കേരളസര്‍ക്കാറിന്‍റെ 'പോഷകബാല്യം' പദ്ധതി കേന്ദ്രത്തിന്‍റെ 'അക്ഷയപാത്ര' പദ്ധതിയെന്ന് വ്യാജപ്രചരണം; കേന്ദ്ര ഫണ്ടെന്നും വാദം

പ്രചരണം വ്യാജമാണെന്ന് സമൂഹമാധ്യമങ്ങളില്‍ തന്നെ വിമര്‍ശനം നേരിട്ടതോടെ കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് കേരളസര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതെന്നാണ് പുതിയ വാദം. എന്നാല്‍ ഇതും അടിസ്ഥാനരഹിതമാണെന്ന് ന്യൂസ്മീറ്ററിന്‍റെ അന്വേഷണത്തില്‍ വ്യക്തമായി.

By HABEEB RAHMAN YP  Published on  5 Aug 2022 8:54 AM GMT
കേരളസര്‍ക്കാറിന്‍റെ പോഷകബാല്യം പദ്ധതി കേന്ദ്രത്തിന്‍റെ അക്ഷയപാത്ര പദ്ധതിയെന്ന് വ്യാജപ്രചരണം; കേന്ദ്ര ഫണ്ടെന്നും വാദം

സംസ്ഥാനത്തെ അങ്കണവാടികളിലെ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം വീതം പാലും മുട്ടയും നല്‍കുന്ന 'പോഷകബാല്യം' പദ്ധതി യഥാര്‍ത്ഥത്തില്‍ കേന്ദ്രഗവണ്‍മെന്‍റിന്‍റെ 'അക്ഷയപാത്ര' പദ്ധതിയാണെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി 'അക്ഷയപാത്ര' എന്ന ലോഗോ ഉള്‍പ്പെടെയാണ് ഫെയ്സ്ബുക്കിലും ട്വിറ്ററിലും വ്യാജപ്രചരണം.




Fact-check:

പോസ്റ്റര്‍ വ്യാജമാണെന്ന് സൂചിപ്പിക്കുന്ന പല ഘടകങ്ങളും പ്രഥമദൃഷ്ട്യാ വ്യക്തമായതിന്‍റെ പശ്ചാത്തലത്തില്‍ നടത്തിയ റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ കേരളസര്‍ക്കാറിന്‍റെ ആരോഗ്യദൗത്യം - ആരോഗ്യകേരളത്തിന്‍റെ ഔദ്യോഗിക വെരിഫൈഡ് ഫെയ്സ്ബുക്ക് പേജില്‍ പ്രചരിക്കുന്ന പോസ്റ്ററിന്‍റെ ഒറിജിനല്‍ പതിപ്പ് ജൂലൈ 30ന് പങ്കുവെച്ചതായി കണ്ടെത്തി.


പോസ്റ്ററിന്‍റെ മുകളില്‍ ഇടതുവശത്തായി കാണുന്ന 'പോഷകബാല്യം' പദ്ധതിയുടെ ലോഗോയ്ക്ക് മുകളില്‍ 'അക്ഷയപാത്ര' ലോഗോ ചേര്‍ത്തതാണെന്നും താഴെ ഇടതുവശത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെയും ചിത്രങ്ങള്‍ക്കുമേല്‍ പ്രധാമന്ത്രി നരേന്ദ്രമോദിയുടേയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും ചിത്രങ്ങളും ചേര്‍ത്തതാണെന്നും വ്യക്തമായി.

വ്യാജമായി പ്രചരിച്ച പോസ്റ്ററുകള്‍ക്കൊപ്പം നല്‍കിയ അടിക്കുറിപ്പില്‍ പറയുന്നത് കേന്ദ്ര ഗവണ്മെന്‍റിന്‍റെ 'അക്ഷയപാത്ര' പദ്ധതിയാണ് പേരുമാറ്റി സംസ്ഥാന ഗവണ്‍മെ‍ന്‍റ് അവതരിപ്പിക്കുന്നത് എന്നാണ്. ഇതിനെക്കുറിച്ചായിരുന്നു രണ്ടാംഘട്ട അന്വേഷണം.

പോസ്റ്റുകള്‍ക്കൊപ്പം നല്‍കിയ ലോഗോയും വെബ്സൈറ്റ് അഡ്രസും പ്രകാരം ഇത് അക്ഷയപാത്ര എന്ന സ്വകാര്യ NGO ആണെന്ന് വ്യക്തമായി.


വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ഇത് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ NGO ആണ്. ഗവണ്മെന്‍റ്, എയ്ഡഡ് സ്കൂളുകളിലെ ഉച്ചഭക്ഷണം ഉള്‍പ്പെടെ കാര്യങ്ങളില്‍ പിന്തുണ നല്‍കുന്ന ഈ സംരംഭം കേന്ദ്രഗവണ്‍മെന്‍റുമായും വിവിധ സംസ്ഥാന ഗവണ്‍മെന്‍റുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പത്ത് സംസ്ഥാന ഗവണ്‍മെന്‍റുകളുമായി ഇവര്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതില്‍ കേരളം ഇല്ലെന്നതും വെബ്സൈറ്റില്‍ നല‍്‍കിയ വിവരങ്ങളില്‍നിന്ന് വ്യക്തമാണ്.


