ലോക്സഭ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ NDA യുടെ സത്യപ്രതിജ്ഞ 2024 ജൂണ്‍ 9 ഞായറാഴ്ച വൈകീട്ട് 7:15ന് രാഷ്ട്രപതിഭവനില്‍ നടന്നു. നരേന്ദ്രമോദി ഉള്‍പ്പെടെ 72 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ പ്രതിപക്ഷ കക്ഷികളെ ക്ഷണിച്ചിരുന്നില്ലെങ്കിലും പിന്നീട് കോണ്‍ഗ്രസിനെ ചടങ്ങിലേക്ക് ക്ഷണിച്ചു. എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങിലേക്ക് പ്രത്യേക ക്ഷണമുണ്ടെന്നും പരിപാടിയില്‍ പങ്കെടുക്കുമമെന്ന് അദ്ദേഹം അറിയിച്ചതായുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിനായി മുഖ്യമന്ത്രി തലേദിവസംതന്നെ ഡല്‍ഹിയില്‍ എത്തിയെന്നും അവകാശപ്പെടുന്നു. (Archive)
പിണറായി വിജയന്‍റെ സംഘപരിവാര്‍ വിധേയത്വമെന്നുള്‍പ്പെടെ ആരോപിച്ച് നിരവധി പേരാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ സഹിതമുള്ള ഈ വാര്‍ത്താ കാര്‍ഡ് പങ്കുവെച്ചിരിക്കുന്നത്. (Archive 1, Archive 2, Archive 3)
ഇതിന് സമാനമായ മറ്റൊരു കാര്‍ഡും പ്രചാരത്തിലുണ്ട്. മൂന്നാമതും അധികാരത്തിലെത്തുന്ന നരേന്ദ്രമോദിയ്ക്ക് ആശംസയര്‍പ്പിച്ച് അദ്ദേഹത്തെ പുകഴ്ത്തി പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയെന്ന തരത്തിലാണ് വാര്‍ത്താ കാര്‍ഡ്. (Archive)
Fact-check:
പ്രചരിക്കുന്ന രണ്ട് കാര്‍ഡുകളും വ്യാജമാണെന്നും പിണറായി വിജയന്‍ നരേന്ദ്രമോദിയ്ക്ക് ആശംസ നേരുകയോ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
രണ്ട് വാര്‍ത്താ കാര്‍ഡുകളിലെയും ഫോണ്ടുകളും ഡിസൈനിലെ സമാനതയും ഇവ വ്യാജമാകാമെന്നതിന്റെ ആദ്യസൂചനയായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതിന്റെ യഥാര്‍ത്ഥ കാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസിന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ 2024 മെയ് 15ന് പങ്കുവെച്ചതായി കണ്ടെത്തി. (Archive)
വിദേശയാത്ര അവസാനിപ്പിച്ച് മുഖ്യമന്ത്രി കേരളത്തില്‍ മെയ് 20ന് തിരിച്ചെത്തുമെന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് കാര്‍ഡ്. ഇതിന്റെ വിശദമായ വാര്‍ത്തയും ഏഷ്യാനെറ്റ് ന്യൂസ് വെബ്സൈറ്റില്‍ ഇതേദിവസം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രചരിക്കുന്ന രണ്ട് കാര്‍ഡുകളും ഈ വാര്‍ത്താകാര്‍ഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണെന്ന് വ്യക്തമായി.
സത്യപ്രതിജ്ഞയ്ക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ചില്ലെന്ന അവകാശവാദവും തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ആദ്യഘട്ടത്തില്‍ ക്ഷണിച്ചില്ലായിരുന്നെങ്കിലും പിന്നീട് കോണ്‍ഗ്രസിന് ക്ഷണം ലഭിച്ചതാണ്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും ലഭ്യമാണ്.
തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച ക്ഷണത്തെക്കുറിച്ചും അദ്ദേഹം തലേദിവസംതന്നെ ഡല്‍ഹിയിലെത്തിയെന്ന അവകാശവാദത്തെക്കുറിച്ചും അന്വേഷിച്ചു. ജൂണ്‍ 9ന് CPIM പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി തലേദിവസം ഡല്‍ഹിയിലെത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
അദ്ദേഹത്തിന് ലഭിച്ച ക്ഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുമായി ഫോണില്‍ ബന്ധപ്പെട്ടു. ഔദ്യോഗികമായി രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും ലഭിക്കുന്ന ക്ഷണം മാത്രമാണ് പിണറായി വിജയനും ലഭിച്ചതെന്നും ഇതില്‍ അസ്വാഭാവികതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. NDA യുടെ നയങ്ങളെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ദേശീയതലത്തില്‍ INDIA മുന്നണിക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
2024 ജൂണ്‍ 9 ന് വൈകീട്ട് നടന്ന സത്യപ്രതിജ്ഞ ചടങ്ങിന്റെ സമ്പൂര്‍ണ തത്സമയ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ലഭ്യമാണ്. കേരള മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തിട്ടില്ലെന്ന് ഇതില്‍നിന്നും സ്ഥിരീകരിക്കാം.
Conclusion:
മൂന്നാം മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും മോദിയുടെ വിജയത്തില്‍ ആശംസ നേര്‍ന്നതായും ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താ കാര്‍ഡിന്റെ രൂപത്തില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വാജ്യമാണ്. മുഖ്യമന്ത്രി അദ്ദേഹത്തിന് ആശംസ അറിയിച്ചിട്ടില്ലെന്നും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.