Fact Check: തൃശൂരിലും എറണാകുളത്തും മേഘവിസ്ഫോടന സാധ്യത? പ്രചാരണത്തിന്റെ സത്യമറിയാം

കേരളത്തില്‍ മേഘവിസ്ഫോടനത്തിന് സാധ്യതയുണ്ടെന്ന തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്ന കുറിപ്പില്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ രാത്രിയാത്ര ചെയ്യരുതന്ന മുന്നറിയിപ്പും കാണാം

By -  HABEEB RAHMAN YP
Published on : 28 Jun 2025 8:13 PM IST

Fact Check: തൃശൂരിലും എറണാകുളത്തും മേഘവിസ്ഫോടന സാധ്യത? പ്രചാരണത്തിന്റെ സത്യമറിയാം
Claim:കേരളത്തില്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ മേഘവിസ്ഫോടന മുന്നറിയിപ്പ്.
Fact:പ്രചാരണം അടിസ്ഥാനരഹിതം; സംസ്ഥാനത്ത് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും വ്യക്തമാക്കി.

കേരളത്തില്‍ കാലവര്‍ഷം ഇത്തവണ നേരത്തെയെത്തി. ഒരാഴ്ച മഴ ശക്തമായി പെയ്തെങ്കിലും ജൂണ്‍ രണ്ടാംവാരം മഴയുടെ ശക്തി കുറയുകയായിരുന്നു. ഇപ്പോള്‍ വീണ്ടും മഴ ശക്തിയാര്‍ജിച്ചിരിക്കുകയാണ്. അതിതീവ്ര മഴ കേരളത്തില്‍ വ്യാപകമായി ലഭിച്ച ദിവസങ്ങള്‍ കുറവായിരുന്നു. അങ്ങിങ്ങ് മഴ ശക്തമായിരുന്നെങ്കിലും ഒറ്റപ്പെട്ട മഴക്കെടുതികള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മേഘവിസ്ഫോടനത്തിന് സാധ്യതയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. തൃശൂര്‍, എറണാകുളം ജില്ലകളിലാണ് മേഘവിസ്ഫോടന സാധ്യതയെന്നും ഈ ജില്ലകളില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുണ്ടെന്നുമാണ് മറ്റൊരു പോസ്റ്റിലെ പ്രചാരണം.




Fact-check:

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേരളത്തില്‍ ഈവര്‍ഷം ഇതുവരെ (28-06-2025) മേഘവിസ്ഫോടനം പ്രവചിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

സംസ്ഥാനത്ത് മേഘവിസ്ഫോടനത്തിന് സാധ്യതയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളൊന്നും പരിശോധനയില്‍ കണ്ടെത്താനാനായില്ല. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സമൂഹമാധ്യമ പേജുകളില്‍ തുടര്‍ച്ചയായി മഴ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. ഈ സന്ദേശം പ്രചരിച്ചു തുടങ്ങിയ ദിവസം മുതല്‍ നല്‍കിയ അറിയിപ്പുകളെല്ലാം പരിശോധിച്ചെങ്കിലും മേഘവിസ്ഫോടനം സംബന്ധിച്ച് മുന്നറിയിപ്പൊന്നും കണ്ടെത്താനായില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഈ ആഴ്ചയിലെ പ്രവചനത്തില്‍ ജൂണ്‍ 29 മുതല്‍ മഴ കുറയുന്നതായാണ് പ്രവചനം.




തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന തരത്തില്‍ കേരള ദുന്തനിവാരണ അതോറിറ്റിയിലെ ശാസ്ത്രജ്ഞനായ രാജീവന്‍ എരിക്കുളം ഒരു പോസ്റ്റ് പങ്കുവെച്ചതായി കണ്ടെത്തി.




തുടര്‍ന്ന് അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചാരണം വ്യാജമാണെന്നും കേരളത്തില്‍ ഇതുവരെ ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

“മണിക്കൂറില്‍ 100 മില്ലീമീറ്റര്‍ മഴ ലഭിക്കുന്നതിനെയാണ് മേഘവിസ്ഫോടനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രചരിക്കുന്ന ചിത്രം മഴയുടെ പ്രവചനം കാണിക്കുന്ന സാറ്റലൈറ്റ് ഇമേജും അനുബന്ധ ചിത്രവുമാണ്. യൂറോപ്യന്‍ സാറ്റലൈറ്റ് വഴി ലഭിക്കുന്ന ഈ ചിത്രമുപയോഗിച്ച് മേഘവിസ്ഫോടനം എന്ന പ്രതിഭാസം പ്രവചിക്കാനാവില്ല. പ്രചാരണം അടിസ്ഥാനരഹിതമാണ്.”

തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തിരുവനന്തപുരം കേന്ദ്രം ഡയറക്ടര്‍ നീത കെ ഗോപാലുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചതോടെ സംഭവവുമായി ബന്ധപ്പെട്ട് വിശദമായ വിവരങ്ങള്‍ അവര്‍ നല്‍കി.

“കേരളത്തില്‍ മഴയുമായി ബന്ധപ്പെട്ട് രണ്ട് പ്രവചനങ്ങളാണ് പ്രധാനമായും നടക്കുന്നത്. അഞ്ചുദിവസത്തെ പ്രതിദിന മഴ പ്രവചനമാണ് ഒന്നാമത്തേത്. ഇതിലാണ് ജില്ലകള്‍ തിരിച്ച് റെഡ്, ഓറഞ്ച്, യെലോ അലേര്‍ട്ടുകള്‍ നല്‍കുന്നത്. പ്രതിദിന മഴയുടെ കണക്കനുസരിച്ചാണ് അലര്‍ട്ടുകള്‍. ഇത് കൂടാതെ ഓരോ മൂന്ന് മണിക്കൂറിലും നൗകാസ്റ്റ് എന്ന പേരിലും മുന്നറിയിപ്പുകള്‍ നല്‍കിവരുന്നു. ഇതില്‍ ജില്ല തിരിച്ചും ചില പ്രദേശങ്ങള്‍ തിരിച്ചും മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. എന്നാല്‍ മേഘവിസ്ഫോടനം ഇത്തരത്തില്‍ പ്രവചിക്കുന്നതിന് പരിമിതിയുണ്ട്. ഒരു മണിക്കൂറിലെ മഴയുടെ അളവ് നിര്‍ണയിച്ച് മാത്രമേ ഇത് സാധിക്കൂ. കേരളത്തില്‍ ഈ വര്‍ഷത്തെ കാലവര്‍ഷത്തിനിടെ ഇത്തരമൊരു പ്രവചനം കാലാവസ്ഥ വകുപ്പ് നടത്തിയിട്ടില്ല.”

തുടര്‍ന്ന് പ്രചരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ടും ഞങ്ങള്‍ സംസാരിച്ചു. ഇത് മഴമേഘങ്ങളുടെ വിന്യാസം കാണിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളാണെന്ന് അവര്‍ വിശദീകരിച്ചു:

“ഉയര്‍ന്ന ഇടിമിന്നലുകള്‍ കുറഞ്ഞ താപനിലയുടെ സാധ്യതയാണ് നല്‍കുക, ഇത് ഏറെക്കുറെ മേഘവിസ്ഫോടനത്തിന് തുല്യമായ മഴയായേക്കാം. അതേസമയം ഉയര്‍ന്ന മേഘങ്ങളും ഇതേ രീതിയിലുള്ള പ്രവചനത്തിലേക്കാണ് നയിക്കുക. എന്നാല്‍ ഇവ ശക്തമായ മഴയ്ക്ക് കാരണമാകുന്നില്ല. അതുകൊണ്ടുതന്നെ പ്രചരിക്കുന്ന ഇന്‍ഫ്രാറെഡ് സാറ്റലൈറ്റ് ചിത്രങ്ങള്‍‌ മാത്രമുപയോഗിച്ച് മഴയുടെ അളവ് കൃത്യമായി പ്രവചിക്കാനാവില്ല. അതിന് അധിക ഉപകരണങ്ങളും പഠനവും ആവശ്യമാണ്. നൗകാസ്റ്റ് വഴി ഇത്തരത്തില്‍ മൂന്ന് മണിക്കൂറിലെ മഴയുടെ തീവ്രത കണക്കുകള്‍ നല്‍കാറുണ്ട്. എന്നാല്‍ കേരളത്തില്‍ മേഘവിസ്ഫോടനത്തിന് തുല്യമായ - അഥവാ മണിക്കൂറില്‍ 10 സെന്റീമീറ്ററിലധികം - മഴ ലഭിക്കുന്ന തരത്തില്‍ ഇതുവരെ പ്രവചനങ്ങളുണ്ടായിട്ടില്ല.”

വ്യാജ പ്രചാരണത്തിനെതിരെ പരാതി നല്‍കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടതായും അവര്‍‌ അറിയിച്ചു. നിലവിലെ ഇന്‍ഫ്രാറെഡ് സാറ്റലൈറ്റ് ചിത്രങ്ങളും അവര്‍ പങ്കുവെച്ചു. ഇതിലും മഴയുടെ അളവ് വരുംദിവസങ്ങളില്‍ കുറയുന്ന സൂചനയാണ് കാണാനാവുന്നത്.




ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിക്കാനായി.


Conclusion:

കേരളത്തില്‍ മേഘവിസ്ഫോടനത്തിന് സാധ്യതയുണ്ടെന്നും തൃശൂര്‍ എറണാകുളം ജില്ലകളില്‍ രാത്രിയാത്ര ഒഴിവാക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പ്രചരിക്കുന്ന ഇന്‍ഫ്രാറെഡ് സാറ്റലൈറ്റ് ചിത്രമുപയോഗിച്ച് മഴ സാധ്യത മാത്രമാണ് പ്രവചിക്കാനാവുകയെന്നും മേഘവിസ്ഫോടനം സംബന്ധിച്ച മുന്നറിയിപ്പുകള്‍ കേരളത്തില്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

Claim Review:കേരളത്തില്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ മേഘവിസ്ഫോടന മുന്നറിയിപ്പ്.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം; സംസ്ഥാനത്ത് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും വ്യക്തമാക്കി.
Next Story