ഷാങ്ഹായ് കോര്‍പ്പറേഷന്‍ സംഘടന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഹസ്തദാനം നല്‍കാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് വിസമ്മതിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഹസ്തദാനത്തിനായി കൈനീട്ടിയ പ്രധാനമന്ത്രി മോദിയ അവഗണിച്ച് മുന്നോട്ട് നടക്കുന്ന ചൈനീസ് പ്രസിഡന്റിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോയ്ക്ക് ഉച്ചകോടിയുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയുടെ പശ്ചാത്തലത്തില്‍ ബ്രിക്സ് 2024 എന്ന് രേഖപ്പെടുത്തിയതായി കാണാം. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വീഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പ് വിവിധ വാര്‍ത്താ ഏജന്‍സികളുടെയും മാധ്യമങ്ങളുടെയും പ്ലാറ്റ്ഫോമുകളില്‍ കണ്ടെത്തി. 2024 ഒക്ടോബര്‍ 23 ന് ANI പങ്കുവെച്ച വീഡിയോയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ഭാഗം കാണാം. ഹസ്തദാനം ചെയ്യാതെ മുന്നോട്ട് നടക്കുന്ന ചൈനീസ് പ്രസിഡന്റ് ഇരുരാജ്യങ്ങളുടെയും ദേശീയപതാകകള്‍ പശ്ചാത്തലമാക്കി ക്രമീകരിച്ച സ്ഥലത്തെത്തിയാണ് ഹസ്തദാനം നടത്തുന്നത്.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് നിലവിലെ ചൈന സന്ദര്‍ശനവുമായി ബന്ധമില്ലെന്നും ബ്രിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട ഈ പഴയ വീഡിയോയില്‍ മോദി ചൈനീസ് പ്രസിഡന്റുമായി ഹസ്തദാനം നടത്തിയിട്ടുണ്ടെന്നും വ്യക്തമായി.
തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലവിലെ ചൈന സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചിത്രങ്ങള്‍ പരിശോധിച്ചു. നിലവിലെ സന്ദര്‍ശനത്തിനിടെ ചൈനീസ് പ്രസിഡന്റ് ഹസ്തദാനം നല്‍കാതിരുന്ന എന്തെങ്കിലും സംഭവമുണ്ടായോ എന്നാണ് പരിശോധിച്ചത്.എന്നാല്‍ പ്രധാനമന്ത്രി ചൈനയിലെത്തിയ 2025 ഓഗസ്റ്റ് 31ന് നിരവധി മാധ്യമങ്ങളില്‍ ഇരുനേതാക്കളും ഹസ്തദാനം നല്‍കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചതായി കണ്ടെത്തി.
RT India News എന്ന വെരിഫൈഡ് എക്സ് ഹാന്‍ഡിലില്‍ ഇരുവരും ഹസ്തദാനം നല്‍കുന്ന ദൃശ്യങ്ങള്‍ കാണാം.
ഏറെക്കാലത്തിന് ശേഷം മോദി ചൈനയിലെത്തിയത് ചൈനീസ് മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട്ചെയ്തത്. ചൈനയില്‍ മോദിയിക്ക് വന്‍ സ്വീകരണവും ഒരുക്കിയിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ഇരുവരും ഹസ്തദാനം നടത്തുന്ന ചിത്രവും റിപ്പോര്‍ട്ടിലുണ്ട്.
ഇതോടെ പ്രചാരരണം വ്യാജമാണെന്നും ചൈനീസ് പ്രസിഡന്റ് പ്രധാനമന്ത്രി മോദിയ്ക്ക് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചുവെന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം വസ്തുത വിരുദ്ധമാണെന്ന് കണ്ടെത്തി.
Conclusion:
ചൈനയിലെത്തിയ പ്രധാനമന്ത്രി മോദിയ്ക്ക് ചൈനീസ് പ്രസിഡന്റ് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2024ലെ ബ്രിക്സ് ഉച്ചകോടിയില്‍നിന്നുള്ളതാണ്. രണ്ട് സമയത്തെയും ദൈര്‍ഘ്യമേറിയ ദൃശ്യങ്ങളില്‍ ഇരുവരും ഹസ്തദാനം ചെയ്യുന്നതും കാണാം. ഇതോടെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സ്ഥിരീകരിച്ചു.