Fact Check: എല്ലാവര്‍ക്കുമൊപ്പം BJP - ‘മതേതര നയം’ വിശദീകരിക്കുന്ന പരസ്യ വീഡിയോയിലെ പൊരുത്തക്കേടുകള്‍
BJPയുടെ ‘മതേതര നയം’ വിശദീകരിക്കുന്ന പരസ്യ വീഡിയോയില്‍ കേന്ദ്രഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ക്കൊപ്പം അവ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെട്ടുവെന്നാണ് അവകാശവാദം. എന്നാല്‍ ഈ വീഡിയോയില്‍ ചില പൊരുത്തക്കേടുകളുണ്ട്.
By - HABEEB RAHMAN YP |
Claim:കേരളത്തെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ ഹജ് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് ഗുജറാത്തില്‍നിന്ന്
Fact:ഗുജറാത്തിലേതിനെക്കാള്‍ ഹജ് അപേക്ഷകരും ക്വാട്ടയും കേരളത്തില്‍നിന്ന്; വീഡിയോയില്‍ നല്‍കിയിരിക്കുന്നത് കോവിഡ് മൂലം ഹജ് തീര്‍ത്ഥാടനം റദ്ദാക്കിയ 2020-ലെ അപേക്ഷകരുടെ എണ്ണം മാത്രം.
കേന്ദ്രഗവണ്മെന്റിന്റെ വികസനനയങ്ങള്‍ക്കൊപ്പം ‘മതേതര’ സമീപനത്തെ ഉയര്‍ത്തിക്കാട്ടി തയ്യാറാക്കിയ പരസ്യ വീഡിയോ ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നു. ‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്ന പ്രമേയത്തില്‍ തയ്യാറാക്കിയ പരസ്യ വിഡിയോ മലബാര്‍ സെന്‍ട്രല്‍ എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്നാണ് പങ്കുവെച്ചിരിക്കുന്നത്. (Archive)
കൂടാതെ നിരവധി വ്യക്തിഗത അക്കൗണ്ടുകളില്‍നിന്നും ഇതേ പരസ്യവീഡിയോ പങ്കുവെച്ചിട്ടുണ്ട്. (Archive 1, Archive 2, Archive 3)
അരലക്ഷത്തോളം രൂപ ചെലവില്‍ കേരളത്തില്‍നിന്ന് ഏകദേശം പത്ത് ലക്ഷത്തിലേറെ ഫെയ്സ്ബുക്ക്/ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് ഇതിനകം മൂന്ന് തവണയാണ് ഈ പരസ്യം നല്‍കിയിരിക്കുന്നത്.
Fact-check:
പരസ്യവീഡിയോയിലുടനീളം ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ വിവിധ വികസനപദ്ധതികളെയും അതിലെല്ലാം സ്വീകരിച്ച ‘മതേതര സമീപന’ത്തെയും കുറിച്ചാണ് പറയുന്നത്. ഒരു മിനുറ്റും 18 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ വോയ്സ് ഓവര്‍ ചേര്‍ത്തിട്ടുണ്ട്. മലയാളത്തിലാണ് വിവരണം.
വീഡിയോയില്‍ കൂടുതലും ഉയര്‍ത്തിക്കാണിക്കുന്നത് ബിജെപി സര്‍ക്കാര്‍ മുസ്ലിം സമുദായത്തിന് ഉറപ്പാക്കിയ ആനുകൂല്യങ്ങളും വികസന നേട്ടങ്ങളുമാണ്. എന്നാല്‍ ഇതില്‍ പറയുന്ന പല കാര്യങ്ങളിലെയും അതിശയോക്തിയാണ് വസ്തുത പരിശോധനയിലേക്ക് നയിച്ചത്.
പരസ്യചിത്രത്തിലെ മൂന്ന് അവകാശവാദങ്ങളിലാണ് വസ്തുത പരിശോധന നടത്തിയത്:
1) ഹജ് തീര്‍ത്ഥാടകരുടെ ഗുജറാത്തിലെയും കേരളത്തിലെയും താരതമ്യം
2) ബിജെപിയും ബിജെപി സഖ്യവും ഭരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ചുള്ള പരാമര്‍ശം
3) കശ്മീരീല്‍ 370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷമുള്ള സാഹചര്യം
ഈ മൂന്ന് അവകാശവാദങ്ങള്‍ സംബന്ധിച്ച് നല്‍കിയ വിവരങ്ങളിലും വസ്തുതാപരമായ തെറ്റുകളോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോ തെറ്റായ ദൃശ്യങ്ങളോ ഉള്‍പ്പെടുത്തിയതായി ന്യൂസ്മീറ്റര്‍ പരിശോധനയില്‍ കണ്ടെത്തി.
