ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതിന് പിന്നാലെ വോട്ടെടുപ്പില്‍ അട്ടിമറി നടന്നതായും ബീഹാറില്‍ നടത്തിയ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം ഇതിന് വഴിയൊരുക്കിയതായും വിവിധ കോണുകളില്‍നിന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബീഹാര്‍ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ നടന്ന അട്ടിമറിയുടെ ദൃശ്യങ്ങളെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പോളിങ് ഉദ്യോഗസ്ഥന് സമീപം നില്‍ക്കുന്ന ഒരാള്‍ വോട്ടര്‍മാരെ വോട്ടിങ് മെഷീന് സമീപത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ അദ്ദേഹം തന്നെ എല്ലാവരുടെയും വോട്ടുകള്‍ രേഖപ്പെടുത്തുന്നതാണ് ദൃശ്യങ്ങളില്‍.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങള്‍ ബീഹാര്‍ തിരഞ്ഞെടുപ്പിലേതല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വീഡിയോയില്‍ മിക്കവരും മാസ്ക് ധരിച്ചതായി കാണാം. ഇത് പ്രചരിക്കുന്നത് പഴയ ദൃശ്യങ്ങളാകാമെന്ന സൂചന നല്‍കി. തുടര്‍ന്ന് വീഡിയോയിലെ ചില സ്ക്രീന്‍ഷോട്ടുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ നേരത്തെയും പല വിവരണങ്ങളോടെ ദൃശ്യങ്ങള്‍ പ്രചരിച്ചതായി കണ്ടെത്തി. 2022-ല്‍ പങ്കുവെച്ച വിവിധ സമൂഹമാധ്യമ പോസ്റ്റുകളില്‍ ഇത് പശ്ചിമബംഗാളില്‍ നടന്ന സംഭവാണെന്ന് പരാമര്‍ശിച്ചതായി കാണാം. ഇതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ 2022 ഫെബ്രുവരി 27ന് ടിവി-9 ബാംഗ്ല എന്ന ടെലിവിഷന്‍ ചാനലിന്റെ യൂട്യൂബ് പേജില്‍ ഈ ദൃശ്യങ്ങള്‍ പങ്കിട്ടതായി കണ്ടെത്തി.
പശ്ചിമബംഗാളിലെ സൗത്ത് ഡംഡം മുനിസിപ്പാലിറ്റി 33-ാം വാര്‍ഡിലേക്ക് ലേക്ക് വ്യൂ സ്കൂളിൽ നടന്ന വോട്ടെടുപ്പിനിടെ വോട്ടിങ് ഏജന്റ് വോട്ടർമാരെ തടഞ്ഞ് വോട്ട് ചെയ്തുവെന്ന വിവരണത്തോടെയാണ് വീഡിയോ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ തുടര്‍ പരിശോധനയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ടിങ് ഏജന്റാണ് ഇത് ചെയ്തതെന്ന തരത്തില്‍ ബംഗാളിലെ ബിജെപി ആരോപണമുയര്‍ത്തിയതായി കണ്ടെത്തി. ബിജെപി എക്സ് ഹാന്‍ഡിലില്‍നിന്ന് 2022 ഫെബ്രുവരി 27ന് പങ്കിട്ടതായി കണ്ടെത്തി.
ഇതേ ആരോപണമുയര്‍ത്തി കോണ്‍ഗ്രസും എക്സ് ഹാന്‍ഡിലില്‍ ഒരു പോസ്റ്റ് പങ്കിട്ടിട്ടുണ്ട്. 2022 ഫെബ്രുവരി 28ന് പങ്കുവെച്ച വീഡിയോയും പ്രചരിക്കുന്ന അതേ ദൃശ്യങ്ങളാണ്.
സിപിഐഎമ്മും സമാന ആരോപണമുയര്‍ത്തിയതായി കണ്ടെത്തി. ടിവി9 ബാംഗ്ലയുടെ വെബ്സൈറ്റില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കാണാം.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും 2025 ലെ ബീഹാര്‍ തിരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ലെന്നും വ്യക്തമായി.
Conclusion:
ബീഹാര്‍ തിരഞ്ഞെടുപ്പിലെ അട്ടിമറിയെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോ പഴയതാണ്. ബൂത്ത് ഏജന്റ് വോട്ടര്‍മാരെ വോട്ടുചെയ്യാന്‍ അനുവദിക്കാതിരിക്കുന്ന ഈ ദൃശ്യങ്ങള്‍ 2022 ഫെബ്രുവരിയില്‍ പശ്ചിമബംഗാളില്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റേതാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.