ലോക്സഭ തിരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടങ്ങളിലേക്കടുക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വന്നുകഴിഞ്ഞു. തെലങ്കാനയിലെ ബഹദൂര്‍പുരയില്‍ വോട്ടെടുപ്പില്‍ കൃത്രിമം നടത്തുന്നുവെന്ന ആരോപണത്തോടെയാണ് പുതിയ പ്രചാരണം. വോട്ടിങ് കംപാര്‍ട്ട്മെന്റിന് അടുത്തേക്ക് വോട്ടര്‍മാര്‍ എത്തുന്നതിന് മുന്‍പുതന്നെ മറ്റൊരാള്‍ അവര്‍ക്കുവേണ്ടി വോട്ട് രേഖപ്പെടുത്തുന്ന തരത്തിലാണ് ദൃശ്യങ്ങള്‍. ഒന്നിലധികം തവണ ഇങ്ങനെ ബീപ് ശബ്ദവും കേള്‍ക്കാം. (Archive)
ബിജെപിയ്ക്ക് നേരെയാണ് സമൂഹമാധ്യമങ്ങളില്‍ ആരോപണമുയരുന്നത്. ഇത്തരം കൃത്രിമത്തിലൂടെയാണ് ബിജെപി 400 സീറ്റ് ലക്ഷ്യംവെക്കുന്നതെന്ന വിവരണത്തോടെ നിരവധി പേര്‍ വീഡിയോ പങ്കുവെച്ചതായി കാണാം. (Archive 1, Archive 2, Archive 3)
Fact-check:
പ്രചരിക്കുന്ന വീഡിയോയ്ക്ക് 2024 ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും രണ്ടുവര്‍ഷം പഴയ വീഡിയോ പശ്ചിമബംഗാളില്‍നിന്നുള്ളതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയില്‍ ഒന്നിലധികം പേര്‍ മാസ്ക് ധരിച്ചിരിക്കുന്നത് വീഡിയോ പഴയതാകാമെന്നതിന്റെ സൂചനയായി. തുടര്‍ന്ന് വീഡിയോയിലെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഈ ദൃശ്യങ്ങള്‍ ഒരു ബംഗാളി മാധ്യമറിപ്പോര്‍ട്ടില്‍ ഉപയോഗിച്ചതായി കണ്ടെത്തി.
2022 ഫെബ്രുവരി 27ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഗൂഗ്ള്‍ ട്രാന്‍സലേറ്ററിന്റെ സഹായത്തോടെ പരിഭാഷപ്പെടുത്തി. പശ്ചിമബംഗാളിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനിടെ ദക്ഷിണ ദംദമിലെ 33-ാം വാര്‍ഡിലെ 108-ാം ബൂത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് വോട്ടെടുപ്പില്‍ കൃത്രിമം കാണിച്ചതായാണ് റിപ്പോര്‍ട്ട്.
ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതോടെ TV9 Bangla എന്ന യൂട്യൂബ് ചാനലും ഇതേ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത നല്‍കിയതായി കണ്ടെത്തി.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് 2024 ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന വ്യക്തമായ സൂചന ലഭിച്ചു. കൂടാതെ തെലങ്കാനയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും എക്സില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. (Archive)
പ്രചരിക്കുന്ന വീഡിയോയ്ക്ക് ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് ഹൈദരാബാദ് സിറ്റി പൊലീസും വ്യക്തമാക്കിയതായി കണ്ടെത്തി. (Archive)
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
ലോക്സഭ തിരഞ്ഞെടുപ്പിനിടെ തെലങ്കാനയിലെ ബഹദൂര്‍പുരയില്‍ വോട്ടെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2022 ഫെബ്രുവരിയിലേതാണ്. പശ്ചിമബംഗാളിലെ തദ്ദേശ തിരഞ്ഞെടുപ്പിനിടെയുണ്ടായ ഈ സംഭവത്തിന് 2024 ലോക്സഭ തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.