തിരഞ്ഞെടുപ്പ് കാലത്തെ സമൂഹമാധ്യമങ്ങള്‍: കോടികള്‍ മുടക്കിയ പരസ്യങ്ങളും വ്യാജപ്രചാരണങ്ങളും
ദേശീയരാഷ്ട്രീയത്തിലെ ഭരണസഖ്യമായ NDA യിലെ മുഖ്യകക്ഷി BJPയുടെയും പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെയും കേരളത്തിലെ ഭരണസഖ്യമെന്ന നിലയില്‍ ഇടതുപക്ഷത്തിന്റെയും ഉള്ളടക്കങ്ങളാണ് പ്രധാനമായും ഈ ലേഖനത്തിൽ പരിശോധിച്ചിട്ടുള്ളത്.
By - Dheeshma & HABEEB RAHMAN YP | Published on 13 Jun 2024 10:54 AM ISTകേരളത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ മാസം മാത്രം സംസ്ഥാനത്ത്നിന്ന് ഫെയ്സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പരസ്യത്തിലൂടെ ലഭിച്ച വരുമാനം ഒന്നേമുക്കാല്‍ കോടിയിലേറെ രൂപയാണ്. ബിജെപിയുടെ ഔദ്യോഗിക പേജുകൾ മാത്രം ചെലവഴിച്ചത് അരക്കോടിയിലേറെ രൂപ. കോണ്‍ഗ്രസ് പേജിലൂടെ പങ്കുവെച്ചത് 40 ലക്ഷത്തിലേറെ രൂപയുടെ പരസ്യങ്ങള്‍. കോഴിക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരസ്യത്തിന് മാത്രമായി ചെലവാക്കിയത് മൂന്ന് ലക്ഷത്തിലേറെ രൂപ. പരസ്യത്തിനായി വിനിയോഗിച്ച തുകയില്‍ ആദ്യ പത്തില്‍ നില്‍ക്കുന്ന മറ്റ് നിരവധി പേജുകളാകട്ടെ, ഔദ്യോഗിക പേജുകള്‍ക്ക് പുറമെ ബിജെപി അനുകൂല കണ്ടന്റുകള്‍ പരസ്യങ്ങളായും അല്ലാതെയും പങ്കുവെയ്ക്കാനായി തയ്യാറാക്കിയവയും. |
ഈ ലേഖനം ICFJ-യുടെ (International Center for Journalists- Disarming Disinformation Program) പിന്തുണയോടെ പ്രസിദ്ധീകരിച്ചതാണ് .
ആമുഖം
രാഷ്ട്രീയത്തില്‍ ആക്ഷേപഹാസ്യങ്ങള്‍ പുതുമയല്ല. കാര്‍ട്ടൂണുകള്‍ പലപ്പോഴും ഇത്തരം രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന മാധ്യമമാണ്. കേരളത്തിന്റെ പശ്ചാത്തലത്തില്‍ LDF-ഉം UDF-ഉം പരസ്പരധാരണയിലാണെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പുറത്തുകാണിക്കുന്ന എതിര്‍പ്പ് തിരശീലയ്ക്ക് പിന്നില്‍ സൗഹൃദമാണെന്നും പറയുന്ന ഈയൊരു കാര്‍ട്ടൂണ്‍ സമൂഹമാധ്യമങ്ങളില്‍ ഒരുപക്ഷേ നിങ്ങളും കണ്ടുകാണും.
ഇതിലിത്ര അതിശയമെന്തെന്ന് കരുതിയെങ്കില്‍ തെറ്റി; ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വെറുമൊരു കാര്‍ട്ടൂണ്‍ ചിത്രമല്ലിത്. ഒരു ലക്ഷത്തോളം രൂപ മുടക്കിയാണ് മലബാര്‍ സെന്‍ട്രല്‍ എന്ന പേജിലൂടെ ഇരുപത് തവണ ഈ പരസ്യം നിങ്ങളിലേക്കെത്തിച്ചത്!
ഇത്തരത്തില്‍ നിരവധി രാഷ്ട്രീയ കണ്ടൻ്റുകൾ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നാമോരോരുത്തരും അറിഞ്ഞോ അറിയാതെയോ കണ്ട നിരവധി പേജുകളുണ്ട്. ഫെയ്സ്ബുക്കിന് പണം നല്‍കി, നിശ്ചിത എണ്ണം ഉപയോക്താക്കളിലേക്ക് കണ്ടൻ്റുകൾ എത്തിക്കുന്നതിനായി മാത്രം തയ്യാറാക്കിയ പേജുകള്‍.
സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍
പത്രത്തിലും ടെലിവിഷനിലുമെല്ലാം പരസ്യം നല്‍കുന്നതുപോലെ, അല്ലെങ്കില്‍ അതിനെക്കാള്‍ ഫലപ്രദമായി നിശ്ചിത ഉപയോക്താക്കളിലേക്ക് സന്ദേശമെത്തിക്കാന്‍ സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് സാധിക്കുന്നു. അതുകൊണ്ടുതന്നെയാണ് 2024 ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി രാഷ്ട്രീയപാര്‍ട്ടികള്‍ സമൂഹമാധ്യമ പരസ്യങ്ങളെ ആശ്രയിക്കുന്നതും. പത്രങ്ങളിലെയോ ടെലിവിഷനിലെയോ പരസ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇതൊരു ദീര്‍ഘകാല പദ്ധതിയാണ്. തുടരെത്തുടരെ ഉപയോക്താക്കളിലേക്ക് അവര്‍പോലുമറിയാതെ പോസ്റ്റുകളും വീഡിയോകളും എത്തിക്കുന്ന വലിയ ആസൂത്രണം. മാസങ്ങള്‍ക്കു മുന്‍പേ അതിനായി പ്രത്യേകം ആരംഭിച്ച പേജുകളും പ്രൊഫൈലുകളും.
മെറ്റ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ 2024 ജനുവരി മുതല്‍ മാര്‍ച്ച് വരെയും കേരളത്തില്‍ തിരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ മാസത്തിലും ഏറ്റവുമധികം തുക പരസ്യത്തിനായി ചെലവഴിച്ച രാഷ്ട്രീയപാര്‍ട്ടികളെക്കുറിച്ചും പരസ്യ ഉള്ളടക്കത്തെക്കുറിച്ചുമാണ് ഈ ലേഖനം.
മുന്നൊരുക്കം: 2024 ജനുവരി മുതല്‍ മാര്‍ച്ച് വരെ
2024 ജനുവരി മുതല്‍ മാര്‍ച്ച് വരെ കാലയളവില്‍ കേരളത്തില്‍ 80 ലക്ഷത്തോളം രൂപയുടെ പരസ്യങ്ങളാണ് ഫെയ്സ്ബുക്ക് - ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലൂടെ ഉപയോക്താക്കളിലേക്കെത്തിയത്. ഇതില്‍ നാലിലൊന്നും ബിജെപിയുടെ ഔദ്യോഗിക പേജിലൂടെയാണ് നല്‍കിയത്. ബിജെപി അനുഭാവമുള്ളവരിലേക്കും ബിജെപിയുടെ പോസ്റ്റുകൾ തിരയുന്നവരിലേക്കും ഫെയ്സ്ബുക്ക് അല്‍ഗൊരിതത്തിന്റെ ഫലമായി ഈ പരസ്യങ്ങള്‍ വ്യാപകമായി എത്തുന്നു; അവര്‍ വഴി മറ്റുള്ളവരിലേക്കും. വന്‍തുക ചെലവഴിക്കുന്നുണ്ടെങ്കിലും തീര്‍ത്തും നിയമപരമായി ഔദ്യോഗിക പേജ് വഴി ചെയ്യുന്ന ഓണ്‍ലൈന്‍ പരസ്യം മാത്രമാണിത്. മുഖംമൂടിയോ കബളിപ്പിക്കലോ ഇല്ലാതെ നേരിട്ട് പരസ്യമെത്തിക്കുന്ന വഴി.
