‘അരിക്കൊമ്പന്‍ ചിന്നക്കനാലില്‍’ - വ്യാജ തലക്കെട്ടുമായി ഓണ്‍ലൈന്‍ പേജുകള്‍
ഇടുക്കിയിലെ ചിന്നക്കനാലില്‍നിന്ന് 2023 ഏപ്രില്‍ 29ന് വനംവകുപ്പ് പിടികൂടി പെരിയാര്‍ കടുവാസങ്കേതത്തിലെത്തിച്ച കാട്ടാന നിലവില്‍ തമിഴ്നാട്ടിലെ മേഘമലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
By - HABEEB RAHMAN YP | Published on 11 May 2023 12:00 AM ISTഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ പലതവണ വീടുകളും കടകളും ആക്രമിച്ച ‘അരിക്കൊമ്പന്‍’ എന്ന കാട്ടാനയെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ മയക്കുവെടിവെച്ച് പെരിയാര്‍ കടുവാസങ്കേതത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അരിക്കൊമ്പന്‍ വീണ്ടും ചിന്നക്കനാലില്‍ തിരിച്ചെത്തിയെന്ന തലക്കെട്ടോടെയാണ് ചില ഓണ്‍ലൈന്‍ പേജുകളില്‍ പ്രചരണം.
Gulf Job എന്ന ഫെയ്സ്ബുക്ക് പേജില്‍ 2023 മെയ് 8ന് പോസ്റ്റ് ചെയ്ത ലിങ്കിന്‍റെ വിവരണമായി ‘അരിക്കൊമ്പന്‍ ചിന്നക്കനാലില്‍’ എന്ന് നല്‍കിയതായി കാണാം. കൂടെ നല്‍കിയ തംബ്നെയില്‍ ചിത്രത്തില്‍ അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക്, ബസ് സര്‍വീസുകള്‍ നിര്‍ത്തി എന്നും നല്‍കിയിട്ടുണ്ട്.
ലിങ്ക് തുറക്കുമ്പോള്‍ ഒരു വെബ് പേജിലെത്തുന്നു. ഇവിടെയും Arikomban in Chinnakanal എന്ന തലക്കെട്ട് നല്‍കിയതായി കാണാം.
Fact-check:
2023 ഏപ്രില്‍ 29 നായിരുന്നു ‘അരിക്കൊമ്പന്‍’ ദൗത്യം. ചിന്നക്കനാല്‍ മേഖലയെ ആശങ്കയിലാക്കിയ കാട്ടാനയെ വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ മയക്കുവെടി വെച്ച് വൈകീട്ടോടെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് കൊണ്ടുപോയി. ഏപ്രില്‍ 30ന് പുലര്‍ച്ചെയാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയെ പെരിയാര്‍ കടുവാസങ്കേതത്തില്‍ തുറന്നുവിട്ടത്.
ആനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ചതിനാല്‍ ആനയുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കാനാവുമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് തുടര്‍ച്ചയായ മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമായി.
ഇതിനിടെ മെയ് 2ന് ഉച്ചകഴിഞ്ഞ് റേഡിയോ കോളറില്‍നിന്ന് സിഗ്നലുകള്‍ ലഭിക്കുന്നില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇത് സാങ്കേതിക തകരാറാണെന്ന് വനം വകുപ്പ് വിശദീകരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് മെയ് 5ന് വെള്ളിയാഴ്ച അരിക്കൊമ്പനെ തമിഴ്നാട് അതിര്‍ത്തി പ്രദേശമായ മേഘമലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. മാധ്യമം മെയ് 5ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാണ്.
ഇതിന് പിന്നാലെ മെയ് 6ന് മേഘമലയില്‍ വനംവകുപ്പിന്‍റെ വാഹനം ആന ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു.ജനവാസ മേഖലയിലേക്ക് ആന ഇറങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിന് പിന്നാലെയാണ് മേഖമലയില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
തുടര്‍ന്ന് മെയ് 7-8 തിയ്യതികളില്‍ അരിക്കൊമ്പനുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്തകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. മേഘമലയില്‍ തന്നെ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മെയ് 9ന് ആന പെരിയാര്‍ കടുവാസങ്കേതത്തിലേക്കുള്ള ദിശയില്‍ തിരിച്ച് നീങ്ങുന്നതായി സൂചനയുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
.
എന്നാല്‍ പിന്നീട് മെയ് 10ന് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആന മേഘമലയില്‍ തന്നെ തുടരുകയാണ്.
തുടര്‍ന്ന് മേഘമല, പെരിയാര്‍ കടുവാസങ്കേതം, ചിന്നക്കനാല്‍ എന്നീ മേഖലകളുടെ ഘടന ഗൂഗ്ള്‍ മാപ്പിന്‍റെ സഹായത്തോടെ പരിശോധിച്ചു. ഇതില്‍നിന്നും വനമേഖലയിലൂടെയുള്ള വഴിയില്‍ പെരിയാര്‍ കടുവാസങ്കേതവും മേഘമലയും താരതമ്യേന അടുത്താണെന്നും എന്നാല്‍ ചിന്നക്കനാലിലേക്ക് ഏറെ ദൂരമുണ്ടെന്നും വ്യക്തമായി. ആനയെ ചിന്നക്കനാലില്‍നിന്ന് റോഡുമാര്‍ഗം പെരിയാര്‍ കടുവാസങ്കേതത്തിലേക്ക് മാറ്റാന്‍ മണിക്കൂറുകളെടുത്തിരുന്നു.
ഇതോടെ ആന ചിന്നക്കനാലിലെത്തിയെന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും പെരിയാര്‍ കടുവാസങ്കേതത്തിലേക്ക് നീങ്ങിയാല്‍ പോലും വനമേഖലയിലൂടെ ചിന്നക്കനാലിലെത്താന്‍ വിദൂരസാധ്യത മാത്രമാണുള്ളതെന്നും വ്യക്തമായി.
Conclusion:
അരിക്കൊമ്പന്‍ ചിന്നക്കനാലില്‍ എന്ന തലക്കെട്ട് വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ആന പെരിയാര്‍ കടുവാസങ്കേതത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. മാത്രമവുമല്ല, ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആന മേഘമലയില്‍ തുടരുകയാണ്. ബസ് സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് കേരളത്തിലല്ലെന്നും തമിഴ്നാട്ടിലെ മേഘമലയിലാണെന്നും വ്യക്തമായി.