രാജ്ഭവന്‍ സംരക്ഷിക്കാന്‍ കേന്ദ്രസേനയെത്തിയോ? പ്രചരണങ്ങളുടെ വസ്തുതയറിയാം

സംസ്ഥാനത്ത് ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രസേനയുടേതെന്ന് തോന്നിപ്പിക്കുന്ന യൂനിഫോമണിഞ്ഞ ഉദ്യോഗസ്ഥരുടെ രാജ്ഭവനു മുന്നിലെ ചിത്രങ്ങള്‍ സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നത്.

By -  HABEEB RAHMAN YP |  Published on  13 Nov 2022 6:37 PM GMT
രാജ്ഭവന്‍ സംരക്ഷിക്കാന്‍ കേന്ദ്രസേനയെത്തിയോ? പ്രചരണങ്ങളുടെ വസ്തുതയറിയാം


സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനം ഉള്‍പ്പെടെ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വാക്പോര് രൂക്ഷമായ സാഹചര്യത്തില്‍ പ്രതിഷേധ സൂചകമായി ഈ മാസം 15ന് എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന്‍റെ പശ്ചാത്തലത്തില്‍ രാജ്ഭവന് സുരക്ഷയൊരുക്കാന്‍ കേന്ദ്രസേന എത്തിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം. കേന്ദ്ര സേനയോട് സാദൃശ്യമുള്ള യൂനിഫോമില്‍ രാജ്ഭവനു മുന്നില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ സഹിതമാണ് പ്രചരണം. Karma News Channel എന്ന ഓണ്‍ലൈന്‍ ചാനലില്‍ ഇതേ അവകാശവാദം ഉന്നയിച്ച് ഒരു വീഡിയോ സ്റ്റോറി ചെയ്തിട്ടുണ്ട്. ഇത് ആയിരത്തിലധികം പേരാണ് പങ്കുവെച്ചിരിക്കുന്നത്.


വീഡിയോയില്‍ ഏതാനും സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ദൃശ്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലെ ഉദ്യോഗസ്ഥരുടെ വേഷം സൈനികവേഷത്തിനോട് സാദൃശ്യമുള്ളതാണ്.




നിരവധി പേര്‍ ഇത് കേന്ദ്രസേനയാണെന്ന ധാരണയില്‍ പ്രതികരിച്ചതായും കാണാം. വീഡിയോയില്‍ കേരള സര്‍ക്കാറിനെയും പൊലീസിനെയും അവതാരക രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.



BJP Karakulam Area എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്നും ഇതിന് സമാനമായ സ്ക്രീന്‍ഷോട്ടുകള്‍ ചിത്രങ്ങളായി പങ്കുവെച്ചിട്ടുണ്ട്.


Fact-check:

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ രാജ്ഭവന്‍റെ സുരക്ഷാ ചുമതല സംസ്ഥാന സര്‍ക്കാറിനാണെന്ന് വ്യക്തമായി. പൊലീസ് കമ്മീഷണറോ പൊലീസ് സൂപ്രണ്ടോ ഗവര്‍ണറുടെ സെക്രട്ടറിയുമായി ബന്ധപ്പെട്ടാണ് സുരക്ഷ ഉറപ്പാക്കേണ്ടത്. ഇതില്‍നിന്ന് സാധാരണഘട്ടത്തില്‍ കേന്ദ്രസേനയ്ക്ക് രാജ്ഭവന്‍റെ സുരക്ഷയില്‍ പങ്കില്ലെന്ന് വ്യക്തമായി.


എന്നാല്‍ അടിയന്തരഘട്ടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാനോ കേന്ദ്രസേനയുടെ ഉള്‍പ്പെടെ സുരക്ഷ ഏര്‍പ്പെടുത്താനോ ഗവര്‍ണര്‍ക്ക് നേരിട്ട് ആവശ്യപ്പെടാം. രാജ്ഭവനിലേക്ക് ഈമാസം 15ന് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധപരിപാടി തീരുമാനിച്ച സാഹചര്യത്തില്‍ ഇത്തരത്തില്‍‌ ആവശ്യമുന്നയിച്ചേക്കുമെന്ന തരത്തില‍ും ചില പ്രചരണങ്ങള്‍ ഉണ്ടായിരുന്നു.

‌നിലവില്‍ രാജ്ഭവനിലെ സുരക്ഷാ ചുമതല ആര്‍ക്കാണെന്നറിയാന്‍ ആദ്യം രാജ്ഭവനിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശ്രീ. എസ്. ഡി. പ്രിന്‍സുമായി ബന്ധപ്പെട്ടു. കേന്ദ്രത്തോട് അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും നിലവില്‍ സുരക്ഷാ ചുമതല കേരളാ പൊലീസിനാണെന്നും അദ്ദേഹം അറിയിച്ചു. അദ്ദേഹത്തിന്‍റെ വാക്കുകള്‍:

"രാജ്ഭവന്‍റെ സുരക്ഷാ ചുമതല സംസ്ഥാന പൊലീസിനാണ്. അത് പൂര്‍‌ണമായും നടപ്പാക്കുന്നത് പൊലിസ് വിഭാഗം നേരിട്ടാണ്. പൊലീസിന്‍റെ വിവിധ സേനകളെ ഇതിനായി നിയോഗിക്കാറുണ്ട്. നിലവില്‍ പ്രചരിക്കുന്ന വാദങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍‌ ഇത്തരത്തില്‍ കേന്ദ്രവുമായി രാജ്ഭവന്‍ ഒരു ആശയവിനിമയവും ഇതുവരെ നടത്തിയിട്ടില്ല."