പ്രചാരണം ഉച്ചസ്ഥായിയില്‍: ഏപ്രിലിലെ കണക്കുകള്‍
കേരളത്തില്‍ തിരഞ്ഞെടുപ്പ് നടന്ന ഏപ്രിലിലേക്കെത്തിയതോടെ പരസ്യത്തിനായി ചെലവഴിച്ച തുകയില്‍ വന്‍ വര്‍ധനയാണുണ്ടായത്. ബിജെപിയുടെ ഔദ്യോഗിക പേജ് മാത്രം അരക്കോടിയിലധികം രൂപ ചെലവാക്കി. 40 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്തെത്തി. ബിജെപി കേരളഘടകം പേജില്‍നിന്ന് മാത്രം എട്ടുലക്ഷത്തിലേറെ രൂപയുടെ പരസ്യങ്ങള്‍.
`
അനൗദ്യോഗിക പ്രചാരണ പേജുകളും പരസ്യങ്ങളും
എന്നാല്‍ ജനുവരി-മാര്‍ച്ച് കാലയളവിലും ഏപ്രിലിലുമെല്ലാം ആദ്യപത്തില്‍ ഇടം പിടിച്ച മറ്റുചില പേജുകളുടെ കണ്ടൻ്റുകളും ബിജെപിയ്ക്കുവേണ്ടിയുള്ളതാണ്. പാര്‍ട്ടിയുടെ പേരോ അടയാളമോ മറ്റ് സൂചനകളോ ഇല്ലാതെ, പാര്‍ട്ടി പരസ്യമാണെന്നുപോലും അറിയാതെ ഉപയോക്താക്കളിലേക്ക് കണ്ടൻ്റുകൾ എത്തിക്കാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പേജുകള്‍. പലതും കൈകാര്യം ചെയ്യുന്നതാവട്ടെ ഉത്തരേന്ത്യന്‍ കമ്പനികളും.
മലബാര്‍ സെന്‍ട്രല്‍
2024 ഫെബ്രുവരി 9നാണ് മലബാര്‍ സെന്‍ട്രല്‍ എന്ന ഈ പേജ് ആരംഭിച്ചത്. മാര്‍ച്ച് വരെ പരസ്യത്തിനായി ചെലവഴിച്ച തുകയില്‍ രണ്ടാംസ്ഥാനത്ത്. അഞ്ഞൂറില്‍ താഴെമാത്രം പേര്‍ പിന്തുടരുന്ന ഈ പേജിലൂടെ ഒന്നര മാസംകൊണ്ട് നല്‍കിയത് ഏഴുലക്ഷത്തിലധികം രൂപയുടെ പരസ്യങ്ങളാണ്.
ഏപ്രിലിലെ കണക്കെടുത്താല്‍ ഈ പേജ് മൂന്നാം സ്ഥാനത്താണ്. ചെലവഴിച്ചത് പതിനഞ്ച് ലക്ഷത്തിലേറെ രൂപ. ബിജെപി കേരളഘടകം ചെലവഴിച്ച തുകയുടെ ഇരട്ടിയോളം രൂപയാണ് ഈ പേജ് പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത്.
പരസ്യമെന്നു പറയുമ്പോള്‍ സാധാരണ നമ്മുടെ മനസ്സിലേക്കെത്തുന്നത് സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചോ നേട്ടങ്ങളെക്കുറിച്ചോ പറയുന്ന ഹ്രസ്വചിത്രങ്ങളാണെങ്കില്‍ ഇവിടെയത് തിരഞ്ഞെടുപ്പ് പ്രചാരണമാണ്. ബിജെപിയെയും നരേന്ദ്രമോദിയെയും പ്രകീര്‍ത്തിക്കുന്നതിനൊപ്പം പ്രതിപക്ഷത്തെ അവഹേളിക്കാനും ഈ ‘പരസ്യ’ങ്ങള്‍ ഉപയോഗിക്കുന്നു. കൂടാതെ മതപരമോ സാമുദായികമോ ആയി സ്പര്‍ധ പടര്‍ത്തുന്ന തരത്തിലുള്ള ആക്ഷേപഹാസ്യങ്ങളും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സാഹചര്യത്തില്‍നിന്ന് അടര്‍ത്തിമാറ്റിയ ഉള്ളടക്കങ്ങളുമെല്ലാം പണം നല്‍കി നിശ്ചിത ഉപയോക്താക്കളിലേക്കെത്തിക്കുന്നു.
ഫെബ്രുവരി - മാര്‍ച്ച് കാലയളവില്‍ ഈ പേജില്‍ പങ്കുവെച്ച പരിമിതമായ പരസ്യ കണ്ടൻ്റുകളില്‍ പകുതിയോളം ബിജെപിയെ പ്രകീര്‍ത്തിക്കുന്നതും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നതുമാണ്. പകുതിയിലേറെ കണ്ടൻ്റുകൾ സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും പരിഹസിക്കുന്നതോ വിമര്‍ശിക്കുന്നതോ ആയിരുന്നു.
പരസ്യമായി നല്‍കിയ ചിത്രങ്ങളിലോ ദൃശ്യങ്ങളിലോ മതപരമോ സാമുദായികമോ ആയ കണ്ടൻ്റുകൾ താരതമ്യേന കുറവാണെങ്കിലും പരസ്യമല്ലാതെ പങ്കുവെച്ച പല പോസ്റ്റുകളിലും ഇത്തരം കണ്ടൻ്റുകൾകണ്ടെത്താനായി.
കോണ്‍ഗ്രസിന്റെ മുസ്ലിം പ്രീണനം എന്ന വിവരണത്തോടെയാണ് ഇത്തരം പോസ്റ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ മുസ്ലിം വേഷം ധരിച്ച ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സംവരണം ഉള്‍പ്പെടെ വിഷയങ്ങളില്‍ കോണ്‍ഗ്രസ് മുസ്ലിം അനുകൂല നിലപാടുകള്‍ സ്വീകരിച്ചുവെന്ന തരത്തിലുള്ള പോസ്റ്റുകളില്‍ പലതും സാമുദായിക ധ്രുവീകരണം ലക്ഷ്യമിടുന്നതാണ്.
തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ മാസത്തില്‍ പരസ്യങ്ങളുടെയും പോസ്റ്റുകളുടെയും എണ്ണം കൂടുകയും കണ്ടൻ്റുകളിൽ വ്യത്യാസം വരികയും ചെയ്തു. ബിജെപിയെ പ്രകീര്‍ത്തിക്കുന്നതിനെക്കാളേറെ പ്രതിപക്ഷത്തെ വിമര്‍ശിക്കുന്ന കണ്ടൻ്റുകളായിരുന്നു പരസ്യങ്ങളില്‍ കൂടുതലും. പരസ്യങ്ങള്‍ ഒഴികെയുള്ള പോസ്റ്റുകളില്‍ മത-സാമുദായിക പരാമര്‍ശങ്ങളും ഇത്തരം വിമര്‍ശനത്തിനായി ഉപയോഗിച്ചു.
പരസ്യങ്ങളിലെ വ്യാജപ്രചാരണം
ബിജെപിയുടെ മുസ്ലിം അനുകൂല നിലപാടുകളെ കേന്ദ്രീകരിച്ച് മാര്‍ച്ച് 28ന് ഈ പേജില്‍ പങ്കുവെച്ച പരസ്യവീഡിയോയില്‍ വസ്തുതാപരമായ തെറ്റുകള്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ന്യൂസ്മീറ്റര്‍ വസ്തുത പരിശോധന നടത്തുകയും കണ്ടന്റ് ഭാഗികമായി തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
കേരളത്തിലേതിനെക്കാള്‍ കൂടുതല്‍ ഹജ് തീര്‍ഥാടകര്‍ ഗുജറാത്തില്‍നിന്നാണ് എന്നായിരുന്നു പരസ്യവീഡിയോയിലെ ഒരു പരാമര്‍ശം. ഇതിനാധാരമായി 2020 ല്‍ ഹജിന് അപേക്ഷ നല്കിയവരുടെ കണക്കുകളാണ് നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം ചേര്‍ത്തിരിക്കുന്ന ഇംഗ്ലീഷ് സബ്-ടൈറ്റിലില്‍ നല്‍കിയിരിക്കുന്നതാവട്ടെ, കേരളത്തിലേതിനെക്കാള്‍ മൂന്ന് മടങ്ങ് തീര്‍ഥാടകര്‍ ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍നിന്ന് ഹജിന് പോയെന്നാണ്.
