Fact Check: രാഹുല്‍ഗാന്ധിയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി - വീഡിയോയുടെ വാസ്തവമറിയാം
ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് മികച്ച വിജയം അനിവാര്യമാണെന്നും അതിനാല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാമെന്ന് മലയാളികള്‍ കരുതുന്നത് ഇടതുപക്ഷ വിരോധംകൊണ്ടല്ലെന്നും പറഞ്ഞുകൊണ്ട് പരോക്ഷമായി കോണ്‍ഗ്രസിന് മുഖ്യമന്ത്രി പിന്തുണ നല്‍കുന്നുവെന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP |
Claim:CM Pinarayi Vijayan supports Congress and Rahul Gandhi in his speech.
Fact:The video is clipped
മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയ്ക്കും കോണ്‍ഗ്രസിനും പരോക്ഷ പിന്തുണ നല്‍കിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് പ്രചാരണം. (Archive)
അഞ്ചുവര്‍ഷത്തെ ബിജെപി ഭരണം വിലയിരുത്തുമ്പോള്‍ ദേശീയ രാഷ്ട്രീയം പരിഗണിച്ച് ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ആവശ്യമാണെന്ന് ജനങ്ങള്‍ ചിന്തിച്ചത് ഇടതുപക്ഷ വിരോധം മൂലമല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതിന്റെ ഉള്ളടക്കം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
“ഇനിയൊരു അഞ്ചുവര്‍ഷംകൂടി ഇതേ ഗവണ്മെന്റ് തുടര്‍ന്നാല്‍ രാജ്യത്തിന് അത് വലിയ ആഘാതം സൃഷ്ടിക്കും. അതുകൊണ്ട് ബിജെപി ഗവണ്മെന്റ് അധികാരത്തില്‍ വന്നുകൂടാ എന്നാണ് കേരളീയര്‍ പൊതുവെ കണ്ടത്. അത് ശരിയുമാണ്. പക്ഷേ ആ ശരിയായ ധാരണയുടെ ഭാഗമായി വേറൊരു ചിന്ത നമ്മുടെ.. ശുദ്ധമനസ്കരാണല്ലോ മലയാളികള്‍.. ആ ശുദ്ധമനസ്സില്‍ കടന്നുവന്നു. ഈ രാജ്യത്ത് ബിജെപിയെ മാറ്റി നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കുമ്പോ അതിന് നേതൃത്വം കൊടുക്കുക കോണ്‍ഗ്രസാണ്. രാഹുല്‍ഗാന്ധി ഇവിടെ മത്സരിക്കാന്‍ വന്നതോടെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാറാണ് അധികാരത്തില്‍ വരാന്‍ പോകുന്നത്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെങ്കില്‍ കേവലഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഒറ്റപ്പാര്‍ട്ടി എന്ന നിലയ്ക്ക് കോണ്‍ഗ്രസിന് സീറ്റുകള്‍ അധികം വേണം.. കൂടുതല്‍ സീറ്റുകള്‍ വേണം… എങ്കില്‍ മാത്രമേ ഏറ്റവും കൂടുതല്‍ അംഗബലമുള്ള കക്ഷിയായ കോണ്‍ഗ്രസിനെ രാഷ്ട്രപതിയ്ക്ക് വിളിക്കാന്‍ കഴിയൂ. അപ്പോ കേരളത്തില്‍നിന്ന് രണ്ടുകൂട്ടരും ജയിച്ചാലും രണ്ടുകൂട്ടരും ബിജെപിയ്ക്ക് എതിരാണ്. പക്ഷേ രാഹുല്‍ഗാന്ധിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെങ്കില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ലഭിക്കേണ്ടതുണ്ട്. അതിന് ഇത്തവണ കോണ്‍ഗ്രസ് ജയിച്ചുപോകട്ടെ. ഇത് ഇടതുപക്ഷചത്തോടോ എല്‍ഡിഎഫിനോടോ എന്തെങ്കിലും പ്രത്യേക വിരോധമുള്ളതുകൊണ്ട് ആളുകള്‍ ചിന്തിച്ച കാര്യമല്ല.”
Fact-check:
പ്രചരിക്കുന്ന വീഡിയോ അപൂര്‍ണമാണെന്നും ദീര്‍ഘമായ പ്രസംഗത്തിന്റെ ചെറിയഭാഗം അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുന്നതുവഴി തെറ്റിദ്ധരിപ്പിക്കുകയാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
മൂന്ന് മിനുറ്റ് മാത്രമാണ് പ്രചരിക്കുന്ന വീഡിയോയുടെ ദൈര്‍ഘ്യം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കത്തിന്റെ സാഹചര്യം വ്യക്തമല്ല. മാതൃഭൂമി ന്യൂസ് 2024 മാര്‍ച്ച് 16ന് പങ്കുവെച്ച വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ദൃശ്യത്തിലെ ലോഗോയും തിയതിയും വ്യക്തമാക്കുന്നു. ഇതനുസരിച്ച് മാതൃഭൂമി ന്യൂസിന്റെ യൂട്യൂബ് ചാനലില്‍ പരിശോധിച്ചതോടെ പ്രസ്തുത വീഡിയോ കണ്ടെത്തി.
'രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വരുമെന്ന് ശുദ്ധമനസ്കരായ മലയാളികള്‍ തെറ്റിദ്ധരിച്ചു' എന്ന തലക്കെട്ടില്‍ പങ്കുവെച്ച വീഡിയോയ്ക്ക് അഞ്ചുമിനുറ്റോളം ദൈര്‍ഘ്യമുണ്ട്. വീഡിയോ പരിശോധിച്ചതോടെ പ്രചരിക്കുന്ന വീഡിയോ ഇതിന്റെ തുടക്കവും അവസാനവും ഒഴിവാക്കി എടുത്ത ഭാഗമാണെന്ന് വ്യക്തമായി. മാതൃഭൂമി ന്യൂസ് പങ്കുവെച്ച വീഡിയോ ആരംഭിക്കുന്നത് ഇപ്രകാരമാണ്:
“കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയേല്‍ക്കാനിടയായ ഏറ്റവും പ്രധാനപ്പെട്ട കാരണം രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് നമ്മുടെ കേരളത്തിലെ ജനങ്ങള്‍ക്കുള്ള ഉത്കണ്ഠ തന്നെയായിരുന്നു. ബിജെപി നരേന്ദ്രരമോദിയുടെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി. ഇനിയൊരു അഞ്ചുവര്‍ഷം കൂടി ഇതേ ഗവണ്മെന്റ് തുടര്‍ന്നാല്‍…..”
അതായത് വീഡിയോയുടെ ആദ്യത്തെ രണ്ട് വാക്യങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റിയാണ് വൈറല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നതെന്ന് വ്യക്തം. മാതൃഭൂമി ന്യൂസ് പങ്കുവെച്ച വീഡിയോയുടെ 00:37 നും 03:57 നും ഇടയ്ക്കുള്ള ഭാഗം മാത്രമാണ് പ്രചരിക്കുന്ന പോസ്റ്റിലുള്ളത്. യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി പറയുന്നത് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനങ്ങളുടെ തീരുമാനത്തെക്കുറിച്ചാണ്.
മാതൃഭൂമിയിലെ പ്രസംഗവും അപൂര്‍ണമായതിനാല്‍ മുഖ്യമന്ത്രി തുടര്‍ന്നു പറയുന്ന കാര്യങ്ങള്‍ പരിശോധിക്കാനായി പൂര്‍ണ വീഡിയോ ശേഖരിക്കാന്‍ ശ്രമിച്ചു. പശ്ചാത്തലത്തില്‍ ആനി രാജയുടെ ചിത്രം ഇത് വയനാട് ലോക്സഭാ മണ്ഡലത്തിന്റെ പ്രചാരണത്തില്‍നിന്നുള്ളതാകാമെന്ന സൂചന നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ CPIM Wayanad എന്ന ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച പ്രസംഗത്തിന്റെ പൂര്‍ണരൂപം കണ്ടെത്തി.
പ്രചരിക്കുന്ന ഭാഗത്തിന് ശേഷം മുഖ്യമന്ത്രി പറയുന്നത് 2019ല്‍ ജനങ്ങള്‍ ദേശീയരാഷ്ട്രീയം പരിഗണിച്ച് തെരഞ്ഞെടുത്ത കോണ്‍ഗ്രസ് എംപിമാര്‍ പൗരത്വനിയമം ഉള്‍പ്പെടെ മാനുഷിക പ്രശ്നങ്ങളില്‍ എന്ത് ഇടപെടല്‍ നടത്തിയെന്ന ചോദ്യമാണ്. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും ബിജെപിയുടെ നേട്ടങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നുണ്ട്.
ഇതിനെ സാധൂകരിക്കുന്ന മാധ്യമറിപ്പോര്‍ട്ടുകളും കാണാം. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വീഡിയോ റിപ്പോര്‍ട്ടില്‍ ഇക്കാര്യമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്തവര്‍ക്ക് കുറ്റബോധമാണെന്ന് മുഖ്യമന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് കൈരളി നല്‍കിയ റിപ്പോര്‍ട്ടും കാണാം.
ഇതോടെ പ്രചരിക്കുന്ന വീഡിയോ അപൂര്‍ണമാണെന്നും യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി 2019ലെ കാര്യമാണ് പരാമര്‍ശിക്കുന്നതെന്നു വ്യക്തമായി.
Conclusion:
മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിയ്ക്കും പരോക്ഷ പിന്തുണ നല്‍കുന്നുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ അപൂര്‍ണവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. യഥാര്‍ത്ഥത്തില്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ പരാജയത്തെക്കുറിച്ചാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ അദ്ദേഹം കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.