നേപ്പാളില്‍ ജെന്‍-സി പ്രക്ഷോഭം രൂക്ഷമായതോടെ വിവിധ ആവശ്യങ്ങളുന്നയിച്ച് തെരുവുകളില്‍ സമരങ്ങള്‍ നടന്നു. പലയിടത്തും ഇത് ആക്രമണങ്ങളില്‍ പോലുമെത്തി. നേപ്പാള്‍ പ്രധാനമന്ത്രി രാജിവെച്ചതിന് പിന്നാലെ രാജ്യത്തെ സൈന്യവും പ്രക്ഷോഭത്തിന് അറുതിവരുത്താന്‍ ശ്രമങ്ങള്‍ നടത്തി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് നീങ്ങാന്‍ തുടങ്ങിയത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട നിരവധി ദൃശ്യങ്ങളും ചിത്രങ്ങളും ഈ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നേപ്പാളില്‍ ബിജെപി ഭരണം വേണമെന്നാവശ്യപ്പെടുന്ന യുവാവിന്റെ ദൃശ്യമെന്ന തരത്തിലാണ് ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ യുവാവ് ഇത്തരമൊരു ആവശ്യമുന്നയിക്കുന്നില്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ യുവാവ് സംസാരിക്കുന്നത് നേപ്പാളി ഭാഷയിലാണ്. ഇത് ചില എഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് ട്രാന്‍സ്ക്രിപ്റ്റ് ചെയ്താണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഗൂഗ്ള്‍ ട്രാന്‍സലേറ്റിന്റെ സഹായത്തോടെ പ്രസംഗത്തിന്റെ ഉള്ളടക്കം പരിഭാഷപ്പെടുത്തി. ഇതില്‍ യുവതയുടെ വിപ്ലവപോരാട്ടത്തെക്കുറിച്ചും പ്രതിസന്ധിഘട്ടങ്ങളില്‍ ഒരുമിച്ച് പോരാടുന്നതിനെക്കുറിച്ചുമാണ് അദ്ദേഹം പറയുന്നതെന്ന് വ്യക്തമായി. സംസാരത്തിലെവിടെയും ബിജെപി എന്നോ ഇന്ത്യ എന്നോ പരാമര്‍ശിക്കുന്നില്ലെന്നും കണ്ടെത്തി.
തുടര്‍ന്ന് വീഡിയോയ്ക്ക് ഉപശീര്‍ഷകങ്ങള്‍ നല്‍കാനുപയോഗിക്കുന്ന Clideo എന്ന മറ്റൊരു എഐ അധിഷ്ഠിത സംവിധാനത്തിലും വീഡിയോ പരിശോധിച്ചു. ഇതിലും സമാനമായ പരിഭാഷയാണ് ലഭിച്ചത്.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. തുടര്‍ന്ന് മറ്റേതെങ്കിലും സാഹചര്യത്തില്‍ ഇത്തരമൊരു ആവശ്യം നേപ്പാളിലെ യുവത ഉന്നയിച്ചിരുന്നോ എന്നും പരിശോധിച്ചു. നേപ്പാളില്‍ നരേന്ദ്രമോദിയെപ്പോലെ ഒരു പ്രധാനമന്ത്രി വേണമായിരുന്നുവെന്ന് ഒരു യുവാവ് പ്രതികരിക്കുന്ന ദൃശ്യം എന്‍ഡിടിവി പങ്കുവെച്ചതായി കണ്ടെത്തി. അതേസമയം ഇത് പ്രചരിക്കുന്ന വീഡിയോയിലെ യുവാവോ പശ്ചാത്തലമോ അല്ലെന്നും വ്യക്തമാണ്.
Conclusion:
നേപ്പാളില്‍ ജെന്‍-സി പ്രക്ഷോഭത്തിനിടെ ബിജെപി ഭരണം വേണമെന്ന ആവശ്യമുന്നയിക്കുന്ന യുവാവിന്റെ പ്രസംഗമെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രസ്തുത വീഡിയോയില്‍ യുവാവ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുകയോ ബിജെപിയെ പരാമര്‍ശിക്കുകയോ ചെയ്യുന്നില്ലെന്ന് വസ്തുത പരിശോധനയില്‍ സ്ഥിരീകരിച്ചു.