ലോകാരോഗ്യസംഘടന അവരുടെ തെറ്റ് തിരുത്തിയെന്നും കൊവിഡ് സീസണല്‍ വൈറസ് മാത്രമാണെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചുവെന്നും അവകാശപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
Reji John Parapuram എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച സന്ദേശത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
വീഡിയോ സഹിതം വാട്സാപ്പിലും ഈ സന്ദേശം നിരവധി പേര്‍ പങ്കുവെയ്ക്കുന്നുണ്ട്.
Fact-check:
മൂന്ന് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സംസാരിക്കുന്ന ഡൊളോസ് കഹില്‍ സ്വയം പരിചയപ്പെടുത്തുന്നതോടൊപ്പം വേള്‍ഡ് ഡോക്ടേഴ്സ് അലയന്‍സ് എന്ന സംഘടനുയെ പ്രസിഡന്‍റ് ആണെന്നും പറയുന്നുണ്ട്. കൊവിഡ് ഒരു സീസണല്‍ വൈറസ് മാത്രമാണെന്നും ലോക്ഡൗണ്‍ ഉള്‍പ്പെടെ പ്രത്യേക മുന്‍കരുതലുകള്‍ ആവശ്യമില്ലെന്നും ഇവര്‍ വിശദീകരിക്കുന്നു.
ലഭിച്ച സൂചനകള്‍ ഉപയോഗിച്ച് നടത്തിയ കീവേഡ് സെര്‍ച്ചില്‍ 2020 ഒക്ടോബറില്‍ പങ്കുവെച്ച സമാന വീഡിയോ ഫെയ്സ്ബുക്കില്‍ കണ്ടെത്തി.
മറ്റ് പല അക്കൗണ്ടുകളില്‍നിന്നും ഈ വീഡിയോയുടെ ചെറിയ ക്ലിപ്പുകള്‍ പങ്കുവെച്ചതായി കണ്ടെത്തി. ഇതോടെ 2020 ഒക്ടോബര്‍ മുതല്‍ പ്രചരിക്കുന്ന വീഡിയോ ആണിതെന്ന് വ്യക്തമായി.
വേള്‍ഡ് ഡോക്ടേഴ്സ് അലയന്‍സ് എന്നത് ഇത്തരത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ വിവിധ രാജ്യങ്ങളിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണെന്ന് AP റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇവരുടെ വെബ്സൈറ്റ് നിലവില്‍ ലഭ്യമല്ല.
വേള്‍ഡ് ഡോക്ടേഴ്സ് അലയന്‍സ് എന്ന സംഘടനയുടെ വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ഉള്ളടക്ക നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇവരുടെ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തതായി വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
എന്നാല്‍ ഫെയ്സ്ബുക്കില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചുവെന്നും വീഡിയോ കണ്ടവരുടെ എണ്ണം ആറു മാസത്തിനകം ഇരട്ടിയിലധികം വര്‍ധിച്ചതായും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാഷിങ്ടണ്‍ പോസ്റ്റിലും ഈ സംഘടന കൊവിഡുമായി ബന്ധപ്പെട്ട് നടത്തിയ വ്യാജപ്രചരണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് കണ്ടെത്തി. കൊവിഡുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനകളെത്തുടര്‍ന്ന് ഡോ. ഡൊളോസ് കഹിലിന് ഫ്രീഡം പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെക്കേണ്ടി വന്ന വാര്‍ത്തയും ലഭ്യമായി.
വിവാദ പ്രസ്താവനകളെത്തുടര്‍ന്ന് ഡബ്ലിനിലെ യൂനിവേഴസിറ്റി കോളജില്‍നിന്നും ഇവരെ പുറത്താക്കിയ വാര്‍ത്തയും ലഭിച്ചു.
വേള്‍ഡ് ഡോക്ടേഴ്സ് അലയന്‍സിന്‍റെ ഇതേ വീഡിയോ 2021 ജൂണില്‍ പ്രചരിച്ച സമയത്ത് ആള്‍ട്ട് ന്യൂസ് വസ്തുതാ പരിശോധന നടത്തിയിരുന്നു.
ഇതോടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് ലോകാരോഗ്യസംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും വീഡിയോയുടെ ഉള്ളടക്കം വ്യാജമാണെന്നും വ്യക്തമായി.
Conclusion:
കൊവിഡിനെ നിസ്സാരവല്‍ക്കരിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തിയെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ രണ്ടുവര്‍ഷത്തിലേറെ പഴയതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. വീഡിയോയ്ക്ക് ലോകാരോഗ്യ സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. വീഡിയോയിലുള്ളത് വിവിധ രാജ്യങ്ങളിലെ ഡോക്ടര്‍മാരുടെ കൂട്ടായ്മയെന്ന് അവകാശപ്പെടുന്ന വേള്‍ഡ് ഡോക്ടേഴ്സ് അലയന്‍സ് ആണ്. ഈ വീഡിയോയുടെ ഉള്ളടക്കം വസ്തുതാവിരുദ്ധമാണെന്ന് നേരത്തെ പ്രസിദ്ധീകരിച്ച മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമായി.