മന്ത്രിമാരുടെ നിത്യചിലവിന് വകയില്ലെന്നും അതിനാല്‍ സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞുവന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമടക്കം ഒരു വാര്‍ത്താ കാര്‍ഡിന്റെ രൂപത്തിലാണ് പ്രചാരണം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
പ്രചരിക്കുന്ന കാര്‍ഡില്‍ ഏതെങ്കിലും ചാനിലിന്റെ ലോഗോയോ പേരോ ഇല്ലാത്തതിനാല്‍ ഇത് വ്യാജമായി സൃഷ്ടിച്ചതാകാമെന്ന സൂചന ലഭിച്ചു. കൂടാതെ ഉപയോഗിച്ചിരിക്കുന്ന ഭാഷാഘടനയും ഇതിനെ സാധൂകരിക്കുന്നു.
വൈദ്യുതി നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണ് ആദ്യം പരിശോധിച്ചത്. ഡിസംബര്‍ ആദ്യവാരം വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നിരക്കുവര്‍ധന തീരുമാനിക്കുന്നത് മുഖ്യമന്ത്രിയല്ല. നിരക്ക് വര്‍ധിപ്പിക്കുന്നത് ഖജനാവിലെ സാമ്പത്തിക പ്രതിസന്ധി കാരണവുമല്ല. വൈദ്യുതി നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ആഭ്യന്തര ഉല്‍പാദനം കുറഞ്ഞത് തിരിച്ചടിയാണെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ കെഎസ്ഇബി സമര്‍പ്പിച്ച നിരക്കുവര്‍ധന സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നുമാണ് മന്ത്രി വ്യക്തമാക്കുന്നത്. നിരക്കുവര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കുന്നത് റെഗുലേറ്ററി കമ്മീഷനും അത് നടപ്പാക്കുന്നത് സര്‍ക്കാറുമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് ഇടപെടേണ്ട സാഹചര്യമില്ലെന്നും ഇതോടെ വ്യക്തമായി.
നിരക്കുവര്‍ധന ഡിസംബര്‍ ആദ്യവാരം ഉണ്ടായേക്കുമെന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും ലഭിച്ചു. ആഭ്യന്തര ഉല്‍പ്പാദനത്തിലെ കുറവ്, പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വര്‍ധന, വര്‍ധിച്ചു വരുന്ന പ്രവര്‍ത്തന പരിപാലന ചെലവുകൾ തുടങ്ങിയവയാണ് നിരക്കുവര്‍ധനയുടെ പശ്ചാത്തലമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം നിരക്കുവര്‍ധനയ്ക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. വൈദ്യുതിവകുപ്പില്‍ കെടുകാര്യസ്ഥതയാണെന്നും നിരക്കുവര്‍ധനയുടെ തിക്തഫലം അനുഭവിക്കുന്നത് സാധാരണക്കാരാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളിലും മുഖ്യമന്ത്രിയുടെ തീരുമാനമാണെന്ന തരത്തില്‍ പരാമര്‍ശമില്ല. മാത്രവുമല്ല, വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഏതെങ്കിലും പ്രസ്താവന നടത്തിയതായി റിപ്പോര്‍ട്ടുകളും കണ്ടെത്താനായില്ല.
അതേസമയം നിരക്കുവര്‍ധന സംബന്ധിച്ച വിജ്ഞാപനം ഡിസംബര്‍ ആറിന് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും മന്ത്രിമാരുടെ നിത്യചെലവിന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് നിരക്കുവര്‍ധനയെന്നുമുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മുഖ്യമന്ത്രി ഇതുസംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ലെന്നും നിരക്കുവര്‍ധന നിശ്ചയിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും വ്യക്തമായി.