്പോള്‍ ഇത്തരം നിരവധി വിമാന ഗെയിമുകളുടെ ദൃശ്യങ്ങള്‍ കാണാനായി. ജപ്പാന്‍ വിമാനം ഇന്ത്യയില്‍ അടിയന്തര ലാന്‍ഡിങ് ചെയ്യുന്നതെന്ന ഇംഗ്ലീഷ് അടിക്കുറിപ്പോടെ അതേ വീഡിയോ ഈ പേജിലാണ് ആദ്യം പങ്കുവെച്ചതെന്നും കണ്ടെത്തി.
വീഡിയോ പങ്കുവെച്ചതിനൊപ്പം Playing Grand Theft Auto V എന്ന് അടയാളപ്പെടുത്തിയതും കാണാം. ഇതോടെ ദൃശ്യങ്ങള്‍ വീഡിയോ ഗെയിമിലേതാണെന്ന് സ്ഥിരീകരിക്കാനായി. ഈ ലിങ്കുവഴി GTA യുടെ ഫെയ്സ്ബുക്ക് പേജില്‍ പ്രവേശിക്കാം. റോക്ക്സ്റ്റാര്‍ എന്ന കമ്പനിയുടെ വീഡിയോ ഗെയിമുകളാണ് GTA എന്ന് പേജില്‍ വ്യക്തമാക്കുന്നു.
ഫെയ്സ്ബുക്ക് പേജില്‍ നല്കിയിരിക്കുന്ന വെബ്സൈറ്റ് അഡ്രസ് പരിശോധിച്ചാല്‍ റോക്ക്സ്റ്റാര്‍ GTA സീരീസിലെ നിരവധി ഗെയിമുകള്‍ കാണാം. ഇതില്‍ ചില ഗെയിമുകളുടെ വീഡിയോകള്‍ യൂട്യൂബിലും ലഭ്യമാണ്.
വസ്തുതാ പരിശോധനയുടെ അവസാനഘട്ടത്തില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ മുഴുവനായി പരിശോധിച്ചപ്പോള്‍ വീഡിയോയുടെ 26:42 മിനിറ്റില്‍ റോക്ക്സ്റ്റാര്‍ കമ്പനിയുടെ ലോഗോയും കാണാനായി.
ഇതോടെ പങ്കുവെച്ചിരിക്കുന്ന ദൃശ്യങ്ങള്‍ GTA-5 ഗെയിമിലേതാണെന്ന് സ്ഥിരീകരിച്ചു. കൂടാതെ, പങ്കുവെച്ച അടിക്കുറിപ്പില്‍ പറയുന്നപ്രകാരം ഏതെങ്കിലും ജപ്പാന്‍ വിമാനം ഇന്ത്യയില്‍ അടിയന്തരലാന്‍ഡിങ് നടത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും സമീപകാലത്ത് പ്രസിദ്ധീകരിച്ചതായി കണ്ടെത്തിയില്ല.
Conclusion:
ജപ്പാന്‍ വിമാനം ഇന്ത്യയില്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്ന ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വിഡിയോ ഒരു ആനിമേറ്റഡ് ഗെയിമിന്‍റെ ഭാഗമായ ദൃശ്യങ്ങളാണ്. റോക്ക്സ്റ്റാര്‍ എന്ന കമ്പനിയുടെ GTA-5 വീഡിയോ ഗെയിമിന്‍റെ ദൃശ്യങ്ങളാണിത്. ദൃശ്യങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാ വിരുദ്ധവുമാണ്.