'വൈറ്റ് ഹൗസ് ട്വിറ്ററില്‍ പിന്തുടരുന്ന ലോകനേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി' - പ്രചരണത്തിലെ വസ്തുതയറിയാം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിഗത അക്കൗണ്ടും പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ഔദ്യോഗിക അക്കൗണ്ടും ഉള്‍പ്പെടെ 19 ട്വിറ്റര്‍ അക്കൗണ്ടുകളാണ് വൈറ്റ് ഹൗസ് പിന്തുടരുന്നതെന്നും ഇതില്‍ മോദി ഒഴികെ മറ്റ് പ്രമുഖ ലോകനേതാക്കളാരും ഇല്ലെന്നുമാണ് പ്രചരിക്കുന്ന വീഡിയോയിലെ അവകാശവാദം.
By - HABEEB RAHMAN YP | Published on 24 Oct 2022 10:14 PM GMTവൈറ്റ് ഹൗസ് ട്വിറ്ററില്‍ പിന്തുടരുന്ന ലോകനേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന അവകാശവാദത്തോടെ ട്വിറ്റര്‍ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം തയ്യാറാക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വസതിയും ഭരണനിര്‍വഹണസ്ഥലവുമായ വൈറ്റ് ഹൗസിന് ലോകരാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുണ്ട്. മറ്റ് ലോകനേതാക്കളെയൊന്നും പിന്തുടരുന്നില്ലെങ്കിലും ട്വിറ്ററില്‍ നരേന്ദ്രമോദിയുടെ വ്യക്തിഗത അക്കൗണ്ടും പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ഔദ്യോഗിക അക്കൗണ്ടും രാഷ്ട്രപതിയുടെ അക്കൗണ്ടും ഉള്‍പ്പെടെ വൈറ്റ് ഹൗസ് പിന്തുടരുന്നതായാണ് വീഡിയോയില്‍ പറയുന്നത്. Metroman എന്ന ഫെയ്സ്ബുക്ക് പേജില്‍ Rajesh Vaishnavam എന്ന പ്രൊഫൈലില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ട്വിറ്ററിന്‍റെ സ്ക്രീന്‍ഷോട്ടുകളും പ്രധാനമന്ത്രിയുടെ ചിത്രങ്ങളും ചേര്‍ത്ത് പശ്ചാത്തല ശബ്ദത്തോടെയാണ് അവകാശവാദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
രണ്ട് മിനിറ്റും 31 സെക്കന്‍റും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ 21 മില്യണിലധികം പേര്‍ പിന്തുടരുന്ന വൈറ്റ് ഹൗസ് ട്വിറ്റര്‍ ഹാന്‍ഡില്‍ തിരിച്ച് പിന്തുടരുന്നത് 19 പേരെ മാത്രമാണെന്ന് അവകാശപ്പെടുന്നു. 2022 ഒക്ടോബര്‍ 21നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Fact-check
ലോകരാഷ്ട്രീയത്തിന്‍റെ ആസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന വൈറ്റ് ഹൗസിന് നിരവധി ലോകരാജ്യങ്ങളുമായും ലോകനേതാക്കളുമായും മികച്ച നയതന്ത്രബന്ധമുണ്ടെന്നിരിക്കെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ മാത്രം പിന്തുടരുന്നതിലെ സാമാന്യയുക്തിയാണ് വസ്തുതാപരിശോധനയിലേക്ക് നയിച്ചത്. ആദ്യഘട്ടത്തില്‍ വൈറ്റ് ഹൗസിന്‍റ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പരിശോധിച്ചു.
പ്രചരിക്കുന്ന വീഡിയോയില്‍ നല്‍കിയിരിക്കുന്ന സ്ക്രീന്‍ഷോട്ടിലെ അക്കൗണ്ട് വൈറ്റ് ഹൗസിന്‍റേത് തന്നെയാണെന്ന് അക്കൗണ്ട് ഐഡി ഉപയോഗിച്ച് സ്ഥിരീകരിച്ചു. എന്നാല്‍ വീഡിയോയില്‍ ഉപയോഗിച്ച സ്ക്രീന്‍ഷോട്ടിലും നിലവിലെ അക്കൗണ്ടിലും പിന്തുടരുന്നവരുടെ എണ്ണത്തില്‍ വ്യത്യാസം കാണാനായി.
പ്രചരിക്കുന്ന വീഡിയോയില്‍ ഉപയോഗിച്ച സ്ക്രീന്‍ഷോട്ടില്‍ 21 മില്യണിലധികം പേര്‍ അക്കൗണ്ട് പിന്തുടരുന്നുണ്ട്. വൈറ്റ് ഹൗസ് തിരിച്ച് 19 പേരെയും പിന്തുടരുന്നതായി കാണാം. എന്നാല്‍ നിലവിലെ അക്കൗണ്ടില്‍ പിന്തുടരുന്നവരുടെ എണ്ണം എട്ട് മില്യണ്‍ മാത്രമാണ്. വൈറ്റ് ഹൗസ് പിന്തുടരുന്നതാകട്ടെ അഞ്ച് പേരെ മാത്രവും.