ഇതോടെ 'അക്ഷയപാത്ര' പദ്ധതി എന്ന പേരില്‍ പ്രചരിപ്പിക്കുന്ന പോസ്റ്ററിന് ഈ NGO യുമായി യാതൊരു ബന്ധവുമില്ലെന്നും ലോഗോ വ്യാജമായി പോസ്റ്ററില്‍ ചേര്‍ത്തതാണെന്നും വ്യക്തമായി.

ഫാക്ട്-ചെക്കിങിന്‍റെ രണ്ടാം ഘട്ടത്തില്‍ കണ്ടെത്തിയ മറ്റൊരു അവകാശവാദം പ്രസ്തുത പദ്ധതിയ്ക്ക് വേണ്ടി തുക അനുവദിച്ചത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും കേരളസര്‍ക്കാര്‍ ഇത് സ്വന്തം പദ്ധതിയായി അവതരിപ്പിക്കുകയാണെന്നുമാണ്. അനുപൂരക പോഷകാഹാര പദ്ധതി (Supplementary Nutrition Programme) യ്ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ തുക അനുവദിച്ചതുമായി ബന്ധപ്പെട്ട കത്തും ഇതിനൊപ്പം പ്രചരിപ്പിക്കുന്നുണ്ട്.


ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ തുക അനുവദിച്ചിരിക്കുന്നത് അനുപൂരക പോഷകാഹാര പദ്ധതി (Supplementary Nutrition Programme) ന് വേണ്ടി ആണെന്നും ഇത് നേരത്തെ നിലവിലുള്ള പദ്ധതിയാണെന്നും വ്യക്തമായി. നവജാത ശിശുക്കള്‍‌ക്കും ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും ഈ പദ്ധതി പ്രകാരം പോഷകാഹാരം വിതരണം ചെയ്തുവരുന്നത് അങ്കനവാടികള്‍ വഴിയാണ്. പ്രസ്തുത തുക ശിശുവികസന ഓഫീസര്‍മാര്‍ക്ക് അനുവദിച്ച് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് ഇത് വ്യക്തമാക്കുന്നു.

'പോഷകബാല്യം' പദ്ധതി നടത്തിപ്പിനായി 2022 മാര്‍ച്ചില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ (121-ാം പേജ് - 400-ാമത് പോയിന്‍റ്) 61.5 കോടി രൂപ നീക്കിവെച്ചതായും ന്യൂസ്മീറ്ററിന്‍റെ അന്വേഷണത്തില്‍ വ്യക്തമായി.


ഇത് കൂടാതെ പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാജോര്‍ജും ഔദ്യോഗിക ഫെയ്സ്ബുക്ക് പേജുകളില്‍ പങ്കുവെച്ച പോസ്റ്റുകളിലും പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.

കൂടുതല്‍ കൃത്യതയ്ക്കായി ന്യൂസ്മീറ്റര്‍ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആസ്ഥാനവുമായി ബന്ധപ്പെട്ടു. 'പോഷകബാല്യം' പദ്ധതി പൂര്‍ണമായും സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണെന്നും കേന്ദ്ര ഫണ്ടുകളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ഓഫീസ് സ്ഥിരീകരിച്ചു.പദ്ധതിയ്ക്കായി നീക്കിവെച്ച 61.5 കോടി രൂപ പൂര്‍ണമായും സംസ്ഥാന സര്‍ക്കാറാണ് വഹിക്കുന്നത്. വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലും പദ്ധതി നടപ്പാക്കുന്നുണ്ടെന്നും 3 വയസ് മുതല്‍ ആറ് വയസ് വരെയുളള 4 ലക്ഷത്തോളം പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും അധികൃതര്‍ അറയിച്ചു. അനുപൂരക പോഷകാഹാര പദ്ധതിയ്ക്ക് പോലും കേന്ദ്ര വിഹിതം 50 ശതമാനം മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.


Conclusion:

കേരള സര്‍ക്കാര്‍ 61.5 കോടി രൂപ ചെലവഴിച്ച് അങ്കണവാടി പ്രീ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം വീതം മുട്ടയും പാലും നല്‍കാനായി നടപ്പാക്കുന്ന പദ്ധതിയാണ് 'പോഷകബാല്യം'. ഇത് കേന്ദ്രസര്‍ക്കാറിന്‍റെ 'അക്ഷയപാത്ര' പദ്ധതിയാണെന്ന തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും ചിത്രങ്ങളും അക്ഷയപാത്ര എന്ന സ്വകാര്യ NGO യുടെ ലോഗോയും സഹിതം പ്രചരിക്കുന്ന പോസ്റ്ററുകള്‍ വ്യാജമാണ്. ഇതിന് പിന്നാലെ കേന്ദ്രഗവണ്‍മെന്‍റ് ഫണ്ട് ഉപയോഗിച്ചാണ് കേരളസര്‍ക്കാര്‍ 'പോഷകബാല്യം' പദ്ധതി നടപ്പാക്കുന്നത് എന്ന പ്രചരണവും തീര്‍ത്തും വ്യാജവും തെറ്റിദ്ധാരണാജനകവുമാണ്.

Claim Review:Central Government implements Akshaya Patra project which provides egg and milk for Anganwadi children; The project is implemented with financial aid from the central government.
Claimed By:Social Media Users
Claim Reviewed By:Newsmeter
Claim Source:Social Media
Claim Fact Check:False
Next Story