Fact Check: അഹമ്മദാബാദ് അപകടത്തിന് മുന്‍പ് എയര്‍ഇന്ത്യ വിമാനത്തിനകത്ത് പുകനിറഞ്ഞ ദൃശ്യം? വീഡിയോയുടെ വാസ്തവം

അഹമ്മദാബാദ് വിമാനാപകടത്തിന് തൊട്ടുമുന്‍പ് വിമാനത്തിനകത്ത് പുക നിറഞ്ഞ ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ കാബിനില്‍ നിറയെ പുകയും യാത്രക്കാരുടെ ശബ്ദങ്ങളും കേള്‍ക്കാം.

By -  HABEEB RAHMAN YP
Published on : 14 Jun 2025 9:33 PM IST

Fact Check: അഹമ്മദാബാദ് അപകടത്തിന് മുന്‍പ് എയര്‍ഇന്ത്യ വിമാനത്തിനകത്ത് പുകനിറഞ്ഞ ദൃശ്യം? വീഡിയോയുടെ വാസ്തവം
Claim:അഹമ്മദാബാദില്‍ അപകടത്തില്‍പെട്ട എയര്‍ഇന്ത്യ വിമാനത്തിനകത്ത് അപകടത്തിന് തൊട്ടുമുന്‍പ് പുകനിറഞ്ഞ ദൃശ്യങ്ങള്‍
Fact:പ്രചാരണം അടിസ്ഥാനരഹിതം. 2020-ല്‍ റൊമാനിയയില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട റയാന്‍എയര്‍ വിമാനത്തിലുണ്ടായ സംഭവത്തിന്റെ വീഡിയോയാണ് തെറ്റായ വിവരത്തോടെ പ്രചരിപ്പിക്കുന്നത്.

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്‍ അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിന്റെ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ അപകടത്തിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ കാബിനില്‍ പുക നിറഞ്ഞതിന്റെ ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ദൈര്‍ഘ്യം കുറഞ്ഞ ഈ വീഡിയോയില്‍ വിമാനത്തിനകത്ത് നിറയെ പുകയും യാത്രക്കാരുടെ ശബ്ദങ്ങളുമുണ്ട്.




Fact-check:

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അഹമ്മദാബാദില്‍ അപകടത്തില്‍പെട്ട എയര്‍ഇന്ത്യ വിമാനനത്തിലെ ദൃശ്യങ്ങളല്ല ഇതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ വീഡിയോ നേരത്തെ തന്നെ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നതായി കണ്ടെത്തി. 2023 ല്‍ എക്സിലും ടിക്ടോക്കിലുമടക്കം നിരവധി പേര്‍ ഈ വീഡിയോ പങ്കുവെച്ചിരുന്നു. ഇതില്‍ ചില വീഡിയോകള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന കുറിപ്പില്‍ ഇത് 2020-ല്‍ റയാന്‍ എയര്‍ലൈന്‍സ് അപകടത്തില്‍പെട്ടതിന്റെ ദൃശ്യങ്ങളാണെന്ന സൂചന ലഭിച്ചു.




ഈ സൂചന ഉപയോഗിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ടെത്താനാണ് തുടര്‍ന്ന് ശ്രമിച്ചത്. 2020 ജനുവരി 23 ന് എന്‍ഡിടിവി ഹിന്ദിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയിലെ സ്ക്രീന്‍ഷോട്ടും റിപ്പോര്‍ട്ടില്‍ കാണാം.




റൊമാനിയയില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട റയാന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സമുദ്രനിരപ്പില്‍നിന്ന് അയ്യായിരം അടിയിലേറെ ഉയരത്തില്‍ നില്‍ക്കവെ കാബിനില്‍ പുകനിറഞ്ഞത്. ഇതിനെത്തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തിയ വിമാനത്തിലെ യാത്രക്കാര്‍ സുരക്ഷിതരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബോയിങ് 737-800 മോഡല്‍ വിമാനത്തിലാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് പുക നിറഞ്ഞത്.

യുകെ മാധ്യമമായ മെട്രോന്യൂസും ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. കാബിനില്‍ പുക നിറഞ്ഞതിനെത്തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ മറ്റൊരു ആംഗിളില്‍നിന്നുള്ള വീഡിയോ മെട്രോ ന്യൂസ് വെബ്സൈറ്റില്‍ കാണാം.




രണ്ട് വീഡിയോകളിലും വിമാനത്തിന്റെ അകത്തെ ദൃശ്യങ്ങള്‍ വ്യക്തമാണ്. റയാന്‍ എയര്‍ലൈന്‍സിന്റെ ഡിസൈനടങ്ങുന്ന ചില ചിത്രങ്ങള്‍ പരിശോധിച്ചതോടെ പ്രചരിക്കുന്ന വീഡിയോയിലേത് റയാന്‍ എയര്‍ലൈന്‍സിനകത്തെ ദൃശ്യങ്ങളാണെന്നും എയര്‍ ഇന്ത്യയിലേതല്ലെന്നും ഉറപ്പിക്കാനായി.




ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് അഹമ്മദാബാദില്‍ എയര്‍ഇന്ത്യ വിമാനം അപകടത്തില്‍ പെട്ടതുമായി യാതൊരു ബന്ധവുമില്ലെന്ന് സ്ഥിരീകരിച്ചു.


Conclusion:

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പെടുന്നതിന് തൊട്ടുമുന്‍പ് വിമാനനത്തിനകത്ത് പുക നിറഞ്ഞതിന്റെ ദൃശ്യങ്ങളെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വസ്തുതാവിരുദ്ധമാണ്. ഇത് 2020 ജനുവരിയില്‍ റൊമാനിയയില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട റയാന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലുണ്ടായ സംഭവമാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

Claim Review:അഹമ്മദാബാദില്‍ അപകടത്തില്‍പെട്ട എയര്‍ഇന്ത്യ വിമാനത്തിനകത്ത് അപകടത്തിന് തൊട്ടുമുന്‍പ് പുകനിറഞ്ഞ ദൃശ്യങ്ങള്‍
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം. 2020-ല്‍ റൊമാനിയയില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട റയാന്‍എയര്‍ വിമാനത്തിലുണ്ടായ സംഭവത്തിന്റെ വീഡിയോയാണ് തെറ്റായ വിവരത്തോടെ പ്രചരിപ്പിക്കുന്നത്.
Next Story