ഇതോടെ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് പഴയതാകാമെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് വൈറ്റ് ഹൗസ് പിന്തുടരുന്ന അഞ്ചുപേര്‍ ആരൊക്കെയെന്ന് പരിശോധിച്ചു. ഇത് പ്രസിഡന്‍റ് ജോ ബൈഡന്‍, ഭാര്യ ജില്‍ ബൈഡന്‍, വൈസ് പ്രസിഡന്‍റ് കമല ഹാരിസ്, ഭര്‍ത്താവ് ദോഗ്ലസ് എമോഫ്, വൈറ്റ് ഹൗസ് കോവിഡ് പ്രതികരണ സംഘം എന്നീ അക്കൗണ്ടുകളാണെന്ന് കണ്ടെത്തി.
ഇതോടെ പ്രചരിക്കുന്ന വീഡിയോയിലെ സ്ക്രീന്‍ഷോട്ട് പഴയതാണെന്ന് വ്യക്തമായി. തുടര്‍ന്ന് സ്ക്രീന്‍ഷോട്ട് വിശദമായി പരിശോധിച്ചു. ഇതില്‍ പിന്തുടരുന്നവരുടെ കൂട്ടത്തില്‍ അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിന്റെ പേര് കാണാം.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായ കാലയളവില്‍ 2017 മുതല്‍ 2021 വരെയാണ് മൈക്ക് പെന്‍സ് വൈസ് പ്രസിഡന്‍റായിരുന്നത് എന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഇതോടെ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റായ സമയത്തെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി. വൈറ്റ് ഹൗസ് തിരിച്ച് പിന്തുടരുന്നവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ അക്കൗണ്ടിലെ രാംനാഥ് കോവിന്ദിന്‍റെ ചിത്രവും ഇതിനെ സാധൂകരിക്കുന്നു.
ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ കീവേഡ് പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട് വിവിധ മാധ്യമവാര്‍ത്തകള്‍ ലഭ്യമായി.
2020 ഫെബ്രുവരിയിലാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചത്. ഇതുമായി മാതൃഭൂമി നല്‍കിയ വാര്‍ത്ത ഇവിടെ വായിക്കാം.
ട്രംപ് ഇന്ത്യ സന്ദര്‍ശിച്ച സമയത്താണ് വൈറ്റ് ഹൗസ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ അക്കൗണ്ടുകള്‍ ട്വിറ്ററില്‍ പിന്തുടര്‍ന്നത്. പിന്നീട് 2020 ഏപ്രിലില്‍ പിന്തുടരുന്നത് നിര്‍ത്തുകയും ചെയ്തു. ഇത് ദേശീയതലത്തില്‍ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കാണാം.
അമേരിക്കന്‍ പ്രസിഡന്‍റ് മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന അവസരത്തില്‍ അതത് രാജ്യങ്ങളിലെ ഔദ്യോഗിക ഹാന്‍ഡിലുകള്‍ നിശ്ചിത കാലയളവിലേക്ക് വൈറ്റ് ഹൗസ് പിന്തുടരാറുണ്ടെന്നും ഇത് സന്ദര്‍ശനവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ട്വീറ്റുകളും പങ്കുവെയ്ക്കുന്നതിന് വേണ്ടി മാത്രമാണെന്നും PTI യോട് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി Indian Express റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രസിഡന്‍റ് സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടേത് ഉള്‍പ്പെടെ പ്രധാന ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ താല്‍ക്കാലികമായി പിന്തുടരുന്നത് സ്വാഭാവിക നടപടിയാണെന്ന് വൈറ്റ് ഹൗസ് പിന്നീട് വിശദീകരിച്ചതായി മാതൃഭൂമി ഉള്‍പ്പെടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ പ്രചരിക്കുന്ന വീഡിയോയിലെ അവകാശവാദങ്ങള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വ്യക്തമായി.
Conclusion:
അമേരിക്കയിലെ വൈറ്റ് ഹൗസ് ട്വിറ്ററില്‍ പിന്തുടരുന്ന ലോകനേതാവാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന അവകാശവാദം വസ്തുതാവിരുദ്ധമാണ്. പ്രചരിക്കുന്ന വീഡിയോയിലെ സ്ക്രീന്‍ഷോട്ട് 2020 ഫെബ്രുവരിയില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ച സമയത്തേതാണ്. പ്രസിഡന്‍റ് മറ്റൊരു രാജ്യം സന്ദര്‍ശിക്കുന്ന സമയത്ത് വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി അതത് രാജ്യത്തെ പ്രധാന ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ പിന്തുടരുന്നത് സ്വാഭാവിക നടപടിയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. സന്ദര്‍ശനത്തിന് ശേഷം 2020 ഏപ്രിലില്‍ തന്നെ പ്രധാനമന്ത്രിയുടേതടക്കം അക്കൗണ്ടുകള്‍ വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തിട്ടുമുണ്ട്. പ്രചരിക്കുന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തം.