തുര്‍‌ക്കിയയിലെ ഭൂകമ്പം: കാറിനകത്തെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ജപ്പാനിലേത്!

2011 ല്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തിന്‍റെ ദൃശ്യങ്ങളാണ് തുര്‍ക്കിയയിലേതെന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  8 Feb 2023 5:19 PM GMT
തുര്‍‌ക്കിയയിലെ ഭൂകമ്പം: കാറിനകത്തെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ജപ്പാനിലേത്!

തുര്‍ക്കിയ-സിറിയ അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂകമ്പത്തിന്‍റെ ഞെട്ടലിലാണ് ലോകം. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദാരുണമായ ചിത്രങ്ങളും ദൃശ്യങ്ങളും ഏവരെയും കണ്ണീരണിയിക്കുന്നതാണ്. എന്നാല്‍ ഭൂകമ്പത്തിന്‍റെ പശ്ചാത്തലത്തില്‍ തുര്‍ക്കിയയുമായി ബന്ധമില്ലാത്ത നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തുര്‍ക്കിയയിലെ ഭൂകമ്പത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസം നിരവധി പേര്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് താഴെ.Nasarudeen Nasar എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് തുര്‍ക്കിയയിലേതെന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ അയ്യായിരത്തോളം പേരാണ് പങ്കുവെച്ചിരിക്കുന്നത്.


സമാനമായ അടിക്കുറിപ്പോടെ വാട്സാപ്പിലും നിരവധി പേര്‍ ഈ വീഡിയോ പങ്കുവെയ്ക്കുന്നുണ്ട്.

Fact-check

24 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ കാറിനകത്തെ ഡാഷ്ബോര്‍ഡില്‍ ഘടിപ്പിച്ച ക്യാമറയിലേതാണെന്ന് വ്യക്തം. സ്ഥലമോ സമയമോ സംബന്ധിച്ച് സൂചനകള്‍ വീഡിയോയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ റിവേഴ്സ് ഇമേജ് പരിശോധന നടത്തിയതോടെ redrum.tokyo എന്ന വെബ്സൈറ്റിലും VID CLIPS എന്ന യൂട്യൂബ് ചാനലിലും ഇതേ വീഡിയോ കണ്ടെത്താനായി.‌വെബ്സൈറ്റില്‍ ജാപ്പനീസ് ഭാഷയില്‍ നല്‍കിയിരിക്കുന്ന കുറിപ്പ് തര്‍ജമ ചെയ്തതോടെ ദൃശ്യങ്ങള്‍ ജപ്പാനിലേതാണെന്ന് ഉറപ്പിക്കാനായി. 3.11 എന്നത് 2011 മാര്‍ച്ചിനെ സൂചിപ്പിക്കുന്നു. ഇത് യൂട്യൂബ് വീഡിയോയിലെ ടൈം സ്റ്റാംപില്‍നിന്ന് സ്ഥിരീകരിക്കാനായി. മാത്രവുമല്ല, യൂട്യൂബ് വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണത്തിലും സമാനമായ സൂചനകള്‍ കണ്ടെത്തി.


ഗൂഗ്ള്‍ ട്രാന്‍സലേറ്ററിന്‍റെ സഹായത്തോടെ നല്‍കിയിരിക്കുന്ന വിവരണം പരിശോധിച്ചു. ജപ്പാനില്‍ 2011 മാര്‍ച്ച് 11ന് ഉണ്ടായ സുനാമിയ്ക്ക് മുന്നോടിയായി അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിന്‍റെ ദൃശ്യങ്ങളാണെന്ന് കുറിപ്പില്‍ പറയുന്നു.

ലഭിച്ച വിവരങ്ങള്‍ ആധികാരിക മുഖ്യധാരാ വാര്‍ത്താ സ്രോതസുകളില്‍നിന്നല്ലാത്തതിനാല്‍ കൂടുതല്‍ സ്ഥിരീകരണത്തിന് ശ്രമിച്ചു. ഇതിനായി വീഡിയോയില്‍നിന്ന് ലഭിച്ച ടൈം സ്റ്റാംപ് പരിശോധിച്ചു.വീഡിയോയിലെ ജിപിഎസ് ടാഗില്‍ നല്‍കിയിരിക്കുന്ന ലൊക്കേഷന്‍ ഐഡി ഉപയോഗിച്ച് വീഡിയോ ജപ്പാനില്‍നിന്നുള്ളതാണെന്ന് ആദ്യം സ്ഥിരീകരിച്ചു.2011 മാര്‍ച്ച് 11 ന് ഉച്ചയ്ക്ക് 2:48 ആണ് വീഡിയോയിലെ സമയം. ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ ജപ്പാനില്‍ സുനാമിയ്ക്ക് മുന്നോടിയായുണ്ടായ ഭൂചലനം ഇതേ സമയത്തായിരുന്നുവെന്ന് സ്ഥിരീകരിക്കാനായി.
ദാരുണ സംഭവത്തിന്‍റെ നാലാം വാര്‍ഷികത്തില്‍ BBC പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സമയം വ്യക്തമാക്കുന്നുണ്ട്. കൂടാതെ ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും ഭൂചലനം നടന്നത് 2.46നാണെന്ന് പറയുന്നു.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ജപ്പാനില്‍ 2011ലുണ്ടായ ഭൂചലനത്തിന്‍റേതാണെന്ന് ഉറപ്പിക്കാനായി.


Conclusion:

തുര്‍ക്കിയയിലെ ഭൂചലനത്തിന്‍റെ കാറിനകത്തുനിന്ന് പകര്‍ത്തിയ ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ പത്തുവര്‍ഷത്തിലേറെ പഴയതാണ്. 2011 ല്‍ ജപ്പാനിലുണ്ടായ സുനാമിയ്ക്ക് മുന്നോടിയായി അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിന്‍റെ ദൃശ്യങ്ങളാണിതെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ഇതിന് തുര്‍ക്കിയയില്‍ 2023 ലുണ്ടായ ഭൂചലനവുമായി .യാതൊരു ബന്ധവുമില്ല.

Claim Review:Visuals of Turkey earthquake shot from a car
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story