രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് രാജ്യം 2025 മെയ് ഏഴ് ബുധനാഴ്ച പുലര്‍ച്ചെ അതിശക്തമായ തിരിച്ചടിയിലൂടെ മറുപടി നല്‍കി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ രാജ്യം നടത്തിയ സൈനിക നടപടിയുടെ ദൃശ്യങ്ങളെന്ന നിലയിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാക്കിസ്ഥാനില്‍ ഇന്ത്യ മിസൈലാക്രമണം നടത്തുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ഹ്രസ്വ വീഡിയോയില്‍ കെട്ടിടങ്ങളില്‍ പതിക്കുന്ന മിസൈലുകളുടെ ദൃശ്യങ്ങള്‍ കാണാം.
Fact-check:
ദൃശ്യങ്ങള്‍ക്ക് ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധമില്ലെന്നും ഇസ്രയേലില്‍ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന്റെ ദൃശ്യങ്ങളാണിതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഉസ്ബക് ഭാഷയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഈ വീഡിയോയിലെ ചില ഭാഗങ്ങള്‍ ചിത്രമായി ഉള്‍പ്പെടുത്തിയതായി കണ്ടെത്തി. ഉസ്ബക്കിസ്ഥാന്‍ എംബസി ഇസ്രയേലിലെ പൗരന്മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പ് സന്ദേശമെന്ന നിലയില്‍ 2024 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണിത്.
ഇതോടെ ദൃശ്യങ്ങള്‍ ഇന്ത്യ നടത്തിയ സൈനിക നടപടിയുടേതല്ലെന്നും പഴയതാണെന്നും വ്യക്തമായി. വീഡിയോയുടെ യഥാര്‍ത്ഥ പശ്ചാത്തലമറിയുന്നതിനായി കൂടുതല്‍ പരിശോധനകള്‍ നടത്തി. പ്രചരിക്കുന്ന വീഡിയോയില്‍ ഡിഡി ഇന്ത്യ ലോഗോ കാണാം. ഇതിന്റെ അടിസ്ഥാനത്തില്‍ തിയതിയും ഇസ്രയേലില്‍ നടന്ന സംഭവമെന്ന സൂചനയും ഉള്‍പ്പെടുത്തി നടത്തിയ പരിശോധനയില്‍ ഡിഡി ഇന്ത്യ യൂട്യൂബ് ചാനലില്‍ 2024 ഒക്ടോബര്‍ രണ്ടിന് ഈ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി.
ഇസ്രയേലിലെ നെവാറ്റിം വ്യോമതാവളം ലക്ഷ്യമാക്കി ഇറാന്‍ പ്രയോഗിച്ച മിസൈലുകളുടെ ദൃശ്യമെന്ന വിവരണത്തോടെയാണ് ദൂരദര്‍ശന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ദൃശ്യങ്ങള്‍ക്ക് ഓപ്പറേഷന്‍ സിന്ദൂറുമായോ ഇന്ത്യയുമായോ യാതൊരു ബന്ധവുമില്ലെന്ന് സ്ഥിരീകരിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആകാശവാണി ഉള്‍പ്പെടെ നിരവധി മാധ്യമങ്ങളില്‍ ഈ ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കണ്ടെത്താനായി. ആകാശവാണി ഫെയ്സ്ബുക്ക് പേജില്‍ ഈ വീഡിയോയ്ക്കൊപ്പം 2024 ഒക്ടോബര്‍ 2 ന് പങ്കുവെച്ച വിവരപ്രകാരം ഇസ്രയേലിലേക്ക് ഇറാന്‍ 200 ഓളം മിസൈലുകളുപയോഗിച്ച് ആക്രമണം നടത്തിയെന്നും സംഘര്‍ഷം കൂടുതല്‍ വഷളാകുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
ഇന്ത്യ പാക്കിസ്ഥാനെതിരെ 2025 മെയ് 7ന് നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനികാക്രമണത്തിന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ക്ക് ഇതുമായി ബന്ധമില്ല. ഈ ദൃശ്യങ്ങള്‍ 2024 ഒക്ടോബര്‍ 2ന് ഇസ്രയേലില്‍ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന്റേതാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.