എന്നാല്‍ ന്യൂസ്മീറ്റര്‍ നടത്തിയ വസ്തുത പരിശോധനയില്‍ ഈ വാദം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. 2020ല്‍ അപേക്ഷ സ്വീകരിച്ചുവെങ്കിലും കൊവിഡ് മഹാമാരി കാരണം ഹജ് തീര്‍ഥാടനം റദ്ദാക്കിയിരുന്നു. 2020നു മുന്‍പത്തെ കണക്കുകളിലും ഈ വര്‍ഷത്തെ കണക്കുകളിലുമെല്ലാം ഗുജറാത്തിലേതിനെക്കാള്‍ കൂടുതല്‍ പേര്‍ ഹജിന് പോകുന്നത് കേരളത്തില്‍നിന്നാണ്. ഈ വര്‍ഷം റെക്കോഡ് എണ്ണം തീര്‍ഥാടകരാണ് ഹജ് കമ്മിറ്റി വഴി കേരളത്തില്‍നിന്ന് യാത്രതിരിക്കുന്നത്.
തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുന്ന പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ഫെയ്സ്ബുക്ക് നയമെങ്കിലും ഈ വീഡിയോ ഇതുവരെ നീക്കം ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മോദിപ്പട
പരസ്യത്തിനായി തുക ചെലവഴിച്ച പട്ടികയില്‍ ജനുവരി-മാര്‍ച്ച് കാലയളവില്‍ അഞ്ചാമത് നില്‍ക്കുന്ന ഫെയ്സ്ബുക്ക് പേജാണ് മോദിപ്പട. 2019 ജൂലൈയില്‍ ആരംഭിച്ച പേജില്‍ 2022 നു ശേഷം പരസ്യങ്ങള്‍ നല്‍കിയത് ഈ മാര്‍ച്ചിലാണ്.
പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ നരേന്ദ്രമോദിയെ പ്രകീര്‍ത്തിക്കാനും അദ്ദേഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെയ്ക്കാനും ഒരു ഫാന്‍പേജ് പോലെ പ്രവര്‍ത്തിക്കുന്ന പേജാണിത്. പേജില്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകളും അത്തരത്തിലുള്ളതു തന്നെ. എന്നാല്‍ മാര്‍ച്ച് മുതല്‍ നല്‍കിത്തുടങ്ങിയ പരസ്യങ്ങളുടെ ഉള്ളടക്കം പൂര്‍ണമായും തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ളതാണെന്ന് വ്യക്തം. മലബാര്‍ സെന്‍ട്രല്‍ എന്ന പേജില്‍നിന്ന് പങ്കുവെച്ചതിന്റെ അഞ്ച് മടങ്ങ് പരസ്യങ്ങളാണ് ഈ പേജില്‍നിന്നും പങ്കുവെച്ചിരിക്കുന്നത്.
പേരിലൂടെ പേജിലെ കണ്ടൻ്റുകളെക്കുറിച്ച് സൂചന നല്‍കുന്നതിനാല്‍ തന്നെ ഭൂരിഭാഗം പോസ്റ്റുകളും ബിജെപി അനുകൂല പോസ്റ്റുകളാണ്. പരസ്യങ്ങളായി നല്‍കിയ പോസ്റ്റുകളിൽ പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നവയുണ്ടെങ്കിലും എണ്ണം കുറവാണ്. സാമുദായിക - വര്‍ഗീയ പരാമര്‍ശങ്ങളുള്ള ചില കണ്ടൻ്റുകൾ പരസ്യങ്ങള്‍ക്കിടയില്‍ കണ്ടെത്താനായി.
പരസ്യമെന്ന പേരില്‍ പണം മുടക്കി ഈ പേജിലൂടെ ആളുകളിലേക്കെത്തിച്ചത് പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും തിരഞ്ഞെടുപ്പ് പ്രസംഗ ശകലങ്ങളാണ്. പാര്‍ട്ടിയെ വാഴ്ത്തുന്നതും പ്രതിപക്ഷത്തെ ഇകഴ്ത്തുന്നതും മാത്രമല്ല, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായും അല്ലാതെയും മതപരമോ സാമുദായികമോ ആയ വിവിധ വിഷയങ്ങളില്‍ നേതാക്കളുടെ പ്രതികരണങ്ങളും പരസ്യദൃശ്യങ്ങളായി നല്‍കിയിരിക്കുന്നു.
പൂഞ്ഞാറില്‍ വൈദികന്‍ ആക്രമിക്കപ്പെട്ട സംഭവത്തിലും പശ്ചിമബംഗാളില്‍ സിംഹങ്ങളുടടെ പേര് സംബന്ധിച്ച വിവാദത്തിലുമെല്ലാം മതം കലര്‍ത്തിയ പ്രതികരണങ്ങള്‍ പരസ്യങ്ങളായി ഈ പേജിലൂടെ പങ്കുവെച്ചതായി കാണാം.
തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഉച്ചസ്ഥായിയിലെത്തിയ ഏപ്രില്‍മാസം പരസ്യങ്ങളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. എന്നാല്‍ ആകെ ചെലവഴിച്ച തുകയുടെ കണക്കില്‍ ഈ പേജ് ഏപ്രിലില്‍ പിറകിലാണ്. കൂടുതല്‍ തുക ചെലവഴിച്ച് പുതിയ പേജുകള്‍ പട്ടികയില്‍ ഇടം പിടിച്ചതോടെ ഏപ്രിലില്‍ 20 ലക്ഷത്തിലേറെ രൂപ പരസ്യത്തിനായി ചെലവഴിച്ച മോദിപ്പട പേജ് പട്ടികയില്‍ 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പള്‍സ് കേരളം
ജനുവരി-മാര്‍ച്ച് കാലയളവില്‍ മൂന്ന് ലക്ഷത്തിലധികം രൂപ ചെലവഴിച്ച മറ്റൊരു മലയാള പേജാണ് പള്‍സ് കേരളം. 2024 ജനുവരി 11-നാണ് പേജ് തുടങ്ങിയതെങ്കിലും 45,000-ത്തോളം പേര്‍ പിന്തുടരുന്നുണ്ട്. പേരില്‍ മാത്രമല്ല, കെട്ടിലും മട്ടിലുമെല്ലാം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേജാണെന്ന യാതൊരു സൂചനകളുമില്ലാതെയാണ് പേജിന്റെ ക്രമീകരണം.
ഒരു വാര്‍ത്താ മാധ്യമമെന്ന തരത്തിലാണ് പരിചയപ്പെടുത്തല്‍. കണ്ടൻ്റുകൾവാര്‍ത്താരൂപത്തിലാണ്. എന്നാല്‍ വാര്‍ത്തകളുടെ ഉള്ളടക്കം ഏതാണ്ട് പൂര്‍ണമായും കേന്ദ്രപദ്ധതികളും നരേന്ദ്രമോദിയുടെ പരിപാടികളും മാത്രം. ഇടയ്ക്ക് പ്രതിപക്ഷ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും താരതമ്യേന കുറവാണ്. മഹാഭൂരിപക്ഷവും വാര്‍ത്താ മാതൃകയില്‍ പങ്കുവെയ്ക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ കണ്ടൻ്റുകൾ.
