വനിതാ ജഡ്ജി അഭിഭാഷകയെ കൈയ്യേറ്റം ചെയ്യുന്ന വീഡിയോ: വസ്തുതയറിയാം
കോടതിയില്‍ മാന്യമായി പെരുമാറാത്തതിന് വനിതാ ജഡ്ജി അഭിഭാഷകയെ കൈയ്യേറ്റം ചെയ്യുന്ന രംഗം എന്ന അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ മഹാരാഷ്ട്രയില്‍നിന്നുള്ളതാണെന്നും പോസ്റ്റുകളില്‍ പറയുന്നു.
By - HABEEB RAHMAN YP | Published on 7 Nov 2022 6:41 PM IST
കോടതിയില്‍ വനിതാ ജഡ്ജി അഭിഭാഷകയെ കൈയ്യേറ്റം ചെയ്യുന്നതെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മഹാരാഷ്ട്രയില്‍നിന്നുള്ള ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ, കോടതിയില്‍ മാന്യമായി പെരുമാറാത്തതിന് വനിതാ ജഡ്ജി അഭിഭാഷകയെ കൈയ്യേറ്റം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണെന്നാണ് അവകാശവാദം. Shahul Hameed എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് പങ്കുവെച്ച വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തോളം പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
Aneesh Robinson എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്നും ഉവൈസ് കടയ്ക്കല്‍ എന്ന പ്രൊഫൈലില്‍നിന്നും സമാനമായ അടിക്കുറിപ്പുകളോടെ ഇതേ വീഡിയോ പങ്കുവെച്ചതായി കാണാം. നിരവധി പേരാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വാട്സാപ്പ് ഉള്‍പ്പെടെ മറ്റ് സമൂഹമാധ്യമങ്ങളിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോയിലെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഇതേ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി.
വാര്‍ത്താ റിപ്പോര്‍ട്ടുകളും ലഭിച്ച യൂട്യൂബ് വീഡിയോകളും പരിശോധിച്ചതോടെ ദൃശ്യങ്ങളിലേത് രണ്ട് വനിതാ അഭിഭാഷകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണെന്നും ഇത് ഉത്തര്‍പ്രദേശിലെ കസ്കഞ്ചില്‍ നടന്ന സംഭവമാണെന്നും സൂചന ലഭിച്ചു.
ജാഗരണ്‍ വാര്‍ത്താ പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന ഹിന്ദി റിപ്പോര്‍ട്ട് പ്രകാരം ഇത് രണ്ട് അഭിഭാഷകര്‍ തമ്മില്‍ നടന്ന സംഘര്‍ഷമാണ്. വാദങ്ങള്‍ക്കിടെയുണ്ടായ വാക്പോര് പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കോടതി പരിസരത്ത് വെച്ച് നടന്ന സംഘര്‍ഷം വനിതാ പൊലീസ് ഉദ്യോഗസ്ഥരും സഹ അഭിഭാഷകരും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കിയതായും സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്. ഒക്ടോബര്‍ 28നാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Shiksha News ഇംഗ്ലീഷില്‍ നല‍്കിയ റിപ്പോര്‍ട്ടിലും സമാന സംഭവങ്ങള്‍ തന്നെയാണ് പരാമര്‍ശിക്കുന്നത്. ഒക്ടോബര്‍ 29-നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വീഡിയോയിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് കസ്കഞ്ചിലെ കുടുംബകോടതിയില്‍ ദമ്പതിമാരുടെ കേസുമായി ബന്ധപ്പെട്ടുണ്ടായ വാഗ്വാദം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ്. സംഘര്‍ഷത്തിലേര്‍പ്പെട്ട അഭിഭാഷകയ്ക്കെതിരെ ഐപിസി 323, 504, 506 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്.
Zee News, BNB Legal തുടങ്ങിയ വെബ്സൈറ്റുകളില്‍നിന്ന് ലഭിച്ച വിവരങ്ങളും ഇതിനെ സാധൂകരിക്കുന്നതാണ്.
എബിപി ലൈവ് ഇതേ വീഡിയോ റിപ്പോര്‍ട്ട് അവരുടെ യൂട്യൂബ് ചാനലില്‍ നല്‍കിയതായും കണ്ടെത്തി. വീഡിയോ റിപ്പോര്‍ട്ടില്‍ മേല്‍പ്പറഞ്ഞ വിവരങ്ങള്‍ ഒരിക്കല്‍കൂടി സ്ഥിരീകരിക്കാനായി.
ഇതോടെ പ്രചരിക്കുന്ന വീഡിയോയിലുള്ളത് വനിതാ ജഡ്ജിയും അഭിഭാഷകയും തമ്മിലുള്ള സംഘര്‍ഷമല്ലെന്നും ദൃശ്യങ്ങള്‍ മഹാരാഷ്ട്രയിലേതല്ലെന്നും വ്യക്തമായി.
Conclusion:
കോടതിയില്‍ അപമര്യാദയായി പെരുമാറിയതിന് വനിതാ ജഡ്ജി അഭിഭാഷകയെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ദൃശ്യങ്ങളിലുള്ളത് രണ്ട് വനിതാ അഭിഭാഷകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണെന്നും ഇത് ഉത്തര്‍പ്രദേശിലെ കസ്കഞ്ച് കുടുംബകോടതിയില്‍നിന്നുള്ള ദൃശ്യങ്ങളാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.