മണ്ഡലകാലത്തിന് തുടക്കമായതോടെ ശബരിമലയിലേക്ക് ഭക്തജനങ്ങള്‍ എത്തിത്തുടങ്ങി. മണ്ഡലകാലത്തിന് മുന്നോടിയായി സെപ്തംബറില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം പരിപാടി വിവാദമായിരുന്നു. ഇതിനായി വലിയതോതില്‍ പണം ചെലവഴിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമലയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ വിശ്രമിക്കുന്ന രണ്ട് കൊച്ചുമാളികപ്പുറങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ടിപി സെന്‍കുമാര്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം അയ്യപ്പസംഗമത്തിനായി വിനിയോഗിച്ച എട്ടുകോടി രൂപയ്ക്ക് ഇവര്‍ക്കെങ്കിലും സൗകര്യമൊരുക്കാമായിരുന്നുവെന്നാണ് വിമര്‍ശനം. കര്‍മ ഓണ്‍ലൈന്‍ ചാനലടക്കം പലരും അദ്ദേഹത്തിന്റെ പോസ്റ്റ് വാര്‍ത്തയാക്കിയിട്ടുണ്ട്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിത്രം പഴയതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രം ഒരു പത്രത്തില്‍ അച്ചടിച്ചുവന്നതാണെന്ന് വ്യക്തമായി. ഇതില്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പില്‍ ‘പൊലീസ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് വിശ്രമിക്കാനിടമില്ലാതെ അലയുന്ന അയ്യപ്പസംഘത്തിലെ കൊച്ചു മാളികപ്പുറങ്ങള്‍’ എന്ന് നല്‍കിയതായി കാണാം. നിലവില്‍ ശബരിമലയില്‍ കര്‍ശന പൊലീസ് നിയന്ത്രണങ്ങള്‍ ഇല്ലെന്നതിനാല്‍ ഈ വാര്‍ത്ത പഴയതാകാമെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ 2018 നവംബര്‍ 22ന് ഹിന്ദുസേവാകേന്ദ്ര സ്ഥാപകനും ആക്ടിവിസ്റ്റുമായ പ്രതീഷ് വിശ്വനാഥ് എക്സില്‍ ഈ ചിത്രം പങ്കിട്ടതായി കണ്ടെത്തി.
ഈ ചിത്രത്തില്‍ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറുടെ പേര് നല്‍കിയതായി കാണാം. ബിബിന്‍ വൈശാലി എന്ന സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അദ്ദേഹം ജന്മഭൂമി പത്രത്തിലെ സബ് എഡിറ്ററാണെന്ന സൂചന ലഭിച്ചു. അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പട്ടതോടെ ചിത്രം അദ്ദേഹം 2018-ല്‍ പകര്‍ത്തിയതാണെന്ന് സ്ഥിരീകരിക്കാനായി. ബിബിന്‍ വൈശാലിയുടെ പ്രതികരണം:
“ഈ ചിത്രം ഞാന്‍ 2018ല്‍ ശബരിമലയില്‍ വെച്ച് പകര്‍ത്തിയതാണ്. അന്ന് ജന്മഭൂമി പത്രത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. കൃത്യമായി പറഞ്ഞാല്‍ 2018 നവംബര്‍ 5-നും 8-നും ഇടയിലാണ് ഈ ചിത്രമെടുത്തത്. ചിത്തിര ആട്ടവിശേഷം നടക്കുന്ന സമയമായിരുന്നു അത്. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ കര്‍ശന പൊലീസ് നിയന്ത്രണമുണ്ടായിരുന്നു. അന്ന് ഈ ചിത്രം ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് 2020-ല്‍ ഞാന്‍ തന്നെ എന്റെ ഫെയ്സ്ബുക്കിലും ഈ ചിത്രം പങ്കുവെച്ചിരുന്നു.”
ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ 2020-ല്‍ പോസ്റ്റ് ചെയ്ത ചിത്രവും അദ്ദേഹം പങ്കുവെച്ചു.
ഇതോടെ ചിത്രം ഏഴുവര്‍ഷം പഴയതാണെന്നും ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെടുത്തി നടത്തുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വ്യക്തമായി.
അതേസമയം ശബരിമലയില്‍ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് മണ്ഡലകാലത്തിന് മുന്നോടിയായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
Conclusion:
ആഗോള അയ്യപ്പസംഗമത്തിന് പിന്നാലെ ശബരിമലയില്‍ വൃത്തിഹീനമായ വഴിയോരത്ത് വിശ്രമിക്കുന്ന കൊച്ചുമാളികപ്പുറങ്ങളുടേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം ഏഴുവര്‍ഷം പഴയതാണ്. 2018 ല്‍ ശബരിമലയില്‍ കടുത്ത പൊലീസ് നിയന്ത്രണമുണ്ടായിരുന്ന സമയത്ത് അന്ന് ജന്മഭൂമിയില്‍ ജോലി ചെയ്തിരുന്ന ബിബിന്‍ വൈശാലി പകര്‍ത്തിയ ചിത്രമാണിത്. ആഗോള അയ്യപ്പസംഗമത്തിന് ശേഷമുള്ള സാഹചര്യമെന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.