അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ സൈന്യം പ്രകോപനപരമായ ആക്രമണം നടത്തിയതിന് പിന്നാലെ മെയ് 8 ന് രാത്രി ഇന്ത്യ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ പാക്കിസ്ഥാനിലെ കറാച്ചി തുറമുഖം ഇന്ത്യ തകര്‍ത്തുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തകര്‍ന്ന തുറമുഖത്തിന്റ ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ തകര്‍ന്നുകിടക്കുന്ന വാഹനാവശിഷ്ടങ്ങളും മറ്റും കാണാം.
Fact-check:
പ്രചാരണം വ്യാജമാണെന്നും ദൃശ്യങ്ങള്‍ കറാച്ചിയിലേതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ദൃശ്യങ്ങള്‍ 2025 ഫെബ്രുവരി മുതല്‍ ലഭ്യമാണെന്ന് കണ്ടെത്തി. ഫിലാഡെല്‍ഫിയയില്‍ ഒരു വിമാനാപകടത്തിന്റെ ദൃശ്യങ്ങളെന്ന തരത്തില്‍ ചില യൂട്യൂബ് ചാനലുകളില്‍ ഈ വീഡിയോ 2025 ഫെബ്രുവരി ആദ്യവാരം പങ്കുവെച്ചതായി കണ്ടെത്തി.
DMPTV എന്ന ഇന്‍സ്റ്റഗ്രാം പേജിലും ഇതേ തിയതിയില്‍ ഫിലാഡെല്‍ഫിയയിലെ വിമാനാപകടമെന്ന അടിക്കുറിപ്പോടെ ഈ വീഡിയോ പങ്കുവെച്ചതായി കാണാം.
ഇതോടെ ദൃശ്യങ്ങള്‍ക്ക് ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധമില്ലെന്നും ഓപ്പറേഷന്‍ സിന്ദൂറിന് കാലങ്ങള്‍ക്ക് മുന്‍പുതന്നെ നിലവിലുള്ള വീഡിയോയാണിതെന്നും വ്യക്തമായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി.
US Express എന്ന വാര്‍ത്താ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരമനുസരിച്ച് 2025 ജനുവരി 31 നാണ് അപകടമുണ്ടായത്. ഫിലാഡെല്‍ഫിയയിലെ കോട്ട്മാന്‍ അവന്യൂ മേഖലയില്‍ ചെറുവിമാനം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് പ്രദേശത്തെ ഏതാനും വീടുകള്‍ക്ക് തീപ്പിടിക്കുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വാര്‍ത്ത.
CNN ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങളിലും അപകടവുമായി ബന്ധപ്പെട്ട വാര്‍ത്ത കാണാം. അപകടത്തില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വീഡിയോയ്ക്ക് ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധമില്ലെന്നും വ്യക്തമായി. അതേസമയം കറാച്ചി തുറമുഖം ആക്രമിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Conclusion:
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ കറാച്ചി തുറമുഖത്ത് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധമില്ല. ഇത് 2025 ജനുവരി 31ന് ഫിലാഡെല്‍ഫിയയിലുണ്ടായ വിമാനാപകടത്തിന്റെ ദൃശ്യങ്ങളാണ്.