കര്‍ണാടക തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതില്‍ പലതും വ്യാജമോ മറ്റ് സാഹചര്യങ്ങളിലേതോ ആണ്. തെലങ്കാനയിലെ ഉപതെരഞ്ഞെടുപ്പ് സമയത്തെ ദൃശ്യങ്ങളും ഇക്കൂട്ടത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ന്യൂസ്മീറ്റര്‍ കഴിഞ്ഞ മാസം ചെയ്ത ഒരു വസ്തുതാ പരിശോധന ഇവിടെ വായിക്കാം.
നിലവില്‍ പ്രചരിക്കുന്നതും സമാനമായ വീഡിയോയാണ്. അനില്‍ ആന്‍റണിയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ ബിജെപി പ്രവര്‍ത്തകരെ ജനം അടിച്ചോടിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചു.
വ്യക്തത കുറവായതിനാല്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ കാര്യമായ ഫലങ്ങളൊന്നും ലഭിച്ചില്ല. എന്നാല്‍ ദൃശ്യങ്ങളിലെ മറ്റ് സൂചനകള്‍ വസ്തുതാ പരിശോധനയ്ക്ക് സഹായകരമായി.
ബിജെപി യുടെ പതാകകളുമായി നില്‍ക്കുന്ന പ്രവര്‍ത്തകരെയും ഇവരെ ആക്രമിക്കുന്ന ഒരുകൂട്ടം ആളുകളെയും ദൃശ്യങ്ങളില്‍ കാണാം. ആക്രമിക്കുന്നവരുടെ കൈയ്യില്‍ പിങ്ക് നിറത്തിലുള്ള പതാകകള്‍ കാണാം. പിങ്ക് നിറം തെലങ്കാനയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ തെലങ്കാന രാഷ്ട്ര സമിതി - TRS (നിലവില്‍ ഭാരത് രാഷ്ട്ര സമിതി - BRS) ന്‍റെ പതാകയുടേതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഇതോടെ സംഭവം തെലങ്കാനയിലേതാണെന്നും ടിആര്‍എസ് - ബിജെപി പ്രവര്‍ത്തകര്‍ തമ്മിലെ സംഘര്‍ഷമാകാമെന്നും സൂചന ലഭിച്ചു. തുടര്‍ന്ന് ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ ഏതാനും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. പ്രാദേശിക ചാനലുകള്‍ നല്‍കിയ വാര്‍ത്തയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ഇത് സ്ഥിരീകരിക്കാനായി.
TV9 Telugu ചാനലിന്‍റെ യൂട്യൂബ് പേജില്‍ 2022 ഫെബ്രുവരി 9ന് ഈ ദൃശ്യങ്ങളടങ്ങുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കാണാം. തെലങ്കാനയിലെ ജാങ്കോവില്‍ നടന്ന സംഘര്‍ഷമാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ETV Telengana യും 2022 ഫെബ്രുവരി 10ന് ഇതേ ദൃശ്യങ്ങളോടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ കര്‍ണാടകയില്‍നിന്നുള്ളതല്ലെന്നും തെലങ്കാനയില്‍ 2022 ഫെബ്രുവരിയില്‍ നടന്ന ടിആര്‍എസ് - ബിജെപി സംഘര്‍ഷത്തിന്‍റേതാണെന്നും വ്യക്തമായി.
കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നത് ഈയിടെയാണ്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. പ്രചരിക്കുന്ന വീഡിയോയുടെ വിവരണത്തില്‍ അദ്ദേഹത്തിന്‍റെ പേര് പരാമര്‍ശിച്ചതും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അനില്‍ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നത് 2023 ഏപ്രില്‍ ആദ്യവാരമാണെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Conclusion:
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അനില്‍ ആന്‍റണിയെയും ബിജെപി പ്രവര്‍ത്തകരെയും നാട്ടുകാര്‍ അടിച്ചോടിക്കുന്നു എന്ന വിവരണത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. പ്രചരിക്കുന്ന വീഡിയോ 2022 ഫെബ്രുവരിയില്‍ തെലങ്കാനയിലെ ജാങ്കോവയില്‍ ടിആര്‍എസ് - ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റേതാണ്.