മറ്റെല്ലാ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഒരു ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെയ്ക്കുന്നതില്‍ എന്താണ് പ്രശ്നമെന്ന സംശയം സ്വാഭാവികം. പ്രശ്നം മറ്റൊന്നുമല്ല, ഈ ‘വാര്‍ത്ത’കളെല്ലാം പങ്കുവെച്ചിരിക്കുന്നത് പരസ്യങ്ങളായാണെന്നുമാത്രം. നിശ്ചിത എണ്ണം ഉപയോക്താക്കളിലേക്കെത്തിക്കാന്‍ ഫെയ്സ്ബുക്കിന് പണം നല്‍കിയുള്ള പ്രചാരണം. കൂടാതെ, തിരഞ്ഞെടുക്കുന്ന വാര്‍ത്തകളുടെ പൊതു സ്വഭാവംകൂടി പരിഗണിക്കുമ്പോള്‍ ഇത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണെന്ന് നിസ്സംശയം പറയാം.
വാര്‍ത്താ കാര്‍ഡുകള്‍ കൂടാതെ വീഡിയോ രൂപത്തില്‍ പങ്കുവെയ്ക്കുന്ന നരേന്ദ്രമോദിയുടെ പ്രസംഗശകലങ്ങളും ഈ പേജില്‍ കാണാം. അവയും പങ്കുവെച്ചിരിക്കുന്നത് പരസ്യങ്ങളായാണ്.
എങ്കിലും എല്ലാ പോസ്റ്റുകളും വാര്‍ത്തകളായി പരിഗണിക്കാവുന്നതല്ല. മറ്റു പേജുകളില്‍ കണ്ടപോലെ പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നതും ബിജെപിയെ പ്രകീര്‍ത്തിക്കുന്നതുമായ കണ്ടൻ്റുകൾ പേജിലുണ്ട്. എങ്കിലും ഭൂരിപക്ഷവും വാര്‍ത്താരൂപത്തില്‍ നല്‍കിയിരിക്കുന്ന പോസ്റ്റുകൾ തന്നെയാണ്. ഫെബ്രുവരിയിലാണ് പരസ്യങ്ങള്‍ നല്‍കിത്തുടങ്ങിയത്. മാര്‍ച്ച് വരെയുള്ള കണ്ടൻ്റുകളുടെ രീതി ഇപ്രകാരമാണ്.
ഏപ്രില്‍ മാസത്തില്‍ പരസ്യങ്ങള്‍ക്കായി 20 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെങ്കിലും പട്ടികയില്‍ പള്‍സ് കേരളം 13-ാം സ്ഥാനത്താണ്.
ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായ Blow Horn Media എന്ന സ്ഥാപനമാണ് ഈ പേജിന്റെ നടത്തിപ്പ്.
നമോ നായകന്‍
പള്‍സ് കേരളം എന്ന പേജ് കൈകാര്യം ചെയ്യുന്ന Blow Horn Media എന്ന സ്ഥാപനത്തിന്റെ കീഴില്‍തന്നെ പ്രവര്‍ത്തിക്കുന്ന മറ്റൊരു പേജാണ് NaMo Nayakan - Narendra Modi Fans. പരസ്യത്തിനായി ചെലവഴിച്ച തുകയില്‍ പള്‍സ് കേരളത്തിന് തൊട്ടുപുറകെ നില്‍ക്കുന്ന ഈ പേജില്‍ രണ്ടര ലക്ഷത്തിലധികം രൂപയുടെ പരസ്യങ്ങളാണ് ജനുവരി-മാര്‍ച്ച് കാലയളവില്‍ പങ്കിട്ടത്. ഏപ്രിലില്‍ 17 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചുവെങ്കിലും പട്ടികയില്‍ 16-ാം സ്ഥാനത്തെത്തി.
ശ്രദ്ധേയമായ മറ്റൊരു കാര്യം ഈ രണ്ടു പേജുകളിലെയും കണ്ടൻ്റുകളാണ്. പള്‍സ് കേരളം എന്ന പേജില്‍ വാര്‍ത്താ രൂപത്തിലും അല്ലാതെയും പങ്കുവെയ്ക്കുന്ന പോസ്റ്റുകളിൽ പലതും ഈ പേജിലും കണ്ടെത്താനായി. പരസ്യങ്ങളായി നല്‍കിയതും അല്ലാത്തതുമായ കണ്ടൻ്റുകൾ ഇത്തരത്തില്‍ രണ്ടുപേജുകളിലും ആവര്‍ത്തിച്ച് കാണാം.
വാര്‍ത്താ രൂപത്തില്‍ മിക്ക പോസ്റ്റുകളും പങ്കുവെയ്ക്കുന്ന, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഒരു അടയാളവും പേരില്‍ പ്രകടമാക്കാത്ത, വാര്‍ത്താ മാധ്യമമെന്ന വിവരണത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു പേജിലും, നരേന്ദ്രമോദിയുടെ ഫാന്‍പേജ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന മറ്റൊരു പേജിലും ഒരേ കണ്ടന്റ് പരസ്യമായി നല്‍കുന്നു. ആദ്യത്തേതും രണ്ടാമത്തേതും ഏതുതരം ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. ഒരേ കമ്പനി ഈ രണ്ടുപേജുകളും നടത്തിക്കൊണ്ടുപോകുന്നുവെന്നതും ശ്രദ്ധേയം.
NaMo Nayakan - Narendra Modi Fans എന്ന പേജിലെ പോസ്റ്റുകളുടെ സ്വഭാവവും സമാനമാണ്. ജനുവരി - മാര്‍ച്ച് കാലയളവിലെ പരസ്യങ്ങളുടെ കണക്കെടുത്താല്‍ ഇതില്‍ ബഹുഭൂരിപക്ഷവും, ബിജെപി അനുകൂല പോസ്റ്റുകള്‍ വാര്‍ത്തകളായോ അല്ലാതെയോ നല്‍കിയതാണെന്ന് കാണാം.
ഏപ്രിലില്‍ പോസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും കണ്ടൻ്റുകളുടെ സ്വഭാവത്തില്‍ മാറ്റമില്ല.
ജനുവരി-മാര്‍ച്ച് കാലയളവില്‍ പരസ്യത്തിനായി പണം ചെലവഴിച്ചവരില്‍ ആദ്യ പത്തില്‍ വരുന്ന പേജുകളില്‍ പലതും തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ മാസം പിറകിലേക്ക് പോയതായി കാണാം. ഇത് ആ പേജുകളിലെ പരസ്യങ്ങളുടെ എണ്ണമോ ചെലവഴിച്ച തുകയോ കുറഞ്ഞതുകൊണ്ടല്ല. മറിച്ച് കൂടുതല്‍ പണം മുടക്കി കൂടുതല്‍ പേജുകള്‍ രംഗത്തെത്തിയതുകൊണ്ടാണ്.
