കേരളത്തിലോടുന്ന KSRTC ഇലക്ട്രിക് ബസ്സുകള്‍ കേന്ദ്രം നല്‍കിയതെന്ന് വ്യാജ പ്രചരണം

FAME-II സ്കീം പ്രകാരം കേരളത്തിന് 250 ഇലക്ട്രിക് ബസുകള്‍ അനുവദിച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി ലോക്സഭയില്‍ നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് വ്യാജപ്രചരണം. എന്നാല്‍ ഈ പദ്ധതിയ്ക്ക് കീഴില്‍ കേരളം ബസുകള്‍ വാങ്ങിയിട്ടില്ലെന്നും തിരുവനന്തപുരത്താരംഭിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വീസിലോടുന്ന ബസുകള്‍ KIIFB ഫണ്ടുപയോഗിച്ച് വാങ്ങയിതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

By HABEEB RAHMAN YP  Published on  15 Aug 2022 11:17 AM IST
കേരളത്തിലോടുന്ന KSRTC ഇലക്ട്രിക് ബസ്സുകള്‍ കേന്ദ്രം നല്‍കിയതെന്ന് വ്യാജ പ്രചരണം

കേരളത്തില്‍ സര്‍വീസ് നടത്തുന്ന KSRTC യുടെ 250 ഇലക്ട്രിക് ബസ്സുകള്‍ കേന്ദ്രം നല്‍കിയതാണെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ‍യും ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്റര്‍ നിര്‍മിച്ചിരിക്കുന്നത്. "പദ്ധതിയുടെ പേര് മാറ്റല്ലേ; കേരളത്തിലോടുന്ന 250 കെ.എസ്.ആര്‍.ടി.സി. ഇലക്ട്രിക് ബസ്സുകളും കേന്ദ്രം നല്‍കിയതാണ്. ഫെയിം ഇന്ത്യ ഫേസ്-2 പദ്ധതി പ്രകാരമാണ് ബസ്സുകള്‍ അനുവദിച്ചതെന്ന് കേന്ദ്രമന്ത്രി ലോക്സഭയില്‍ അറിയിച്ചു" എന്നതാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാചകങ്ങള്‍. നിരവധി പേരാണ് ഇതിനകം ഫെയ്സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.




കീവേഡുകള്‍ ഉപയോഗിച്ചുള്ള അന്വേഷണത്തില്‍ സമാന ഉള്ളടക്കത്തോടെയുള്ള പോസ്റ്റുകള്‍ വിവിധ അക്കൗണ്ടുകളില്‍നിന്ന് പങ്കുവെച്ചതായി കണ്ടെത്തി. കൂടാതെ മലയാളപത്രം 'ജന്മഭൂമി' യുടെ വെബ്സൈറ്റിലും ഓഗസ്റ്റ് 5-ന് സമാന തലക്കെട്ടോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചായി കണ്ടെത്തി.


വാര്‍ത്തയില്‍ ഫെയിം ഇന്ത്യ ഫേസ് 2 പദ്ധതി പ്രകാരം KSRTC യ്ക്ക് കേന്ദ്രസര്‍ക്കാര്‍ 250 ഇലക്ട്രിക് ബസ്സുകള്‍ അനുവദിച്ചു എന്ന് മാത്രമാണ് പറയുന്നത്. ലോക്സഭയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി രേഖാമൂലം അറിയിച്ച മറുപടിയുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത. എന്നാല്‍ ഇതനുസരിച്ച് കേരളം ബസ്സുകള്‍ വാങ്ങിയെന്ന് റിപ്പോര്‍‌ട്ടില്‍ പറയുന്നില്ല. എന്നാല്‍ തലക്കെട്ടില്‍ "കേരളത്തിലോടുന്ന 250 ഇലക്ട്രിക് ബസ്സുകളും കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്" എന്ന് നല്‍കിയിരിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്.

Fact Check:

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ഒരു മുഖ്യധാരാ മാധ്യമമായ 'ജന്മഭൂമി'

കേന്ദ്രമന്ത്രിയെ ഉദ്ധരിച്ച് നല്‍കിയ വാര്‍ത്തയാ​ണ് പരിശോധിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങള്‍ ആഗസ്റ്റ് 5-ന് വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കണ്ടു. മാതൃഭൂമി ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയിലും കേരളത്തിന് 250 ഇലക്ട്രിക് ബസ്സുകള്‍ FAME-II പദ്ധതിയ്ക്ക് കീഴില്‍ അനുവദിച്ചതായി കേന്ദ്രമന്ത്രിയുടെ ലോക്സഭയിലെ മറുപടി വാര്‍ത്തയായി നല്‍കിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ സര്‍വീസ് ആരംഭിച്ച ബസ്സുകള്‍ FAME -II പദ്ധതിയുടെ ഭാഗമാണോ എന്ന് വ്യക്തമാക്കുന്നില്ല.