ഹജ് തീര്‍ത്ഥാടകരുടെ ഗുജറാത്തിലെയും കേരളത്തിലെയും താരതമ്യം
മുസ്ലിം ജനസംഖ്യയില്‍ ഗുജറാത്തിനെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായിട്ടുപോലും കൂടുതല്‍ മുസ്ലിംകള്‍ ഹജിന് പോകുന്നത് ഗുജറാത്തില്‍നിന്നാണ് എന്നാണ് അവകാശവാദം. ഇതിനായി ചില ഇന്‍ഫോഗ്രാഫിക്സ് ചിത്രങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്‍ഫോഗ്രാഫിക്സിലേത് 2020 ലെ കണക്കാണെന്ന് അതില്‍തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ സൂചന ഉപയോഗിച്ച് 2020ലെ ഹജിന്റെ വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍ കൊവിഡ് മഹാമാരിയുടെ ഭാഗമായി ഇന്ത്യയില്‍നിന്ന് 2020, 2021 വര്‍ഷങ്ങളില്‍ ഹജ് തീര്‍ത്ഥാടനം നടന്നിട്ടില്ലെന്ന് കേന്ദ്ര ഹജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന് വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്ന കണക്കിന്റെ സ്രോതസ്സ് പരിശോധിച്ചു. കേരളത്തില്‍ നിന്ന് 26,081 പേരും ഗുജറാത്തില്‍നിന്ന് 29,540 പേരും ഹജില്‍ പങ്കെടുത്തതായാണ് ദൃശ്യങ്ങളില്‍ നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങള്‍ക്കൊപ്പം താഴെ നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് പരിഭാഷയിലാകട്ടെ, കേരളത്തിലേതിനെക്കാള്‍ നാല് മടങ്ങ് പേര്‍ ഗുജറാത്തില്‍നിന്ന് ഹജ് തീര്‍ത്ഥാടനത്തിന് പോയതായും പറയുന്നുണ്ട്.
ഈ കണക്കുകളുടെ സ്രോതസ്സ് കണ്ടെത്തിയതോടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നും കണക്കുകള്‍ തെറ്റാണെന്നും വ്യക്തമായി. ഹജ് തീര്‍ത്ഥാടനം റദ്ദാക്കിയ 2020-ല്‍ ഗുജറാത്തിലും കേരളത്തിലും ആകെ ലഭിച്ച അപേക്ഷകളുടെ എണ്ണമാണിതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഇത്രയും അപേക്ഷകള്‍ വന്നെങ്കിലും ഹജ് ക്വാട്ട കൂടുതല്‍ കേരളത്തിലാണ്. ഗുജറാത്തില്‍ അനുവദിച്ച ക്വാട്ട 7285-ഉം കേരളത്തില്‍ 10834-ഉം ആയിരുന്നു - അതായത് 2020ല്‍ ഹജ് തീര്‍ത്ഥാടനം നടന്നിരുന്നുവെങ്കില്‍ കേരളത്തില്‍നിന്നാകുമായിരുന്നു കൂടുതല്‍ തീര്‍ത്ഥാടകര്‍.
തുടര്‍ന്ന് ഏറ്റവും പുതിയ കണക്കുകളും പരിശോധിച്ചു. കേന്ദ്ര ഹജ് കമ്മിറ്റിയുടെ 2024 ലെ കണക്കുകള്‍ പ്രകാരം ഗുജറാത്തിനേക്കാള്‍ കൂടുതല്‍ അപേക്ഷകരും ക്വാട്ടയും കേരളത്തിലാണ്. 20,469 അപേക്ഷകള്‍ ഗുജറാത്തില്‍ ലഭിച്ചപ്പോള്‍ കേരളത്തിലേത് 24,784 ആണ്. ആകെ ക്വാട്ട ഗുജറാത്തില്‍ 13,310-ഉം കേരളത്തില്‍ 16,776-ഉം ആണ്. മഹാരാഷ്ട്രയാണ് അപേക്ഷകരുടെയും ക്വാട്ടയുടെയും കൂട്ടത്തില്‍ ഏറ്റവും മുന്നില്‍. കേരളത്തിന് രണ്ടാംസ്ഥാനം.