ബീറ്റ്സ് ഓഫ് കാലിക്കറ്റ്
ഏപ്രില്‍ മാസത്തെ പട്ടികയില്‍ നാലാം സ്ഥാനത്തുനില്‍ക്കുന്ന ബിജെപി കേരളം ഔദ്യോഗിക പേജിന് തൊട്ടുപിന്നിലായി അഞ്ചാംസ്ഥാനത്ത് Beats of Calicut എന്ന അക്കൗണ്ടാണ്. മൂന്നേകാല്‍ ലക്ഷത്തിലേറെ രൂപ മുടക്കിയ ഈ പേജ് പരസ്യങ്ങള്‍ പങ്കുവെച്ചത് ഏപ്രില്‍ മാസം മാത്രമാണ്. പേജ് തുടങ്ങിയതാകട്ടെ, മാര്‍ച്ചിലും. കേവലം 58 പേര്‍ മാത്രം പിന്തുടരുന്ന ഈ പേജില്‍ LDF അനുകൂല പോസ്റ്റുകളാണുള്ളത്. കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീമിന് വേണ്ടിയായിരുന്നു പ്രചാരണം. നിലവിലെ കോഴിക്കോട് എംപി കോണ്‍ഗ്രസിന്റെ എംകെ രാഘവൻ്റെ വികസനപ്രവര്‍ത്തനങ്ങളിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടി എല്‍ഡിഎഫിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകളാണ് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
പേജിലൂടെ നൽകിയ പരസ്യങ്ങൾ LDF നെ പുകഴ്ത്തി വികസന നേട്ടങ്ങള്‍ എടുത്തുപറയുന്നവ മാത്രമാണ്. നേരത്തെ പരിശോധിച്ച പേജുകളിലേതുപോലെ മതപരമോ സാമുദായികമോ ആയ ധ്രുവീകരണം ലക്ഷ്യമിടുന്ന പരസ്യങ്ങളോ പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യങ്ങളോ കണ്ടെത്താനായില്ല. പ്രാദേശിക വിഷയങ്ങള്‍ മാത്രം പരാമര്‍ശിക്കുന്ന ഉള്ളടക്കങ്ങള്‍ക്കിടയില്‍ മതസൗഹാര്‍ദത്തെയും ഒരുമയെയും കാണിക്കുന്ന ചില പരസ്യങ്ങളും കാണാം.
ചെയ്ഞ്ച് ഫോര്‍ ടിവിഎം
ഏപ്രില്‍ മാസത്തെ പരസ്യച്ചെലവില്‍ കേരളത്തില്‍ ആറാം സ്ഥാനത്തുള്ള പേജാണ് Change4TVM. ബീറ്റ്സ് ഓഫ് കാലിക്കറ്റിന് സമാനമായി ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പേജാണിത്. തിരുവനന്തപുരം നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനായുള്ള പ്രചാരണമാണ് ഈ പേജിലെ പരസ്യങ്ങള്‍ വഴി നല്‍കിയത്. ആറായിരത്തോളം പേര്‍ പിന്തുടരുന്ന ഈ പേജ് മാര്‍ച്ച് 29 നാണ് നിര്‍മിച്ചിരിക്കുന്നത്. പിന്നീട് ഏപ്രിലില്‍ മാത്രം മൂന്ന് ലക്ഷത്തോളം രൂപയുടെ പരസ്യങ്ങള്‍ പേജിലൂടെ പങ്കുവെച്ചു. സ്വന്തം സ്ഥാനാര്‍ത്ഥിയെ പ്രകീര്‍ത്തിക്കുന്നതിനൊപ്പം എതിര്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുന്ന കണ്ടൻ്റുകൾ ഇതില്‍ കാണാം.
പരസ്യങ്ങളില്‍ കൂടുതലും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ്. പൊതുജനങ്ങളുടെ പ്രതികരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫിനെയും പ്രതിപക്ഷത്തുള്ള യുഡിഎഫിനെയും ഒരുപോലെ വിമര്‍ശിക്കുന്ന പോസ്റ്റുകളും പരസ്യമായി നല്‍കിയിട്ടുണ്ട്.
ടിവിഎം ടോക്സ്
പരസ്യത്തിന് പണം ചെലവഴിച്ച പേജുകളുടെ പട്ടികയില്‍ ഏപ്രില്‍ മാസം ഏഴാം സ്ഥാനത്തുള്ളത് TVM Talks എന്ന പേജാണ്. ഇതിലും ഉള്ളടക്കം രാജീവ് ചന്ദ്രശേഖറിനുവേണ്ടി തന്നെ. മൂവായിരത്തോളം പേരാണ് പേജ് പിന്തുടരുന്നത്. എന്നാല്‍ KTalks എന്ന പേരില്‍ TV Show വിഭാഗത്തില്‍ 2020 ജൂണില്‍ നിര്‍മിച്ച പേജാണിതെന്ന് ഞങ്ങൾ കണ്ടെത്തി. ഏപ്രില്‍ 13നാണ് പേര് മാറ്റിയിരിക്കുന്നത്.
Change4TVM എന്ന പേജിന് സമാനമായ കണ്ടൻ്റുകളാണ് ഇതിലും നല്‍കിയിരിക്കുന്നത്. പോസ്റ്റുകളില്‍ മിക്കതും എതിര്‍സ്ഥാനാര്‍ത്ഥിക്കെതിരെയാണ്.
ശ്രദ്ധേയമായ മറ്റൊരു കാര്യം രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ പേജുകളെക്കാള്‍ കുറഞ്ഞ തുകയാണ് അദ്ദേഹത്തിന്റെ വെരിഫൈഡ് ഫെയ്സ്ബുക്ക് പേജില്‍ ഇക്കാലയളവില്‍ പരസ്യത്തിനായി മുടക്കിയിരിക്കുന്നതെന്നാണ്. അതും കുറവല്ല; ഏപ്രിലില്‍ മാത്രം രണ്ട് ലക്ഷത്തിലേറെ രൂപ അദ്ദേഹത്തിന്റെ വ്യക്തിഗത പേജിലും പരസ്യത്തിനായി ചെലവഴിച്ചിട്ടുണ്ട്. പരസ്യത്തിനായി തുക ചെലവഴിച്ചവരുടെ പട്ടികയില്‍ ഏപ്രിലില്‍ പത്താംസ്ഥാനത്താണ് അദ്ദേഹത്തിന്റെ വെരിഫൈഡ് പേജ്.
അനൗദ്യോഗിക പേജുകള്‍ക്ക് പിന്നിലെ പരസ്യതന്ത്രം
വ്യക്തിഗത പേജില്‍ നല്‍കുന്നതിനെക്കാളേറെ മുതല്‍മുടക്കില്‍ ഒന്നിലധികം പേജുകളില്‍ പരസ്യം നല്‍കുന്നതിന് പിന്നിലെ ലക്ഷ്യവും സാധ്യതയുമറിയാനായി Change4TVM, TVM Talks എന്നീ പേജുകള്‍ നിയന്ത്രിക്കുന്ന കോണ്‍സെപ്റ്റ് കമ്യൂണിക്കേഷന്‍ എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഏജന്‍സിയുമായി ബന്ധപ്പെട്ടു. സ്ഥാപനത്തിലെ ഡിജിറ്റല്‍ അനലിസ്റ്റ് കിരണ്‍ നാഥിന്റെ പ്രതികരണത്തിന്റെ സംഗ്രഹം:
“കേന്ദ്രസഹമന്ത്രിയും തിരുവനന്തപുരം ലോക്സഭ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്നെയാണ് ഈ രണ്ട് പേജുകളും ഉപയോഗിച്ചത്. ആദ്യഘട്ടത്തില്‍ അദ്ദേഹത്തിന്റെ വെരിഫൈഡ് പേജില്‍നിന്ന് തന്നെയാണ് കണ്ടൻ്റുകൾ പങ്കുവെച്ചിരുന്നത്. എന്നാല്‍, അദ്ദേഹത്തെ ഫെയ്സ്ബുക്കില്‍ പിന്തുടരുന്നവരില്‍ ഭൂരിപക്ഷം പേരും കേരളത്തില്‍നിന്നുള്ളവരായിരുന്നില്ല. ഇത് മലയാളം പോസ്റ്റുകൾ പങ്കുവെയ്ക്കുമ്പോള്‍ വലിയ വെല്ലുവിളിയായിരുന്നു. ഇതിനെ മറികടക്കുക എന്നതായിരുന്നു മറ്റ് പേജുകള്‍ ഉപയോഗിക്കുന്നതിന്റെ പ്രഥമലക്ഷ്യം. കൂടാതെ, കേന്ദ്രമന്ത്രിയെന്ന നിലയിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം സ്ഥാനാര്‍ത്ഥിയെന്ന നിലയിലും അദ്ദേഹത്തിന്റെ ഔദ്യോഗിക പേജില്‍നിന്ന് കണ്ടൻ്റുകൾ പങ്കുവെയ്ക്കുന്നതില്‍ പല പരിമിതികളും ഉണ്ടായിരുന്നു. മറ്റ് പേജുകളിലൂടെ ഇതിനെയും മറികടക്കാനായി. അതിലുപരി, സ്വന്തം പേജിലൂടെ പ്രചാരണ പോസ്റ്റുകൾ നല്‍കുന്നതിനെക്കാള്‍ ഫലപ്രദം മറ്റു പേജുകളിലൂടെ നല്‍കുന്നതാണല്ലോ. ഇതെല്ലാം പരിഗണിച്ചാണ് Change4TVM എന്ന പേജ് തുടങ്ങുകയും ഒപ്പം നിലവിലുണ്ടായിരുന്ന TVM Talks എന്ന മറ്റൊരു പേജ് വാങ്ങുകയും ചെയ്തത്.”
ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജീവ് ചന്ദ്രശേഖറിനെ സമൂഹമാധ്യമങ്ങളില്‍ പിന്തുടരുന്നവുരുടെ എണ്ണം വര്‍ധിപ്പിക്കുകയെന്നതും ഇതിന്റെ ലക്ഷ്യമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. 60 ശതമാനത്തോളം വര്‍ധന ഇതിനകം ഉണ്ടായി. മെറ്റ പ്ലാറ്റ്ഫോമുകള്‍ക്കൊപ്പം യൂട്യൂബിലും പരസ്യങ്ങള്‍ നല്‍കിയിരുന്നു. ഇത് മെറ്റയെ അപേക്ഷിച്ച് കൂടുതല്‍ പേരിലേക്ക് എത്തിയതായാണ് മനസ്സിലാക്കുന്നത്. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുവേണ്ടി സമാനമായ പ്രചാരണം നടത്തിയിരുന്നതായും അദ്ദേഹം അറിയിച്ചു.
അതേസമയം ഇത്തരത്തില്‍ അനൗദ്യോഗികമായി എത്ര പേജുകളുണ്ടടെന്ന് കൃത്യമായി പറയാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി അദ്ദേഹമോ പാര്‍ട്ടിയോ ഒന്നിലധികം പരസ്യ സ്ഥാപനങ്ങളെ സമീപിച്ചേക്കാം. ഓരോ സ്ഥാപനവും വ്യത്യസ്ത പേജുകള്‍ തയ്യാറാക്കുകയും ചെയ്തേക്കാം. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കൃത്യമായ കണക്കുകള്‍ നല്‍കുന്നതിന് പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘എല്ലാരും നമ്മുടേന്‍’
പരസ്യച്ചെലവിന്റെ പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ളത് DMK യുടെ പേജാണ്. 2021 ല്‍തന്നെ തുടങ്ങിയ ഈ പേജിന്റെ പേര് ‘എല്ലാരും നമ്മുടേന്‍’ എന്നാണ്. രണ്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ച ഇതിന്റെ ഉള്ളടക്കം തമിഴിലാണ്.
കേരളത്തില്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ ഉള്ളതിനാലാവാം തമിഴില്‍ കേരളത്തിനായി പരസ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
മീം ഹബ്
പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തുള്ള Meme Hub എന്ന പേജിന്റ കണ്ടൻ്റുകളും മലയാളത്തിലല്ല. ഇംഗ്ലീഷും ഹിന്ദിയുമാണ് ഭാഷ. മലബാര്‍ സെന്‍ട്രല്‍ എന്ന പേജ് നിയന്ത്രിക്കുന്ന Ulta Chashma എന്ന ശൃംഖലയുടെ ഭാഗമാണ് ഈ പേജ്. 2023 നവംബറിനും 2024 മെയ് മാസത്തിനും ഇടയില്‍ ഈ ശൃംഖലയുടെ ഭാഗമായി തയ്യാറാക്കിയ പതിന്നാലോളം പേജുകളില്‍നിന്നായി ഒൻപത് കോടിയോളം രൂപ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചതായാണ് കണക്ക്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭരണകക്ഷികളെ ലക്ഷ്യമിട്ട് അതത് പ്രാദേശിക ഭാഷകളിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ തയ്യാറാക്കുന്നതാണ് ഈ പേജുകളിലെ കണ്ടൻ്റുകൾ. സമാനമായ കണ്ടൻ്റുകളും ഘടനയുമെല്ലാം ഈ ശൃംഖലയുടെ ഭാഗമായ എല്ലാ പേജുകളിലും കാണാം.
ബിജെപി അനുകൂല കണ്ടൻ്റുകൾ പങ്കുവെയ്ക്കുന്ന Meme Hub എന്ന പേജ് രണ്ട് ലക്ഷത്തിലേറെ രൂപയാണ് ഏപ്രിലില്‍ കേരളത്തില്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത്. ഏപ്രില്‍ നാലിന് നിര്‍മിച്ച ഈ പേജ് ആകെ 1200 പേര്‍ മാത്രമാണ് പിന്തുടരുന്നത്.
ഫെയ്സ്ബുക്ക് പരസ്യത്തിന് പിന്നിലെ അല്‍ഗൊരിതം
ഏപ്രിലില്‍ പട്ടികയില്‍ ഇടം നേടിയ മിക്ക പേജുകളും പുതിയ പേജുകളാണെന്നതും വളരെക്കുറച്ചുപേര്‍ മാത്രമാണ് മിക്ക പേജുകളും പിന്തുടരുന്നതെന്നതും ശ്രദ്ധേയമാണ്. കുറഞ്ഞ കാലയളവിലേക്ക് ഒരു പേജ് തയ്യാറാക്കുകയും വളരെ കുറഞ്ഞ ആളുകള്‍ മാത്രം പിന്തുടരുകയും ചെയ്യുമ്പോഴും ആ പേജുകള്‍ വഴി നല്‍കുന്ന പരസ്യങ്ങള്‍ എങ്ങനെയാണ് കൂടുതല്‍ പേരിലേക്കെത്തുന്നതെന്നത് സ്വാഭാവിക സംശയമാണ്. മാത്രവുമല്ല, എന്തിനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ലക്ഷക്കണക്കിന് പേര്‍ പിന്തുടരുന്ന പേജുകള്‍ ഉപയോഗിക്കാതെ ചില സാഹചര്യങ്ങളില്‍ പുതിയ പേജുകള്‍ തയ്യാറാക്കുന്നത്? ഈ സംശയങ്ങള്‍ക്കുള്ള ഉത്തരത്തിനായി കാലിക്കറ്റ് സര്‍വകലാശാല കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. വി. എല്‍. ലജീഷിനെ സമീപിച്ചു. അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ സംഗ്രഹം:
“ഫെയ്സ്ബുക്ക് ഉള്‍പ്പെടെ എല്ലാ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തിക്കുന്നത് അതിന്റേതായ അല്‍ഗൊരിതം ഉപയോഗിച്ചാണെന്ന് നമുക്കറിയാം. ഓരോരുത്തരും എന്ത് തരത്തിലുള്ള കണ്ടന്റ് കാണണമെന്ന് നിശ്ചയിക്കാന്‍ ഓരോ സമൂഹമാധ്യമത്തിനും ഒരു അല്‍ഗൊരിതമുണ്ടാകും. ഇതനുസരിച്ച് ഓരോരുത്തരും കൂടുതല്‍ കാണുന്ന കണ്ടൻ്റുകൾ വീണ്ടും അവരുടെ ഫീഡുകളില്‍ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ഇത് പരസ്യങ്ങള്‍ക്ക് ബാധകമല്ല. പരസ്യം നല്‍കുന്നത് ഫെയ്സ്ബുക്കിന് ഒരു നിശ്ചിത തുക നല്‍കിയാണ്. ആ തുകയ്ക്കനുസരിച്ച് അവര്‍ നിശ്ചയിക്കുന്ന അത്രയും പേരിലേക്ക് ആ പരസ്യം എത്തിക്കുകയെന്നത് ഫെയ്സ്ബുക്ക് ചെയ്തിരിക്കും, അതിനി പേജ് ആരും പിന്തുടരുന്നില്ലെങ്കില്‍ പോലും. കൃത്യമായ മാനദണ്ഡങ്ങള്‍ നല്‍കിക്കൊണ്ട് - അതായത് സ്ഥലം, ലിംഗം, ഭാഷ, പ്രായം തുടങ്ങിയ മാനദണ്ഡങ്ങള്‍ - ആവശ്യമായ ഉപയോക്താക്കളിലേക്ക് പരസ്യങ്ങള്‍ എത്തിക്കുകയാണ് ചെയ്യുന്നത്. അതേസമയം ഗിഗ് പ്ലാറ്റ്ഫോമുകളുടെ പരസ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ ഉപയോക്താവിന്റെ സമീപകാല സെര്‍ച്ച് ഹിസ്റ്ററി ഉള്‍പ്പെടെ പ്രയോജനപ്പെടുത്തുന്നുമുണ്ട്. അതായത്, വ്യത്യസ്തമായ പരസ്യങ്ങള്‍ക്ക് പരസ്യ ദാതാവിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ ഫെയ്സ്ബുക്കിനുണ്ട്.