ലോക്സഭയില്‍ കേന്ദ്രമന്ത്രി നല്‍കിയ മറുപടി ന്യൂസ്മീറ്റര്‍ പരിശോധിച്ചു. കേരളത്തില്‍നിന്നുള്ള എം.പി. ശ്രീ. എന്‍ കെ പ്രേമചന്ദ്രന്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയോട് ഓഗസ്റ്റ് നാലിന് ചോദിച്ച ചോദ്യങ്ങളില്‍ അവസാന ചോദ്യത്തിന്‍റെ ഉത്തരമാണ് വാര്‍ത്തയ്ക്ക് ആധാരമെന്ന് കണ്ടെത്തി.

KSRTC യ്ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്രഗവണ്‍മെന്‍റ് സാമ്പത്തികസഹായം നല്‍കുന്നുണ്ടോ എന്നും ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിയെക്കുറിച്ചുമായിരുന്നു ചോദ്യം.


ഇതിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി നല്‍കിയ ഉത്തരത്തില്‍ ഫെയിം ഇന്ത്യ ഫേസ്- 2 പ്രകാരം കേരളത്തിന് 250 ഇലക്ട്രിക് ബസ്സുകള്‍ അനുവദിച്ചിട്ടുണ്ടെന്നും ജില്ലാടിസ്ഥാനത്തില്‍ അവയുടെ എണ്ണവും വ്യക്തമാക്കുന്നു. എന്നാല്‍ നിര്‍ദിഷ്ട സമയപരിധിയ്ക്കകം KSRTC ഇതിന് LoA നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.


കേന്ദ്രം ഫെയിം ഇന്ത്യ ഫേസ് - 2 പ്രകാരം ഇലക്ട്രിക് ബസുകള്‍ അനുവദിച്ചെങ്കിലും കേരളം അവ വാങ്ങാന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. അതായത്, നിലവില്‍ ഓടുന്ന ബസ്സുകള്‍ ഫെയിം ഇന്ത്യ ഫേസ് - 2 പദ്ധതിയ്ക്ക് കീഴില്‍ വരുന്നതല്ലെന്ന് അനുമാനിക്കാം.

വസ്തുതാ പരിശോധനയുടെ രണ്ടാം ഘട്ടത്തില്‍ KSRTC ഓഗസ്റ്റ് 1-ന് തിരുവനന്തപുരത്ത് ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസ് സര്‍വീസിനായി ബസ്സുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട സ്ഥിരീകരണമാണ് ന്യൂസ്മീറ്റര്‍ നടത്തിയത്.

ആദ്യബാച്ച് ബസ്സുകള്‍ ഹരിയാനയില്‍നിന്ന് കേരളത്തിലെത്തിക്കുന്ന ഘട്ടത്തില്‍ പ്രസിദ്ധീകരിച്ച മാധ്യമ വാര്‍ത്തകളില്‍ ബസ്സുകള്‍ വാങ്ങുന്നത് കിഫ്ബി ധനസഹായം ഉപയോഗിച്ചാണെന്ന് വ്യക്തമാണ്. ആദ്യഘട്ടത്തില്‍ 25 ബസ്സുകളാണ് എത്തിക്കുന്നതെന്നും പിന്നിട് 25 എണ്ണംകൂടി എത്തിക്കുമെന്നും മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ നല‍്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 23 ബസ്സുകളാണ് സര്‍വീസ് നടത്തുന്നതെന്ന് വ്യക്തമാക്കുന്ന മാധ്യമവാര്‍ത്ത ഗതാഗതമന്ത്രി ആന്‍റണി രാജു ഫെയ്സ്ബുക്കില്‍ പങ്കുവെച്ചതും കാണാനായി.

കിഫ്ബി ധനസഹായവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്താനായി. കിഫ്ബി വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം തിരുവനന്തപുരം ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി.യുടെ 50 ഇലക്ട്രിക് ബസ്സുകള്‍ക്കായി തുക അനുവദിച്ചത് വ്യക്തമാണ്.


