Fact Check: അപകടത്തില്‍പെട്ട എയര്‍ഇന്ത്യ വിമാനത്തിലെ ജീവനക്കാരുടെ ദൃശ്യം? വീഡിയോയുടെ സത്യമറിയാം

അഹമ്മദാബാദില്‍ അപകടത്തില്‍പെട്ട എയര്‍ഇന്ത്യ വിമാനത്തിലെ എയര്‍ ഹോസ്റ്റസ്സുമാരടക്കം 12 ജീവനക്കാര്‍ വിമാനത്തില്‍ കയറുന്നതിന് മുന്‍പ് ചിത്രീകരിച്ച വീഡിയോ എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയില്‍ എയറോബ്രിഡ്ജിലൂടെ ഇവര്‍ നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ കാണാം.

By -  HABEEB RAHMAN YP
Published on : 15 Jun 2025 2:38 AM IST

Fact Check: അപകടത്തില്‍പെട്ട എയര്‍ഇന്ത്യ വിമാനത്തിലെ ജീവനക്കാരുടെ ദൃശ്യം? വീഡിയോയുടെ സത്യമറിയാം
Claim:അഹമ്മദാബാദില്‍ അപകടത്തില്‍പെട്ട എയര്‍ഇന്ത്യ വിമാനത്തിലെ ജീവനക്കാരുടെ ദൃശ്യം.
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്. അഹമ്മദാബാദ് അപകടത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലുള്ളത് അപകടത്തില്‍പെട്ട വിമാനത്തിലെ ജീവനക്കാരല്ലെന്ന് വീഡിയോ പങ്കുവെച്ച യശസ്വി ശര്‍മ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ദാരുണമായ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ഒരു യാത്രക്കാരന്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന മറ്റ് 229 യാത്രക്കാരും പൈലറ്റും സഹപൈലറ്റുമടക്കം 12 ജീവനക്കാരും അപകടത്തില്‍ മരണപ്പെട്ടതായി എയര്‍ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അപകടത്തില്‍പെട്ട എയര്‍ ഹോസ്റ്റസ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും ദൃശ്യങ്ങളെന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അപകടത്തില്‍ മരണമടഞ്ഞ പന്ത്രണ്ട് ജീവനക്കാര്‍ വിമാനത്തില്‍ കയറുന്നതിന് മുന്‍പ് ചിത്രീകരിച്ച ദൃശ്യങ്ങളെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.




Fact-check:


പ്രചാരണം വസ്തുത വിരുദ്ധമാണെന്നും ദൃശ്യങ്ങളിലുള്ളത് അപകടത്തില്‍പെട്ട വിമാനസര്‍വീസിലെ ക്രൂ അംഗങ്ങളല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പ്രചരിക്കുന്ന വീഡിയോയിലെ പല കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ യശസ്വി ശര്‍മ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍നിന്ന് 2025 ജൂണ്‍ 9ന് ഈ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി.




വീഡിയോയ്ക്ക് താഴെ പലരും അപകടവുമായി ബന്ധപ്പെടുത്തി കമന്റുകള്‍ രേഖപ്പെടുത്തിയതിന് പിന്നാലെ ജൂണ്‍ 13 ന് (അപകടത്തിന് പിറ്റേദിവസം) അവര്‍ തന്നെ മറുപടി നല്‍കിയതായും കണ്ടെത്തി. സുരക്ഷിതയാണെന്നും നിലവില്‍ മുംബൈയിലാണെന്നുമാണ് കമന്റ്.



തുടര്‍ന്ന് ഈ പേജ് വിശദമായി പരിശോധിച്ചതോടെ യശസ്വി ശര്‍മ തന്നെയാണ് സെല്‍ഫി ക്യാമറയിലുള്ളതെന്നും സ്ഥിരീകരിച്ചു. പങ്കുവെച്ചിരിക്കുന്ന മറ്റ് ചില വീഡിയോകളില്‍ നെയിം ബാഡ്ജില്‍ ഈ പേര് ദൃശ്യമാണ്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതേ പ്രൊഫൈലില്‍നിന്ന് ജൂണ്‍ 14ന് പങ്കുവെച്ച മറ്റൊരു പോസ്റ്റും കണ്ടെത്തി. അപകടത്തില്‍ പെട്ട ജീവനക്കാരുടേതെന്ന തരത്തില്‍ വീഡിയോ വ്യാജ അടിക്കുറിപ്പോടെ പ്രചരിക്കുന്നത് സംബന്ധിച്ചാണ് പോസ്റ്റ്.




വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പങ്കുവെച്ച് എത്ര കുടുംബങ്ങളെയാണ് വേദനിപ്പിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.

ഇതോടെ പ്രചരിക്കുന്ന വീഡിയോ അപകടത്തില്‍പെട്ട വിമാനത്തിലെ ജീവനക്കാരുടേതല്ലെന്ന് ഏറെക്കുറെ വ്യക്തമായി. അപകടത്തില്‍പെട്ട ജീവനക്കാരുടെ പേരുവിവരങ്ങള്‍ വിവിധ മാധ്യമറിപ്പോര്‍ട്ടുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.




ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.

പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ എവിടെനിന്ന് എപ്പോള്‍ ചിത്രീകരിച്ചതാണെന്നതില്‍ സ്ഥിരീകരണത്തിനായി ന്യൂസ്മീറ്റര്‍ യശസ്വിയെ ഇന്‍സ്റ്റഗ്രാം വഴി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കുന്നമുറയ്ക്ക് ആ വിവരം ചേര്‍ക്കുന്നതാണ്.


Conclusion:

അഹമ്മദാബാദില്‍ അപകടത്തില്‍പെട്ട എയര്‍ഇന്ത്യ വിമാനത്തിലെ ജീവനക്കാരുടെ വീഡിയോ എന്ന വിവരണത്തോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഈ വിമാനസര്‍വീസിലെ ക്രൂ അംഗങ്ങളുടെ വീഡിയോ അല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വീഡിയോ പങ്കുവെച്ച എയര്‍ഹോസ്റ്റസ് യശസ്വി ശര്‍മതന്നെ ഇക്കാര്യം വ്യക്തമാക്കുകയും വ്യാജപ്രചാരണം നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

Claim Review:അഹമ്മദാബാദില്‍ അപകടത്തില്‍പെട്ട എയര്‍ഇന്ത്യ വിമാനത്തിലെ ജീവനക്കാരുടെ ദൃശ്യം.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്. അഹമ്മദാബാദ് അപകടത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലുള്ളത് അപകടത്തില്‍പെട്ട വിമാനത്തിലെ ജീവനക്കാരല്ലെന്ന് വീഡിയോ പങ്കുവെച്ച യശസ്വി ശര്‍മ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Next Story