തിരഞ്ഞെടുപ്പ് പരസ്യങ്ങളുമായി ബന്ധപ്പെട്ട് പറയുകയാണെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറ്റവും സൗകര്യം ഇത്തരത്തില്‍ പുതിയ പേജുകള്‍ ഉണ്ടാക്കുകയോ നിരവധി പേര്‍ പിന്തുടരുന്ന മറ്റ് പേജുകള്‍ പണം നല്‍കി വാങ്ങി അതിന്റെ പേരും ഉള്ളടക്കവും മാറ്റി ഉപയോഗിക്കുകയോ ചെയ്യുകയാണ്. കൂടുതലായി പരസ്യങ്ങള്‍ നല്‍കാനുദ്ദേശിക്കുന്നവര്‍ ആദ്യത്തെ രീതിയും പരസ്യമല്ലാത്ത കണ്ടൻ്റുകൾ നല്‍കാനാഗ്രഹിക്കുന്നവര്‍ രണ്ടാമത്തെ രീതിയുമാണ് സ്വീകരിച്ചു കാണാറുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലുള്ള പേജുകള്‍ പിന്തുടരുന്നത് നിലവില്‍ ആ രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരായിരിക്കുമല്ലോ. എന്നാല്‍ ഇതിനപ്പുറം പുതിയ ആളുകളിലേക്ക് തങ്ങളുടെ രാഷ്ട്രീയ സന്ദേശം എത്തിക്കാന്‍ പാര്‍ട്ടിയുടെ പേരിലല്ലാത്ത പുതിയ പേജുകള്‍ ആവശ്യമായി വരുന്നു. രാഷ്ട്രിയ പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിക്കാതെയാണ് ഇത്തരം പേജുകള്‍ മിക്കപ്പോഴും പ്രവര്‍ത്തിച്ചുകാണുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടിയടക്കം ഇത്തരം നിരവധി പേജുകളുണ്ട്. തിരഞ്ഞെടുപ്പ് ചട്ടങ്ങളുമായി ബന്ധപ്പെട്ട് പരസ്യങ്ങള്‍ക്ക് ചെലവഴിക്കുന്ന തുക, അവയുടെ ഉള്ളടക്കം തുടങ്ങിയവയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാതെ രക്ഷപ്പെടാനും ഇത്തരം പേജുകള്‍ ഉപയോഗിക്കുന്നതിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും സാധിക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്.”
പരസ്യ ചെലവിലെ ഏറ്റക്കുറച്ചിലുകള്‍
വിവിധ പേജുകള്‍ പരസ്യത്തിനായി ചെലവഴിച്ച തുകയുടെ കണക്കില്‍ തിരഞ്ഞെടുപ്പിന് മുന്‍പത്തെ മാസങ്ങളും തിരഞ്ഞെടുപ്പ് നടന്ന മാസവും തമ്മില്‍ വലിയ അന്തരം കാണാം. ജനുവരി മുതല്‍ മാര്‍ച്ച് വരെ മൂന്ന് മാസം ചെലവഴിച്ച തുകയുടെ ഇരട്ടിയോ അതിലേറെയോ ആണ് മിക്ക പേജുകളും കേരളത്തില്‍ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ മാസം ചെലവഴിച്ചത്. ബിജെപി കേരളം എന്ന പേജ് ഏപ്രില്‍ മുതല്‍ മാത്രമാണ് പരസ്യം നല്‍കിയതെന്നതും ശ്രദ്ധേയം. എന്നാല്‍ ഔദ്യോഗിക പേജുകളില്‍ വലിയ വര്‍ധനയും അനൗദ്യോഗിക പേജുകളില്‍ നേരിയ കുറവും കാണാം.
കണ്ടൻ്റുകളുടെ എണ്ണവും ഇതേ ഗതിയിലാണ്. ജനുവരി - മാര്‍ച്ച് മാസങ്ങളില്‍ പങ്കുവെച്ചതിനെക്കാള്‍ കൂടുതല്‍ പോസ്റ്റുകൾ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ മാസത്തില്‍ പരസ്യമായും അല്ലാതെയും പങ്കുവെച്ചതായി കാണാം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഔദ്യോഗിക പേജുകള്‍ ചെലവഴിച്ചതിനെക്കാള്‍ കൂടുതല്‍ തുകയാണ് അനൗദ്യോഗിക പേജുകള്‍ ചെലവഴിച്ചത്. ഏപ്രില്‍ മാസത്തെ കണക്ക് പ്രകാരം ബിജെപി കേരള ഘടകത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ പരസ്യത്തിനായി ചെലവഴിച്ചത് 8,88,410 രൂപയാണ്. എന്നാല്‍ മലബാര്‍ സെന്‍ട്രല്‍ എന്ന പേജ് മാത്രം 15,65,581 രൂപ ചെലവഴിച്ചു. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ബിജെപി അനുകൂല കണ്ടൻ്റുകൾ പങ്കുവെച്ച പേജുകള്‍ മാത്രം 25 ലക്ഷത്തിലേറെ രൂപയാണ് ഏപ്രിലില്‍ പരസ്യത്തിനായി ചെലവഴിച്ചത്. അതായത്, കേരള ഘടകം ഔദ്യോഗിക പേജ് വഴി ചെലവഴിച്ചതിന്റെ മൂന്ന് മടങ്ങിലേറെ.
തിരഞ്ഞെടുപ്പ് പരസ്യങ്ങളുടെ വെല്ലുവിളികള്‍
ഈ പേജുകളില്‍ പങ്കുവെയ്ക്കുന്ന പല കണ്ടൻ്റുകളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ നിരവധി വസ്തുതാപരമായ തെറ്റുകള്‍ കണ്ടെത്താനാവും. വെറുപ്പും വിദ്വേഷവും വ്യാജവും ഉല്‍പാദിപ്പിക്കുന്ന സമൂഹമാധ്യമ പേജുകള്‍ അവ പ്രത്യേക ഉപയോക്താക്കളെ ലക്ഷ്യമിട്ട് പരസ്യങ്ങളായി നല്‍കിത്തുടങ്ങിയിരിക്കുന്ന കാലത്ത് പ്രതിരോധിക്കാന്‍ ഏകമാര്‍ഗം അതിനെക്കുറിച്ചുള്ള അവബോധം മാത്രമാണ്.
