പെണ്‍കുട്ടികളെ വഴിയരികില്‍ മര്‍ദിച്ച മുസ്‍ലിം യുവാവിനെ ഉടനടി പിടികൂടിയെന്ന അവകാശവാദത്തോടെ ഉത്തര്‍പ്രദേശ് പൊലീസിനെ അഭിനന്ദിച്ച് ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സ്കൂള്‍ വിട്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനികളിലൊരാളെ പൊതുവഴിയില്‍ ഒരാള്‍ ബൈക്കിലെത്തി ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റേതെന്ന തരത്തില്‍ സിസിടിവി ദൃശ്യങ്ങളും പിന്നീട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്ത് പൊതുവഴിയിലൂടെ കൈകള്‍ ബന്ധിച്ച് നടത്തിക്കൊണ്ടുവരുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ഉത്തര്‍ പ്രദേശ് പൊലീസിന്റെ മിടുക്കെന്ന തരത്തിലാണ് വീഡിയോ നിരവധി പേര്‍ പങ്കുവെയ്ക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോ ഉത്തര്‍പ്രദേശില്‍നിന്നുള്ളതല്ലെന്നും പ്രചരിക്കുന്ന വീഡിയോ രണ്ട് വ്യത്യസ്ത സംഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മിച്ചതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയിലെ ആദ്യഭാഗം ഒരു സിസിടിവി ദൃശ്യമാണ്. ഇത് റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചതോടെ സംഭവവുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. മഹാരാഷ്ട്രയില്‍ 2024 ഡിസംബറില്‍ നടന്ന സംഭവമാണിത്. ഈ ദൃശ്യങ്ങളങ്ങുന്ന വീഡിയോ റിപ്പോര്‍ട്ട് സകാല്‍ എന്ന മറാത്തി മാധ്യമത്തിന്റെ യൂട്യൂബ് പേജില്‍ പ്രസിദ്ധീകരിച്ചതായി കാണാം.
പര്‍ഭാനി എന്ന സ്ഥലത്ത് വിദ്യാലയത്തില്‍നിന്ന് മടങ്ങിയ പെണ്‍കുട്ടികളെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെക്കുറിച്ചാണ് വാര്‍ത്ത. എബിപി ഉള്‍പ്പെടെ മറ്റ് മാധ്യമങ്ങളിലും ഇതേ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത നല്‍കിയതായി കാണാം. തുടര്‍ന്ന് സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി പ്രാദേശിക മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ദേശോന്നതി എന്ന മാധ്യമപോര്‍ട്ടലില്‍ നല്‍കിയ വിവരമനുസരിച്ച് മുഹമ്മദ് അസ്‍ലം എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.
തുടര്‍ന്ന് രണ്ടാമത്തെ ദൃശ്യം പരിശോധിച്ചു. മധ്യപ്രദേശിലെ ഗാഡര്‍വാരയില്‍നിന്നുള്ളതാണ് ഈ ദൃശ്യം. 40,000 രൂപയുടെ പണമിടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ നഗരത്തില്‍ പട്ടാപ്പകള്‍ കൊലപാതകം നടത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടിയ ദൃശ്യങ്ങളാണിതെന്ന് മാധ്യമറിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമായി. ഭാരത് സംവാദ് ടിവി നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കാണാം.
മധൂര്‍ ചൗരസ്യ എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് വികാസ് കുഛ്ബന്ദിയ എന്നയാളാണ്. ഇതുമായി ബന്ധപ്പെട്ട് ന്യൂസ്21 ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകളും ലഭിച്ചു.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംഭവങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് പൊലീസുമായി ബന്ധമില്ലെന്നും വ്യക്തമായി.
Conclusion:
വഴിയോരത്ത് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച മുസ്‍ലിം യുവാവിനെ പിടികൂടിയ ഉത്തര്‍പ്രദേശ് പൊലീസിന്റെ സത്വര നടപടിയെ അഭിനന്ദിച്ച് പങ്കുവെച്ച ദൃശ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വസ്തുത പരിശോധനയില്‍ കണ്ടെത്തി. ആദ്യഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ 2024 ഡിസംബറില്‍ മഹാരാഷ്ട്രയില്‍ നടന്ന സംഭവത്തിന്റേതും രണ്ടാംഭാഗത്തെ പൊലീസ് പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങള്‍ മധ്യപ്രദേശിലെ ഒരു വധക്കേസുമായി ബന്ധപ്പെട്ടതുമാണ്.