‌ഇതോടെ കേന്ദ്രസേന രാജ്ഭവന്‍ സംരക്ഷണത്തിനായി എത്തിയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി.

കേരള പൊലീസ് മീഡിയ സെന്‍ററിലാണ് തുടര്‍ന്ന് ബന്ധപ്പെട്ടത്. പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഇന്ത്യന്‍ സേനയുടേതിന് സമാനമായ യൂനിഫോം കണ്ടതിനാല്‍ ഇത് സ്ഥിരീകരിക്കുകയായിരുന്നു ലക്ഷ്യം. രാജ്ഭവന്‍റെ സുരക്ഷാ ചുമതല വഹിക്കുന്നത് കേരള പൊലീസിലെ വിവിധ സേനാവിഭാഗങ്ങളാണെന്നും നിലവില്‍ ഇത് റാപ്പിഡ് റെസ്പോണ്‍സ് ആന്‍റ് റെസ്ക്യൂ ഫോഴ്സ് അഥവാ RRRF, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ അഥവാ IRB തുടങ്ങിയ സായുധസേനാ വിഭാഗങ്ങള്‍ ആണെന്നും അവര്‍ അറിയിച്ചു. ഇത്തരം സേനാവിഭാഗങ്ങള്‍ക്ക് വ്യത്യസ്ത യൂനിഫോമുകളുണ്ടെന്നും പ്രചരിക്കുന്ന ചിത്രം അത്തരത്തിലുള്ളതാകാമെന്നും പൊലീസ് മീഡിയ സെന്‍റര്‍ വിശദീകരിച്ചു.

രാജ്ഭവന്‍റെ സുരക്ഷാചുമതലയില്‍ RRRF ഉള്ളതായി കേരള പൊലീസ് വെബ്സൈറ്റ് വിവരങ്ങളും വ്യക്തമാക്കുന്നു.

വസ്തുതാ പരിശോധനയുടെ അവസാനഘട്ടത്തില്‍ കേരള പൊലീസ് മീഡിയ സെന്‍റര്‍ PRO ശ്രീ വി. പി. പ്രമോദ് കുമാറിനെ ഫോണില്‍ ബന്ധപ്പെട്ടു. പ്രചരിക്കുന്ന വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹവും സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ വാക്കുകളില്‍നിന്ന്:

"രാജ്ഭവന്‍റെ സുരക്ഷാ ചുമതല സംസ്ഥാന പൊലീസിനാണ്. ഇത് നിര്‍വഹിക്കുന്നത് പൊലീസിന്‍റെ തന്നെ വ്യത്യസ്ത സേനാ വിഭാഗങ്ങളാണ്. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍, റാപ്പിഡ് റെസ്പോണ്‍സ് ആന്‍റ് റെസ്ക്യു ഫോഴ്സ് തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളുണ്ട്. ഇവര്‍ക്കെല്ലാം സിവില്‍ പൊലീസിന്‍റേതില്‍നിന്ന് വ്യത്യസ്തമായ യൂനിഫോമുകളുമുണ്ട്. ഇത്തരത്തില്‍ IRB സുരക്ഷാ ചുമതല വഹിച്ച സമയത്തെ ഏതെങ്കിലും ഫോട്ടാ ആയിരിക്കാം പ്രചരിക്കുന്നത്."

IRB കേന്ദ്രസേനയുടെ ഭാഗമാണെന്ന തരത്തില്‍ ചില കമന്‍റുകളും ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് കേരള പൊലീസിന്‍റെ ഭാഗമാണെന്ന് കേരള പൊലീസ് സായുധസേനാ വിഭാഗത്തിന്‍റെ വെബ്സൈറ്റില്‍ വ്യക്തമാണ്.


ഇതോടെ രാജ്ഭവന് സംരക്ഷണം നല്‍കാന്‍ കേന്ദ്രസേനയെത്തി എന്ന വാദം വസ്തുതാ വിരുദ്ധവും ചിത്രങ്ങള്‍ തെറ്റിദ്ധരിപ്പക്കുന്നതുമാണെന്ന് വ്യക്തമായി.

Conclusion:

രാജ്ഭവന്‍റെ സംരക്ഷണത്തിന് കേന്ദ്രസേന എത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. ഇത്തരത്തില്‍ കേന്ദ്രസേനയുടെ സഹായം തേടിയിട്ടില്ലെന്ന് രാജ്ഭവനും സംസ്ഥാന പൊലീസാണ് സുരക്ഷാ ചുമതല നിര്‍‌വഹിക്കുന്നതെന്ന് പൊലീസും ന്യൂസ്മീറ്ററിനോട് വ്യക്തമാക്കി. പ്രചരിക്കുന്ന ചിത്രത്തിലുള്ളത് സൈനികരല്ലെന്നും കേരള പൊലീസിന്‍റെ IRB വിഭാഗത്തിലെ ഉദ്യോഗസ്ഥരായിരിക്കാമെന്നും അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:Central forces takes up the security of Kerala Raj Bhavan
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story