ഇതോടെ ഹജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പരസ്യചിത്രത്തില്‍ നല്‍കിയിരിക്കുന്ന അവകാശവാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും കണക്കുകള്‍ തെറ്റാണെന്നും വ്യക്തമായി.
ബിജെപിയും ബിജെപി സഖ്യവും ഭരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ചുള്ള പരാമര്‍ശം
വീഡിയോയുടെ 00:22 സെക്കന്റില്‍ “താമര വിരിഞ്ഞ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ സുരക്ഷിതരാണ്” എന്ന വിവരണത്തിനൊപ്പം നല്‍കിയിരിക്കുന്ന ഇന്ത്യയുടെ ഭൂപടത്തില്‍ സംസ്ഥാനങ്ങളെ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത നിറങ്ങള്‍ നല്‍കി തരംതിരിച്ചിട്ടുണ്ട്.
എന്നാല്‍ ഈ വിവരങ്ങള്‍ പഴയതാണെന്നും നിലവിലെ കണക്കുകളുമായി ഈ ഭൂപടം ചേര്‍ന്നുപോകില്ലെന്നും വ്യക്തമായി. കര്‍ണാടക. ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ നിലവില്‍ ഭരിക്കുന്നത് ബിജെപിയോ ബിജെപി സഖ്യമോ അല്ല. 12 സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപിയ്ക്ക് നിലവില്‍ ഒറ്റയ്ക്ക് ഭരണമുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇതോടെ വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്ന ഭൂപടം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
കശ്മീരീല്‍ 370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷമുള്ള സാഹചര്യം
പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കശ്മീരിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചാണ് മറ്റൊരു അവകാശവാദം. 2019-ലാണ് കശ്മീരില്‍ 370-ാം അനുച്ഛേദം റദ്ദാക്കുന്നത്. ഇതിന് മുന്‍പുള്ള മൂന്ന് വര്‍ഷങ്ങളില്‍ അക്രമസംഭവങ്ങളില്‍ 124 പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നും ഇതിന് ശേഷം ഇത്തരം യാതൊരു സംഭവവും ഉണ്ടായിട്ടില്ലെന്നുമാണ് അവകാശവാദം. എന്നാല്‍ ഇതും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
കണക്കുകളുടെ സ്രോതസ്സ് പരിശോധിച്ചതോടെ ജമ്മുകശ്മീര്‍ പൊലീസ് 2022 ആഗസ്റ്റ് 5ന് പങ്കുവെച്ച വിവരങ്ങളാണിതെന്ന് വ്യക്തമായി. (Archive)
ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പൗരന്മാര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നാണ് കണക്കില്‍ പറയുന്നത്. അതേസമയം വിവിധ ഭീകരാക്രമണ സംഭവങ്ങളില്‍ ഇക്കാലയളവില്‍ 110 പേര്‍ കൊല്ലപ്പെട്ടതായി ഇതേ കണക്കില്‍ വ്യക്തമാക്കുന്നു. 2022 ആഗസ്റ്റിന് ശേഷവും കശ്മീരില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2023 ഡിസംബറില്‍ സൈന്യത്തിന്റെ തടവില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.
ഇതോടെ കശ്മീരുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
ബിജെപിയുടെ നേട്ടങ്ങളും എല്ലാവിഭാഗങ്ങളെയും ചേര്‍ത്തുപിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന നയവും വിശദീകരിക്കുന്ന പരസ്യചിത്രത്തിലെ പല കാര്യങ്ങളിലും വസ്തുതാപരമായ പിശകും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കവുമുള്ളതായി ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഹജ് തീര്‍ത്ഥാടനത്തെക്കുറിച്ചുള്ള കണക്കുകള്‍ വസ്തുതാവിരുദ്ധമാണെന്നും സംസ്ഥാനങ്ങള്‍ ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ വിവരങ്ങള്‍ കാണിക്കുന്ന ഭൂപടം പഴയതാണെന്നും കശ്മീരിന്റെ പ്രത്യേകപദവി പിന്‍വലിച്ചതിന് ശേഷമുള്ള സാഹചര്യം സംബന്ധിച്ച പരാമര്‍ശങ്ങള്‍ അപൂര്‍ണമാണെന്നും സ്ഥിരീകരിച്ചു.