ലൈംഗികാരോപണം നേരിടുന്ന മന്ത്രിമാര്‍ക്കെതിരെ പിണറായി വിജയന്‍ പറഞ്ഞത്: വീഡിയോയുടെ പൊരുളറിയാം

മുന്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ സ്വപ്ന സുരേഷിന്‍റെ ലൈംഗികാരോപണം ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് വീഡ‍ിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

By -  HABEEB RAHMAN YP |  Published on  27 Oct 2022 11:19 AM GMT
ലൈംഗികാരോപണം നേരിടുന്ന മന്ത്രിമാര്‍ക്കെതിരെ പിണറായി വിജയന്‍ പറഞ്ഞത്: വീഡിയോയുടെ പൊരുളറിയാം


കൂടെയുള്ളവരെക്കുറിച്ച് പിണറായി വിജയന്‍ മനസ്സുതുറക്കുന്നു എന്ന തലക്കെട്ടോടെ ലൈംഗികാരോപണം നേരിടുന്ന മന്ത്രിമാര്‍ക്കെതിരെ പിണറായി വിജയന്‍ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്. Vipindas Yakkara എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന വീ‍ഡിയോയുെടെ ദൈര്‍ഘ്യം 29 സെക്കന്‍റ് മാത്രമാണ്.വീഡിയോയുടെ ഉള്ളടക്കം ഇപ്രകാരമാണ്:

"ആവശ്യങ്ങളുമായി മുന്നിലെത്തുന്ന സ്ത്രീകളെ നമ്മുടെ മന്ത്രിമാര്‍ ദുരുപയോഗിക്കുന്നു എന്നാണ്. ലൈംഗികമായി ദുരുപയോിഗിക്കുന്നു എന്നുതന്നെയാണ് വ്യക്തം. പുറത്തുവരുമെന്നറിയാതെ റെക്കോഡ് ചെയ്ത കാര്യങ്ങള്‍ പുറത്തുവന്നതാണെന്നതും ഇതിന്‍റെ പ്രത്യേകതയാണ്."മുന്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ സ്വപ്ന സുരേഷിന്‍റെ ലൈംഗികാരോപണം ചര്‍ച്ചയായ പശ്ചാത്തലത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ വിവിധ അക്കൗണ്ടുകളില്‍നിന്ന് സമാന അടിക്കുറിപ്പോടെ പങ്കുവെച്ചതായി കണ്ടെത്തി. Cyber Congress എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ച ഇതേ വീഡിയോ പിന്നീട് നീക്കം ചെയ്തതായും കണ്ടെത്തി.Fact-check:

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍തന്നെ പ്രചരിക്കുന്ന വീഡിയോ പഴയതാകാമെന്ന സൂചനകളാണ് ലഭിച്ചത്. നിലവില്‍ ലൈംഗികാരോപണം നേരിടുന്ന ഇടതുപക്ഷ നേതാക്കള്‍ കടകംപള്ളി സുരേന്ദ്രനും ഡോ. തോമസ് ഐസകും നിലവില്‍ മന്ത്രിമാരല്ല എന്നത് ഇതിന്‍റെ ആദ്യ സൂചനയായി.

എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് സ്ക്രീനില്‍ കാണുന്ന വാര്‍ത്തകള്‍ പുതിയ വാര്‍ത്തകളാണ്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം എന്ന തലക്കെട്ടില്‍ വിവിധ കാമ്പസുകളിലെ പ്രതിഷേധങ്ങളുടെ ഫ്ലാഷ് ന്യൂസ് നല്‍കിയിട്ടുണ്ട്. 'മാധ്യമവിലക്കില്‍ പുതിയ വിശദീകരണവുമായി ഗവര്‍ണര്‍' എന്ന വാര്‍ത്തയും കാണാം.വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചതോടെ സംപ്രേഷണം ചെയ്ത പരിപാടി മനസ്സിലാക്കാനായി. വീഡിയോ എഡിറ്റിങ് സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ വീഡിയോ സൂം ചെയ്ത് സ്ക്രീനിലെ ടൈം സ്റ്റാമ്പ് പരിശോധിച്ചപ്പോള്‍ ഇത് ഒക്ടോബര്‍ 25 ന് രാത്രി 8.14 ആണെന്ന് കാണാം.ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ നിലവിലെ സമയക്രമം അനുസരിച്ച് രാത്രി എട്ടുമുതല്‍ ഒന്‍പത് വരെ 'ന്യൂസ് അവര്‍' ആണ്. 2022 ഒക്ടോബര്‍ 25 ന് സംപ്രേഷണം ചെയ്ത ന്യൂസ് അവര്‍ പരിപാടി ഏഷ്യാനെറ്റ് ന്യൂസിന്‍റെ യൂട്യൂബ് ചാനലില്‍നിന്ന് ലഭിച്ചു. കേരളരാഷ്ട്രീയത്തില്‍ ചില സ്ത്രീകളുടെ ആരോപണങ്ങളെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധികളെക്കുറിച്ചും അത്തരം ഘട്ടങ്ങളില്‍ പിണറായി വിജയന്‍റെ പ്രതികരണവും സൂചിപ്പിച്ച് ചര്‍ച്ചയുടെ 18-ാം മിനുറ്റില്‍ അവതാരകന്‍ പി.ജി. സുരേഷ്കുമാര്‍ പഴയ വീ‍ഡിയോയിലേക്ക് കടക്കുകയാണ്. 2015 -ലെ പ്രതികരണം എന്ന് സൂചിപ്പിച്ചതിന് ശേഷമാണ് പിണറായി വിജയന്‍റെ പ്രതികരണം കാണിക്കുന്നത്. 2015 ജൂണ്‍ 25 എന്ന തിയതിയും സ്ക്രീനില്‍ കാണിക്കുന്നുണ്ട്.2015-ല്‍ രാഷ്ട്രീയകേരളത്തില്‍ ഏറെ ചര്‍ച്ചയായത് സോളാര്‍ കേസ് പ്രതി സരിത നായരുടെ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമായിരുന്നു. അന്ന് യുഡിഎഫ് സര്‍ക്കാറായിരുന്നു ഭരണപക്ഷത്ത്. അന്ന് സരിത വെളിപ്പെടുത്തിയ സമാന ആരോപണങ്ങളെക്കുറിച്ചുള്ള വാര്‍ത്ത (2015 ജൂണ്‍ 24ന് പ്രസിദ്ധീകരിച്ചത്) കീവേഡ് സെര്‍ച്ചില്‍ ലഭിച്ചു.ഇതിന്‍റെ തുടര്‍ച്ചയായി അന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നടത്തിയ പ്രതികരണത്തിന്‍റെ വീഡിയോ ആണ് ഏഷ്യാനെറ്റ് ന്യൂസില്‍ കാണിച്ചതെന്ന് അനുമാനിക്കാം. ഇതോടെ പ്രചരിക്കുന്ന വീഡിയോ 2015-ലേതാണെന്നും വീഡിയോയില്‍ മന്ത്രിമാര്‍ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് യുഡിഎഫ് മന്ത്രിമാരെ ആണെന്നും വ്യക്തമായി.


Conclusion:

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുപക്ഷ മുന്‍ മന്ത്രിമാരെയും നേതാക്കളെയും കുറിച്ച് നടത്തിയ പ്രസ്താവന എന്ന രീതിയില്‍ പങ്കുവെക്കപ്പെടുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന വീഡിയോ 2015 ല്‍ പിണറായി വിജയന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന സമയത്ത് നടത്തിയ പത്രസമ്മേളനത്തില്‍നിന്നുള്ളതാണ്. അന്ന് വലിയ ചര്‍ച്ചയായ സോളാര്‍ കേസില്‍ ഉള്‍പ്പെട്ട സരിത നായരുടെ ചില വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ യുഡിഎഫ് ഗവണ്‍മെന്‍റിലെ മന്ത്രിമാര്‍ക്കെതിരെ നടത്തിയ പ്രതികരണമായിരുന്നു ഇത് എന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:CM Pinarayi Vijayan comments on former LDF ministers facing sexual abuse allegations
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story