കുറുവ മോഷണസംഘത്തിന്റെ സാന്നിധ്യം ആലപ്പുഴയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും സംഘത്തിലൊരാള്‍ പൊലീസിന്റെ പിടിയിലാവുകയും ചെയ്തതിന് പിന്നാലെ കുറുവ സംഘത്തിന്റേതെന്ന തരത്തില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി വ്യത്യസ്ത ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ കുറുവസംഘമെത്തിയെന്ന അവകാശവാദത്തോടെയാണ് ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്നത്. അര്‍ധനഗ്നരായ നാലംഗസംഘം കല്ലുപയോഗിച്ച് ഒരു വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങള്‍ കുറുവ മോഷണസംഘത്തിന്റേതല്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന ദൃശ്യത്തിലെ തിയതി പരിശോധിച്ചതോടെ ഇത് ഇപ്പോള്‍ നടന്ന സംഭവമല്ലെന്ന സൂചന ലഭിച്ചു. 2024 ജൂണ്‍ 6 എന്ന തിയതിയാണ് സിസിടിവി ദൃശ്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഇത് ഛഡ്ഢി ഗാംഗ് എന്നറിയപ്പെടുന്ന മോഷണസംഘമാണെന്ന സൂചനയോടെ ചില കമന്റുകള്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ News 18 കന്നഡ യൂട്യൂബില്‍ പങ്കുവെച്ച വാര്‍ത്താ റിപ്പോര്‍ട്ടില്‍ ഇതേ ദൃശ്യങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തി.
കര്‍ണാടകയിലെ മാണ്ഡ്യയില്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമാവുന്നുവെന്നും ജൂണില്‍ മാണ്ഡ്യിലെത്തിയ സംഘമെന്ന തരത്തിലാണ് ദൃശ്യങ്ങള്‍ പുറത്തുവന്നതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ മാണ്ഡ്യ പൊലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂസ്18 കന്നഡയുടെ വെബ്സൈറ്റിലും ഇത്തരം മോഷണ പരമ്പരയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതായി കാണാം.
ദൃശ്യങ്ങള്‍ മാണ്ഡ്യയിലേതാണെന്ന സ്ഥിരീകരണമില്ലെങ്കിലും ഉത്തരേന്ത്യയിലെ ഛഡ്ഢി ഗാംഗ് എന്നറിയപ്പെടുന്ന മോഷണ സംഘമാണ് വീഡിയോയിലുള്ളതെന്ന് വ്യക്തമായി. തുടര്‍ന്ന് ഈ സംഘം കേരളത്തില്‍ എത്തിയതായി എന്തെങ്കിലും റിപ്പോര്‍ട്ടുകളുണ്ടോ എന്ന് പരിശോധിച്ചുവെങ്കിലും ഇത്തരം റിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് സ്ഥിരീകരണത്തിനായി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെട്ടു. കേരളത്തില്‍ ഇത്തരമൊരു സംഭവം നടന്നതായി ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ഈ മോഷണ സംഘം കേരളത്തില്‍ മോഷണം നടത്തിയതായി അറിവില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് നല്‍കിയ പ്രതികരണം:
“സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കല്ലുപയോഗിച്ച് ഒരു വീട് കുത്തിത്തുറക്കുന്ന ദൃശ്യങ്ങള്‍ കാണാം. ഇത് ഛഡ്ഢി ഗാങ് എന്നറിയപ്പെടുന്ന ഉത്തരേന്ത്യന്‍ സംഘമാണന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഇതുവരെ കേരളത്തിലെത്തിയിട്ടില്ല. മാത്രവുമല്ല, ഇതില്‍ കാണുന്ന തരത്തില്‍ മോഷണം നടന്നതായി കേരളത്തിലെവിടെയും പരാതി ലഭിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ കുറുവ സംഘവുമായി പ്രചരിക്കുന്ന വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് പറയാം.”
അതേസമയം ആലപ്പുഴയിലടക്കം വ്യാപകമായിരുന്ന കുറുവ മോഷണസംഘത്തിലൊരാളെ നവംബര്‍ 16നാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ സന്തോഷ് ശെല്‍വത്തിന്റെ
തെളിവെടുപ്പടക്കം പൊലീസ് പൂര്‍ത്തിയാക്കി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Conclusion:
കുറുവ മോഷണസംഘം വീടാക്രമിക്കുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ കേരളത്തിലേതെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് കുറുവ സംഘവുമായി ബന്ധമില്ലെന്നും ദൃശ്യങ്ങള്‍ കേരളത്തിലേതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഛഡ്ഡി ഗാങ് എന്നറിയപ്പെടുന്ന ഉത്തരേന്ത്യന്‍ മോഷണസംഘമാണിതെന്നും ഇവരിതുവരെ കേരളത്തില്‍ മോഷണം നടത്തിയതായി റിപ്പോര്‍ട്ടുകളില്ലെന്നും ഇത്തരം പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.