ഇതില്‍നിന്നും KSRTC തിരുവനന്തപുരം നഗരത്തില്‍ ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസ്സുകള്‍ കേന്ദ്രസര്‍ക്കാറിന്‍റെ FAME-II പദ്ധതിയുടെ ഭാഗമല്ലെന്നും കിഫ്ബി വായ്പയുപയോഗിച്ച് കേന്ദ്രഗവണ്‍മെന്‍റിന്‍റെ നിശ്ചിത ശതമാനം സബ്സിഡിയോടെ വാങ്ങിയതാണെന്നും വ്യക്തമായി. പ്രചരിക്കുന്ന വ്യാജ അവകാശവാദങ്ങളില്‍ പറയുന്നതുപോലെ KSRTC യുടെ 250 ഇലക്ട്രിക് ബസ്സുകള്‍ നിലവില്‍ കേരളത്തില്‍ ഓടുന്നില്ലെന്നും വ്യക്തമായി.

വസ്തുതാ പരിശോധനയുടെ അവസാനഘട്ടത്തില്‍ കേന്ദ്രമന്ത്രി നല്‍കിയ മറുപടിയുടെ അവസാനഭാഗത്ത് പരാമര്‍ശിച്ച കാര്യവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തി. FAME-II പദ്ധതി പ്രകാരം 250 ഇലക്ട്രിക് ബസ്സുകള്‍ അനുവദിച്ചെങ്കിലും നിശ്ചിത സമയത്ത് ഇതുമായി ബന്ധപ്പെട്ട് LoA സമര്‍പ്പിക്കാതിരുന്നതിനെക്കുറിച്ച് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ വിശദീകരിച്ചതായി കണ്ടെത്തി. FAME-II പദ്ധതി പ്രകാരം അനുവദിച്ച ബസ്സുകള്‍ ഉയര്‍ന്ന സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് KSRTC എടുക്കാതിരുന്നതെന്നും സ്കീമിലെ സബ്സിഡിയുമായി ബന്ധപ്പെട്ട് മാറ്റങ്ങള്‍ അനിവാര്യമാണെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഓഗസ്റ്റ് ആറിന് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.



FAME-II പ്രകാരം ബസ്സുകള്‍ ഏറ്റെടുക്കാതിരുന്നത് ഉയര്‍ന്ന നിരക്ക് കാരണമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് KSRTC യുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും കാണാനായി.


ഔദ്യോഗിക സ്ഥിരീകരണത്തിനായി കെ.എസ്.ആര്‍.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) ശ്രീ. ജി.പി. പ്രദീപ് കുമാറിനെ ന്യൂസ്മീറ്റര്‍ നേരിട്ട് ബന്ധപ്പെട്ടു.സിറ്റി സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി.യുടെ ഇലക്ട്രിക് ബസ്സുകള്‍ FAME-II പദ്ധതിയ്ക്ക് കീഴില്‍ വാങ്ങിയതല്ലെന്നും നേരിട്ട് വാങ്ങിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Conclusion:

കേരളത്തിലോടുന്ന KSRTCയുടെ 250 ഇലക്ട്രിക് ബസ്സുകള്‍ കേന്ദ്രം നല്‍കിയതെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാദം തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി FAME-II പദ്ധതിയുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ നല‍്കിയ മറുപടിയുടെ ഒരുഭാഗം മാത്രം ഉദ്ധരിച്ചാണ് വ്യാജപ്രചരണമെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. പ്രസ്തുത പദ്ധതി പ്രകാരം കേരളം ബസ്സുകള്‍ വാങ്ങിയിട്ടില്ലെന്ന് ലോക്സഭയില്‍ നല്‍കിയ മറുപടിയിലും വ്യക്തമാണ്. കൂടാതെ സംസ്ഥാന ഗതാഗത മന്ത്രി ആന്‍റണി രാജു, കെ.എസ്.ആര്‍.ടി.സി അധികൃതര്‍ എന്നിവരുടെ വിശദീകരണവും ഇത് വ്യക്തമാക്കുന്നു. നിലവില്‍ KSRTC യുടെ 23 ഇലക്ട്രിക് ബസ്സുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നും "കേരളത്തിലോടുന്ന 250 ഇലക്ട്രിക് ബസ്സുകള്‍" എന്ന തലക്കെട്ട് തെറ്റിദ്ധാരണാജനകമാണെന്നും ന്യൂസ്മീറ്ററിന്‍റെ വസ്തുതാ പരിശോധനയില്‍ വ്യക്തമായി.

Claim Review:All 250 KSRTC Electric buses running in Kerala are provided by the Union Government.Union Government
Claimed By:Social Media Users
Claim Reviewed By:Newsmeter
Claim Source:Social Media
Claim Fact Check:False
Next Story