ഔദ്യോഗിക പേജുകള്‍ക്ക് പുറമെ ഇത്തരം ഫാന്‍ പേജുകളുടെയും പേരില്‍പോലും തിരിച്ചറിയാനാവാത്ത പേജുകളുടെയും പങ്ക് എന്തെന്ന ചോദ്യത്തിന് ഉത്തരം ലളിതമാണ്. ഇവ രണ്ടും ലക്ഷ്യമിടുന്നത് വ്യത്യസ്ത ഉപയോക്താക്കളെയാണ്. പാര്‍ട്ടി അനുഭാവം പുലര്‍ത്തുന്ന, ഔദ്യോഗിക പേജുകള്‍ പിന്തുടരുന്നവരിലേക്ക് പോസ്റ്റുകളെത്തിക്കുന്നത് അവരിലൂടെ വലിയൊരു ശൃംഖലയിലേക്ക് അത് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ്. അതേസമയം പരസ്യരൂപേണ മറ്റ് പേജുകളിലൂടെ നല്‍കുന്ന കണ്ടൻ്റുകൾ ഉപയോക്താക്കള്‍ പോലുമറിയാതെ അവരെ സ്വാധീനിക്കുന്നു. പല സാഹചര്യത്തിലും വാര്‍ത്തയായും മറ്റും തെറ്റിദ്ധരിച്ചാണ് ആളുകള്‍ ഈ കണ്ടൻ്റുകൾ കാണുന്നത്.
മെറ്റയുടെ പ്രതികരണം
രാജ്യത്ത് അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് കാലത്ത് നല്‍കുന്ന പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനമുണ്ട്.പരസ്യങ്ങളിലെ തെറ്റായ പരാമര്‍ശങ്ങള്‍ക്കെതിരെ കമ്മീഷന്‍ നടപടി കൈക്കൊള്ളുകയും ചെയ്യുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ ഇതിന് പരിമിതിയുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ അനൗദ്യോഗിക പേജുകളും മെറ്റയുടെ പരസ്യസംവിധാനത്തെ ദുരുപയോഗം ചെയ്യുന്നുവെന്നും തെറ്റായ വിവരങ്ങളോ മതപരമോ സാമുദായികമോ ആയി സ്പര്‍ധ പടര്‍ത്തുന്ന വിധത്തിലുള്ള പരസ്യങ്ങളോ ആളുകളിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നുവെന്നും വ്യക്തമാണ്. ഗൂഗ്ള്‍ ഉള്‍പ്പെടെ പല പ്ലാറ്റ്ഫോമുകളും ഇതിനായി ചില നിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഗൂഗ്ള്‍ വഴി നല്‍കുന്നതിന് പ്രത്യേക സ്ഥിരീകരണ പ്രക്രിയ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
മെറ്റ പ്ലാറ്റ്ഫോമുകള്‍ വഴി നല്‍കുന്ന പല പരസ്യങ്ങളുടെയും ഉള്ളടക്കം തിരഞ്ഞെടുപ്പിനെ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ ഇടയാക്കുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് മെറ്റയുടെ പ്രതികരണം തേടി. ഇ-മെയില്‍ സന്ദേശത്തില്‍ മെറ്റ വക്താവിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു:
“മെറ്റ പ്ലാറ്റ്ഫോമുകളില്‍ പരസ്യം നല്‍കുന്നതിന് ചില നിബന്ധനകളുണ്ട്. ഇവ ലംഘിക്കുന്ന പരസ്യങ്ങള്‍ ഞങ്ങള്‍ പിന്‍വലിക്കാറുമുണ്ട്. തുടര്‍ച്ചയായി ഈ നിബന്ധനകള്‍ ലംഘിക്കുന്ന പരസ്യദാതാക്കള്‍ക്കെതിരെ പിഴചുമത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതോ രാഷ്ട്രീയ കണ്ടൻ്റുകളുള്ളതോ ആയ പരസ്യങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ മെറ്റയുടെ അംഗീകാരം നേടുന്നതിനായി ആവിഷ്ക്കരിച്ച നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതും ബാധകമായ എല്ലാ നിയമങ്ങളും പാലിക്കേണ്ടതുമാണ്.”
ഉപസംഹാരം
രാജ്യത്ത് ഏപ്രില്‍ 19 മുതല്‍ ആരംഭിച്ച് ജൂണ്‍ നാല് വരെ നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മഹോത്സവമാണ്. വിവിധ സംസ്ഥാനനങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ വ്യത്യസ്ത രീതികളിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളില്‍ ഏറ്റവും ആസൂത്രിതവും ഫലപ്രദവുമായി മാറിയിരിക്കുകയാണ് സമൂഹമാധ്യമ പരസ്യങ്ങള്‍. രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഔദ്യോഗിക പേജുകള്‍ക്കു പുറമെ അതിനെക്കാളേറെ പണം മുടക്കി സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നതിന്റെ നേര്‍ചിത്രമാണ് നാം കണ്ടത്. സാങ്കേതികമായി ഇതില്‍ നിയമലംഘനമില്ലെന്നത് വസ്തുതയാണ്. എങ്കിലും നാം പോലുമറിയാതെ നമ്മെ സ്വാധീനിക്കുന്ന, രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കുന്ന, സമൂഹമാധ്യമ പരസ്യങ്ങളുടെ പിന്നാമ്പുറങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യതയും.
ലേഖനത്തിന് പിന്നിലെ രീതിശാസ്ത്രം
മെറ്റയുടെ പരസ്യങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി തയ്യാറാക്കിയ സംവിധാനമാണ് മെറ്റ ആഡ് ലൈബ്രറി. മെറ്റയുടെ വിവിധ സമൂഹമാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുക, ലക്ഷ്യമിടുന്ന ഉപയോക്താക്കള്‍, പ്രദേശം, പരസ്യം നല്‍കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ എന്നിവയടക്കം സുതാര്യമാക്കാനായി തയ്യാറാക്കിയ ഈ സംവിധാനത്തിലൂടെ ഇത്തരം വിവരങ്ങള്‍ ആര്‍ക്കും ശേഖരിക്കാം. വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അവയെ തരംതിരിക്കാനും പഠനവിധേയമാക്കാനും സാധിക്കും. തിരഞ്ഞെടുപ്പ്, രാഷ്ട്രീയം, മറ്റ് സാമൂഹ്യപ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ വിവരങ്ങള്‍ ഏഴുവര്‍ഷം വരെ ലഭ്യമാക്കുന്നു.
മെറ്റ ആഡ് ലൈബ്രറി ഉപയോഗപ്പെടുത്തി ഇന്ത്യയിലെ 2024 ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ഔദ്യോഗിക - അനൗദ്യോഗിക സമൂഹമാധ്യമ പേജുകളിലൂടെ നല്‍കിയ പരസ്യങ്ങളുടെ ഉള്ളടക്കം, ചെലവഴിച്ച തുക തുടങ്ങിയ വിവരങ്ങള്‍ പഠനവിധേയമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ഈ രംഗത്തെ വിദഗ്ധരുടെ പ്രതികരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദേശീയരാഷ്ട്രീയത്തിലെ ഭരണസഖ്യമായ NDA യിലെ മുഖ്യകക്ഷി BJPയുടെയും പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെയും കേരളത്തിലെ ഭരണസഖ്യമെന്ന നിലയില്‍ ഇടതുപക്ഷത്തിന്റെയും ഉള്ളടക്കങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. ചെലവഴിച്ച തുകയുടെ അടിസ്ഥാനത്തില്‍ ആദ്യ പത്തില്‍ വന്ന പേജുകളെ 2024 ജനുവരി മുതല്‍ മാര്‍ച്ച് വരെ ആദ്യഘട്ടമായും കേരളത്തില്‍ തിരഞ്ഞെടുപ്പ് നടന്ന ഏപ്രിലില്‍ രണ്ടാംഘട്ടമായുമാണ് പഠനവിധേയമാക്കിയത്. കണ്ടൻ്റുകളുടെ സ്വഭാവം, ചെലവഴിച്ച തുകയിലെ വര്‍ധന തുടങ്ങിയവയാണ് ലേഖനത്തിന്റെ മുഖ്യപഠനവിഷയം.